29 February Saturday

ബിജെപിയിൽ അങ്കം മുറുകുന്നു

സ്വന്തം ലേഖകൻUpdated: Monday Jan 20, 2020
കണ്ണൂർ
ജില്ലാ പ്രസിഡന്റിനെ ചൊല്ലി ബിജെപിയിൽ രൂപംകൊണ്ട ഗ്രൂപ്പ്‌ പോര്‌ ശക്തം. ആർഎസ്‌എസ്‌ നേരിട്ട്‌ ഇടപെട്ടിട്ടും തർക്കം തീർക്കാനായില്ല. ആരോപണവിധേയനായ മുൻ ജില്ലാ പ്രസിഡന്റ്‌ കെ രഞ്ജിത്തിനെ കെട്ടിയിറക്കുന്നതിൽ  ബിജെപിയിലെ വി മുരളീധരപക്ഷം പ്രകടിപ്പിച്ച കടുത്ത എതിർപ്പാണ്‌ തീരുമാനമെടുക്കുന്നതിന്‌ തടസം. നിലവിലുള്ള ജനറൽ സെക്രട്ടറിമാരായ കെ കെ വിനോദ്‌കുമാർ, അഡ്വ. വി രത്‌നാകരൻ എന്നിവരിലൊരാളെ പ്രസിഡന്റാക്കണമെന്ന നിർദേശമാണ്‌ ബിജെപിക്കുള്ളിൽ. എൻ ഹരിദാസിനു വേണ്ടിയും ചരടുവലിയുണ്ടായി.  ആർഎസ്‌എസ്സിന്‌ ഇവരൊന്നും സ്വീകാര്യരല്ല. അങ്കംമുറുകുന്നതിനിടെ സി സദാനന്ദനെ പ്രസിഡന്റാക്കുന്നതിനെക്കുറിച്ചാണ്‌ ആർഎസ്‌എസ്സിലെ ആലോചന.
ആർഎസ്‌എസ്‌ ജില്ലാ നേതൃത്വത്തിലെ പ്രബലവിഭാഗത്തിന്റെ പിന്തുണ കെ രഞ്ജിത്തിനുണ്ട്‌. മഹിളാമോർച്ച നേതാവിന്റെ കുടുംബം കലക്കിയെന്ന ഗുരുതര ആരോപണം ഉയർന്നപ്പോഴും രക്ഷിച്ചത്‌ ആർഎസ്‌എസ്‌ നേതൃത്വമായിരുന്നു. സ്ഥാനമൊഴിയുന്ന പി സത്യപ്രകാശിനെ സമവായമെന്ന നിലയിൽ വീണ്ടും അവരോധിക്കാനുള്ള നീക്കവും പൊളിഞ്ഞു.ദേശീയനേതാക്കൾ പങ്കെടുത്ത ബിജെപി ജില്ലാ നേതൃയോഗത്തിൽ എൻ ഹരിദാസ്‌, കെ കെ വിനോദ്‌കുമാർ, അഡ്വ വി രത്‌നാകരൻ എന്നിവരുടെ പേര്‌ ഉയർന്നിട്ടും അതെല്ലാം തള്ളിയാണ്‌ രഞ്ജിത്തിനെ കെട്ടിയിറക്കാൻ നോക്കിയതെന്ന്‌ ഒരു പ്രമുഖ നേതാവ്‌ പറഞ്ഞു. കണ്ണൂർ ബിജെപിയുടെ ചരിത്രത്തിൽ പ്രസിഡന്റ്‌ സ്ഥാനത്തിനായി ഇത്ര വലിയ പോരുണ്ടായിട്ടില്ല. കേന്ദ്രഭരണകക്ഷിയെന്ന നിലയിൽ ജില്ലയിലെത്താനിടയുള്ള വിഭവത്തിലാണ്‌ പലരുടെയും കണ്ണ്‌.  സ്വന്തം ജില്ലയായ കണ്ണൂരിൽ വേണ്ടപ്പെട്ടയാളെ പ്രസിഡന്റാക്കണമെന്ന താൽപ്പര്യം പി കെ കൃഷ്‌ണദാസിനും വി മുരളീധരനുമുണ്ട്‌. സ്വന്തം ഗ്രൂപ്പിന്‌ ജില്ലാ പ്രസിഡന്റ്‌ പദവി ഉറപ്പിക്കുന്നതിലൂടെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തും പിടിമുറുക്കാമെന്ന കണക്കുകൂട്ടലും നേതാക്കൾക്കുണ്ട്‌. 
ബിജെപിയിലെ തുറന്ന പോരിൽ ആർഎസ്‌എസ്സിലെ ഒരു വിഭാഗം അതൃപ്‌തരാണ്‌. കെ രഞ്ജിത്തിനെ കെട്ടിയിറക്കാൻ  ശ്രമിച്ചതാണ് അടിമൂർഛിപ്പിച്ചതെന്ന്‌ കരുതുന്നവരും സംഘകാര്യകർത്താക്കൾക്കിടയിലുണ്ട്‌. സംസ്ഥാനതലത്തിൽ തന്നെ തർക്കവും ഗ്രൂപ്പ്‌ പോരും രൂക്ഷമായ സാഹചര്യത്തിൽ കണ്ണൂരിലെ പ്രസിഡന്റിന്റെ കാര്യത്തിലും അനിശ്‌ചിതത്വം തുടരുകയാണ്‌.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top