08 December Sunday

മാട്ടറ സ്‌കൂളിനോട്‌ അവർ പറഞ്ഞു ഞങ്ങളുണ്ട്‌ കൂടെ

സ്വന്തം ലേഖകൻUpdated: Tuesday Nov 19, 2019

ഇരിട്ടി

കൂത്തുപറമ്പ് രക്തസാക്ഷിത്വത്തിന്റെ  രജതജൂബിലി വർഷത്തിൽ  പൊതുവിദ്യാലയം ഏറ്റെടുത്ത‌് വികസിപ്പിക്കാനുള്ള ദൗത്യമേറ്റെടുത്ത‌് ഡിവൈഎഫ്ഐ മാട്ടറ യൂണിറ്റ്.  മാട്ടറ ഗവ. എൽപി സ്‌കൂളിലെ ക്ലാസ‌് മുറികളിലേക്കാവശ്യമായ ഫാനുകൾ,  കുടിവെള്ള കിയോസ‌്കുകൾ, വിവിധ പ്രായത്തിലുള്ള വിദ്യാർഥികൾക്കാവശ്യമായ  സൈക്കിൾ, ക്ലാസ‌് മുറികൾക്ക‌് വാതിലുകൾ,  കുട്ടികൾക്ക‌് കളിപ്പാട്ടങ്ങൾ,  ബൾബുകൾ,  സൗണ്ട്‌ സിസ്‌റ്റം തുടങ്ങി ഒരുലക്ഷത്തിലധികം രൂപ  വിലയുള്ള സാധനങ്ങൾ സ‌്കൂളിന്‌ കൈമാറി.   യൂണിറ്റിന്റെ  ഭഗത്‌സിങ്‌  സ്റ്റഡി സെന്റർ  ഉദ്ഘാടനത്തിന്‌ മുന്നോടിയായാണ‌് ഉപകരണ വിതരണം നടത്തിയത‌്. എല്ലാ ക്ലാസുകളിലും പത്രങ്ങളും ബാലപ്രസിദ്ധീകരണങ്ങളും എത്തിക്കുമെന്നും ചോർന്നൊലിക്കുന്ന അടുക്കള പൊളിച്ചുമാറ്റി പുതിയത‌് നിർമിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.  ഭക്ഷണശാലയും നിർമിച്ചുനൽകും. യൂണിറ്റിലെ 464 വീടുകളിലും നേരത്തെ ജൈവ പച്ചക്കറി തൈ എത്തിച്ച‌് മാട്ടറയെ ജൈവ പച്ചക്കറി ഗ്രാമമാക്കാനുള്ള പദ്ധതിയും യൂണിറ്റ്‌ ആരംഭിച്ചിട്ടുണ്ട്‌.  മാട്ടറ ഗവ. എൽപി സ്കൂൾ ഏറ്റെടുക്കൽ  പദ്ധതി സംസ്ഥാന ജോ. സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനം ചെയ്തു.  ബ്ലോക്ക് സെക്രട്ടറി കെ ജി ദിലീപ‌് അധ്യക്ഷനായി.  അനീഷ് ഉളിക്കൽ,  എം പ്രണവ്,  അനൂപ് തങ്കച്ചൻ, ഡെലിൻ മാത്യു, തോമസ് പുന്നക്കുഴി, സരുൺ തോമസ് , സാബു കിഴക്കേതയ്യിൽ,  കെ കെ രാജേഷ്   എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ വി ഇ  കുഞ്ഞനന്തൻ  സ്വാഗതവും ജോളി മാത്യു നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top