19 June Wednesday

‘പിണറായി പെരുമ’ മനസ്സുകളെ ഒരുമിപ്പിക്കുന്നു: മന്ത്രി കെ കെ ശൈലജ

വെബ് ഡെസ്‌ക്‌Updated: Monday May 20, 2019
പിണറായി
2017 മുതൽ പിണറായിയിൽ നടക്കുന്ന ‘പിണറായി പെരുമ’ സർഗോത്സവത്തിന് ഞായറാഴ്ച കൊടിയിറങ്ങി. ആരോഗ്യ മന്ത്രി കെ കെ ശൈലജ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പിണറായി പെരുമ  കേരളമാകെ ചർച്ചചെയ്യുകയാണ്. 
മനുഷ്യമനസ്സുകളുടെ ഒരുമയാണ് ഇതിന്റെ ആത്യന്തിക ലക്ഷ്യം. കേരളം നേരിട്ട മൂന്ന് ദുരന്തങ്ങളെയും അതിജീവിച്ചത് ഒരുമയിലൂടെയാണ്. ആരോഗ്യ സുരക്ഷാരംഗത്ത് ആർദ്രം മിഷൻ പ്രയോജനപ്പെടുത്തി  കേരളം മുന്നേറുന്നു. നമ്മുടെ ഒരുമ ഈ മുദ്രാവാക്യം ഏറ്റുവാങ്ങി വിജയിപ്പിക്കുന്നതിലും പ്രകടിപ്പിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു. സി എൻ ചന്ദ്രൻ അധ്യക്ഷനായി. പത്മശ്രീ ശിവമണി, കെ പി മോഹനൻ, കെ ശശിധരൻ എന്നിവർ സംസാരിച്ചു.
സംഘാടക സമിതി ചെയർമാൻ കക്കോത്ത് രാജൻ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ യു ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു. 
പത്മശ്രീ ശിവമണിക്ക് പിണറായി പെരുമ സംഘാടക സമിതിയുടെ ഉപഹാരമായി ശിവകൃഷ്ണൻ വരച്ച ചിത്രം മന്ത്രി കൈമാറി. 
പെരുമ ഫെസ്റ്റിവൽ ഡയറക്ടർ സൂര്യ കൃഷ്ണ മൂർത്തിക്ക്  ചിത്രകാരനും തലശേരി സ്കൂൾ ഓഫ് ആർട്സ് അധ്യാപകനുമായ എ സത്യനാഥൻ വരച്ച പെയിന്റിങ‌് മന്ത്രി സമ്മാനിച്ചു. പിണറായി ക്ഷീരോൽപാദക സഹകരണ സംഘം മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസഫണ്ടിലേക്ക് നൽകാൻ തങ്ങളുടെ വേതനത്തിൽ നിന്ന് സമാഹരിച്ച എഴുപതിനായിരം രൂപ ചടങ്ങിൽ മന്ത്രിക്ക‌് കൈമാറി. 
പെരുമയുടെ ഭാഗമായി സംഘടിപ്പിച്ച ഫോട്ടോ അടിക്കുറിപ്പ് മത്സരത്തിൽ സമ്മാനാർഹനായ ഹരീഷ് പിണറായിക്ക‌് ഡെപ്യൂട്ടി എക്സൈസ് കമീഷണർ സുരേഷ് കുമാർ ഉപഹാരം കൈമാറി.  
ശിവമണിയും കരുണാമൂർത്തിയും ചേർന്നൊരുക്കിയ ഡ്രംസ് മേള അരങ്ങേറി. വാദ്യോപകരണങ്ങളുയർത്തിയ മാസ്മരിക താളങ്ങളിൽ പ്രേക്ഷക സഹസ്രങ്ങൾ സ്വയംമറന്നാടി. രാത്രി പത്തിന് സുഡാനി ഫ്രം നൈജീരിയ എന്ന ജനപ്രീയ ചലച്ചിത്രം പ്രദർശിപ്പിച്ചു.
പ്രധാന വാർത്തകൾ
 Top