28 November Sunday

തയ്യാറാണ്‌ തിയേറ്ററുകൾ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 19, 2021

തിയേറ്ററുകൾ തുറക്കാൻ അനുമതി ലഭിച്ചതോടെ കണ്ണൂരിലെ കവിതാ തിയേറ്റർ വൃത്തിയാക്കുന്ന ജീവനക്കാർ

കണ്ണൂർ
നീണ്ട ഇടവേളക്ക്‌ ശേഷം തിയേറ്ററുകളിലേക്ക്‌ ആളനക്കം തിരികയെത്തുന്നു. ആരാധകർ ഇഷ്ടതാരങ്ങളുടെ  സിനിമ കാണാനുള്ള അക്ഷമയോടെയുള്ള കാത്തിരിപ്പിലാണ്‌. തിയേറ്റർ ഉടമകൾ കോവിഡ്‌ കാലത്തെ  നഷ്ടം നികത്താനാകുമോയെന്നാണ്‌ പ്രതീക്ഷാപൂർവം ഉറ്റുനോക്കുന്നത്‌.  ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ്‌ ചെയ്യുന്ന ചിത്രങ്ങൾ മൊബൈലിലും ടിവിയിലുമാണ്‌ കോവിഡ്‌ കാലത്ത്‌ എല്ലാവരും കണ്ടത്‌. നീണ്ട ഇടവേളക്കുശേഷം ബിഗ്‌ സ്‌ക്രീനിൽ താരപ്പകിട്ട്‌ കാണാനുള്ള  അവസരമാണ്‌ തിരികെയെത്തുന്നത്‌. 
കോവിഡ്‌ രണ്ടാം വ്യാപനത്തോടെ വീണ്ടും അടച്ചുപൂട്ടിയ തിയേറ്ററുകൾ തുറക്കുമ്പോൾ ഉടമകൾക്ക്‌ കടുത്ത ആശങ്കയുമുണ്ട്‌. കേടുപാടുകൾ തീർത്ത്‌ തിയേറ്ററുകൾ തുറക്കാൻ ഏറെ പണം ചെലവഴിക്കേണ്ടി വരുമെന്നതാണ്‌ പ്രധാനം. സീറ്റുകൾ നന്നാക്കാനും യന്ത്രങ്ങളും ലൈറ്റുകളുമെല്ലാം വീണ്ടും പ്രവർത്തനക്ഷമമാക്കാനും വൻ തുക ചെലവുവരും. ആവശ്യങ്ങൾ അംഗീകരിച്ചാൽ മാത്രമേ തിയേറ്റർ തുറക്കേണ്ടതുള്ളൂ എന്ന തീരുമാനത്തിലാണ്‌ ഉടമകൾ. 22ന്‌  മന്ത്രിയുടെ സാന്നിധ്യത്തിൽ തിരുവനന്തപുരത്താണ്‌ യോഗം ചേരുകയെന്ന്‌ കേരള ഫിലിം എക്‌സിബിറ്റേഴ്‌സ്‌ ഫെഡറേഷൻ ഉപദേശകസമിതി അംഗം ലിബർട്ടി ബഷീർ പറഞ്ഞു. 
വൈദ്യുതി ഫിക്‌സഡ്‌ ചാർജ്‌ അമ്പത്‌ ശതമാനമായി കുറയ്‌ക്കുക, ജിഎസ്‌ടിക്ക്‌ പുറമെയുള്ള വിനോദനികുതിയിൽ തദ്ദേശ സ്ഥാപനങ്ങൾ ഇളവ്‌ നൽകുക, പത്ത്‌ലക്ഷം രൂപവരെ ബാങ്കുകളിൽനിന്നും പലിശരഹിത വായ്‌പ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്‌ നിവേദനം നൽകിയിരുന്നു. രണ്ട്‌ ഡോസ്‌ വാക്‌സിനെടുത്ത ജീവനക്കാരെ ഉൾപ്പെടുത്തിയാണ്‌ തിയേറ്റർ പ്രവർത്തിപ്പിക്കുക. തമിഴ്‌, മലയാള സിനിമകൾ റിലീസാകുന്ന 29ന്‌ തിയേറ്ററുകൾ തുറക്കാനാകുമെന്ന പ്രതീക്ഷയിലാണ്‌ തിയേറ്റർ ഉടമകൾ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top