21 August Wednesday

വ്യക്തിഹത്യക്ക്‌ ബാലറ്റിലൂടെ ജനം മറുപടി പറയും: യമുന

സ്വന്തം ലേഖകൻUpdated: Saturday Apr 20, 2019
പാട്യം
അന്ന് ജീവനെടുക്കാൻ കഴിയാത്തവർ വടകര മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി പി ജയരാജനെ വീണ്ടും കൊല്ലാക്കൊല ചെയ്യുകയാണെന്ന് ഭാര്യ ടി പി യമുന. ഞങ്ങളുടെ വീട്ടിൽക്കയറി എന്റെ കൺമുന്നിലിട്ട് വെട്ടിനുറുക്കി കൊല്ലാൻ നോക്കിയ സഖാവിനെയാണ് അക്രമിയെന്നും കൊലയാളിയെന്നും അധിക്ഷേപിക്കുന്നത്. രാഷ്ട്രീയം പറയാനില്ലാത്തവരാണ് ഇങ്ങനെ വ്യക്തിഹത്യനടത്തുന്നതെന്നും വടകരയിലെ രാഷ്ട്രീയപ്രബുദ്ധരായ ജനത ബാലറ്റിലൂടെ ഇതിന് മറുപടിനൽകുമെന്നും യമുന പറഞ്ഞു.
തെരഞ്ഞെടുപ്പിൽ രാഷ്ട്രീയം പറഞ്ഞ് ജയിക്കാനാവാതെ വരുമ്പോഴാണ് അപവാദങ്ങളും അധിക്ഷേപങ്ങളും വരുന്നത്. പി ജയരാജനും കുടുംബമുണ്ടെന്ന് ഇങ്ങനെ അധിക്ഷേപിക്കുന്നവർ ഓർക്കണം. അന്ന് വെട്ടിയരിഞ്ഞതിന്റെ ശാരീരിക അവശത വർഷങ്ങൾക്ക് ശേഷവും വിടാതെ പിന്തുടരുന്നുണ്ട്. എല്ലാവരെയും പോലെ ചോറ്‌വാരിക്കഴിക്കാനാവില്ല. വസ്ത്രംധരിക്കാൻ, കുളിക്കാൻ, വെള്ളംകുടിക്കാൻ എല്ലാറ്റിനും പ്രയാസമുണ്ട്. മുറിവും ചതവുമേറ്റ ശരീരത്തിന്റെ വേദനയെ മറികടക്കാൻ മുടങ്ങാതെയുള്ള ഫിസിയോതെറാപ്പിയാണ് ആശ്വാസം. 
ഒരുമനുഷ്യനോട് ചെയ്യാവുന്നതിന്റെ പരമാവധി ചെയ്തില്ലേ. ഇനിയും നിങ്ങൾക്ക് നിർത്താനായില്ലേയെന്ന് യമുന ചോദിക്കുന്നു. ആർഎസ്എസ്സാണ് അന്ന് വെട്ടിനുറുക്കിയതെങ്കിൽ ഇപ്പോൾ കോൺഗ്രസടക്കം വലതുപക്ഷശക്തികൾ ഒന്നിച്ച് വേട്ടയാടുകയാണ്. ഇതുപോലൊരു തെരഞ്ഞെടുപ്പ് കാലത്ത്, 1999 ആഗസ്ത് 25ലെ തിരുവോണത്തിന് എന്റെ കൺമുന്നിലാണ് ആ ശരീരം അർധപ്രാണനായി ചോരയിൽ കുളിച്ചുവീണത്. സഖാക്കൾ ഓടിയെത്തി ആശുപത്രിയിലെത്തിച്ചത് കൊണ്ട് മാത്രം രക്ഷപ്പെട്ടു. മരിച്ചെന്നുകരുതി ഓംകാളി മുഴക്കി മടങ്ങിയ ആർഎസ്എസ്സുകാർക്ക് ഇതിൽ നിരാശകാണും.  
മനക്കരുത്തിൽ തുന്നിച്ചേർത്ത ജീവനെയാണ് നിങ്ങൾ കുത്തിമുറിവേൽപിക്കുന്നത്. ആർഎസ്എസ്സിന്റെ അതേഭാഷയിലാണിപ്പോൾ കോൺഗ്രസുകാരും മുസ്ലിംലീഗുകാരും  ആക്ഷേപിക്കുന്നത്. കേസിൽ പ്രതിയായത് കൊണ്ട്മാത്രം ആരും അക്രമിയാവുന്നില്ല.  കോഴിക്കോട് ഡിഐജി ഓഫീസ് മാർച്ചിൽ പൊലീസിനെ വധിക്കാൻ ശ്രമിച്ചെന്നാരോപിച്ച് ടി പി ചന്ദ്രശേഖരനൊപ്പം പി ജയരാജനെയും ജയിലിലടച്ചതാണ്.  കേസിൽ പ്രതിയായെന്നത് കൊണ്ട് ചന്ദ്രശേഖരൻ കൊലയാളിയാണെന്ന് കെ കെ രമ പറയുമോ? 
 ശാരീരിക വിഷമതയുണ്ടെങ്കിലും ജയരാജേട്ടന്റെ ദിനചര്യക്ക് ഇന്നും ഒരുമാറ്റവുമില്ല. എത്ര വൈകി കിടന്നാലും പുലർച്ചെ അഞ്ചിന് എഴുന്നേൽക്കും. രാവിലെ കട്ടൻചായ നിർബന്ധം. പത്രങ്ങൾ വായിച്ച്, നടന്നുതുടങ്ങുമ്പോഴേക്കും പലകാര്യങ്ങൾക്കായി ആളുകൾ എത്തും. പിന്നെ അവർക്കൊപ്പമാവും. അവരുടെയെല്ലാം പ്രശ്‌നങ്ങൾ കേട്ട്, പരിഹാരം നിർദേശിച്ചാവും ഓരോ ദിവസവും തുടങ്ങുന്നത്. ശാരീരിക വിഷമതകൾ പൊതുപ്രവർത്തനത്തിന് തടസ്സമാകാറില്ലെന്നും ടി പി യമുന പറഞ്ഞു.
പ്രധാന വാർത്തകൾ
 Top