17 February Sunday

കലയുടെ കൈത്താങ്ങായി നവകേരളം മെഗാഷോയ‌്ക്ക‌് തുടക്കം

വെബ് ഡെസ്‌ക്‌Updated: Sunday Jan 20, 2019

‘നവകേരളം ചിരികേരളം’ കലാസാംസ്കാരിക കൂട്ടായ്മയുടെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂരിൽ മന്ത്രി എ കെ ബാലൻ നിർവഹിക്കുന്നു

കണ്ണൂർ

പ്രളയാനന്തര കേരളത്തിൽ മാനുഷിക മൂല്യങ്ങൾ സംരക്ഷിക്കേണ്ടതിന്റെ അനിവാര്യത ഓർമപ്പെടുത്തി  ‘നവകേരളം ചിരികേരളം’ കലാസാംസ്കാരിക കൂട്ടായ്മക്ക‌് തുടക്കം. ഹാസ്യ–- ഗാന–-നൃത്ത–- ചലച്ചിത്രരംഗങ്ങളിലെ ശ്രദ്ധേയരാണ‌് സർക്കാരിന്റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവൻ, സല്യൂട്ട് മലയാളത്തിന്റെ സഹകരണത്തോടെ ഒരുക്കിയ മെഗാഷോയിൽ അണിനിരന്നത‌്. കവി പ്രഭാവർമ്മ രചിച്ച ശീർഷക ഗാനത്തിന്റെ ദൃശ്യങ്ങളോടെയാണ് ഒരു ദുരിതാശ്വാസ ക്യാമ്പ് പശ്ചാത്തലമാക്കിയുള്ള  അവതരണം തുടങ്ങുന്നത്. കലാസംഘങ്ങൾക്ക് പ്രളയാനന്തരം വേദികൾ കുറഞ്ഞ സാഹചര്യത്തിലാണ് ഭാരത് ഭവൻ ജനകീയ മെഗാ ഷോ എന്ന ആശയവുമായി മുന്നോട്ടുവന്നത്. നൂറോളം വേദികളിൽ പരിപാടി അവതരിപ്പിക്കും. 
ഓരോ വേദിയിൽനിന്ന‌് ചുരുങ്ങിയത് ഒരു ലക്ഷം രൂപ മെഗാഷോയ്ക്ക് മുന്നോടിയായുള്ള സാംസ്കാരിക കൂട്ടായ്മയിൽവച്ച‌് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും.  സാധു കല്യാണമണ്ഡപത്തിൽ മന്ത്രി എ കെ ബാലൻ നവകേരളം ചിരികേരളത്തിന്റെ പ്രഥമ പ്രദർശന ഉദ്ഘാടനംചെയ‌്തു. മൺമറഞ്ഞ  കലാകാരന്മാർക്ക‌്  സ്മാരകങ്ങൾ പണിയുമെന്ന‌് അദ്ദേഹം പറഞ്ഞു. നവോത്ഥാന പ്രസ്ഥാനങ്ങൾക്ക‌് നേതൃത്വം നൽകിയവരുടെ നാമധേയത്തിൽ  40 കോടി രൂപ ചെലവിൽ വിവിധ ജില്ലകളിൽ കോംപ്ലക‌്സുകൾ നിർമിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.
 മന്ത്രി  രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനായി. മന്ത്രി ഇ പി ജയരാജൻ, പി കെ ശ്രീമതി  എംപി, ജില്ലാ പഞ്ചായത്ത‌് പ്രസിഡന്റ‌് കെ വി സുമേഷ‌്,  ഭാരത‌്ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, നടൻ ലാൽ, സംഗീത സംവിധായകൻ ജാസി ഗിഫ്റ്റ് എന്നിവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു. തുടർന്ന‌് അമ്പതോളംപേർ അണിനിരന്ന  മെഗാഷോയും നടന്നു.
പ്രധാന വാർത്തകൾ
 Top