30 October Friday

പൊളിക്കുന്നതിനിടെ കെട്ടിടംവീണ്‌ 4പേർക്ക്‌ പരിക്ക്‌

സ്വന്തം ലേഖകൻUpdated: Monday Oct 19, 2020

മലപ്പട്ടം മേപ്പറമ്പിൽ കെട്ടിടം വീണ സ്ഥലത്ത് ജെസിബി ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്തുന്നു

ശ്രീകണ്‌ഠപുരം 
 പൊളിച്ചുനീക്കുന്നതിനിടെ കെട്ടിടം വീണ് നാലുപേർക്ക്‌ പരിക്കേറ്റു. മലപ്പട്ടം –-കണിയാർവയൽ റോഡിൽ മേപ്പറമ്പ് എ കുഞ്ഞിക്കണ്ണൻ സ്മാരക ഗവ. ഹയർ സെക്കൻഡി സ്കൂളിന്‌ സമീപം ഞായറാഴ്‌ച വൈകിട്ട്‌ അഞ്ചരയോടെയാണ്‌ അപകടം. മലപ്പട്ടം ഭഗത്‌സിങ്  വായനശാലക്ക്‌ സമീപത്തെ കുന്നുമ്മൽവീട്ടിൽ ഹരിദാസന്റെയും ശുഭയുടെയും മകൻ ബിബിൻദാസ് (18), വയലിലെപുരയിൽ ഗീതയുടെയും കരുണന്റെയും മകൻ ടി വി അഖിൽ (25), വണ്ണാൻകണ്ടി വീട്ടിൽ കൃഷ്ണന്റെയും ശ്യാമളയുടെയും മകൻ അഖിലേഷ് (20), പഴയവീട്ടിൽ മോഹനന്റെയും ഷീജയുടെയും മകൻ ഷാലു മോഹൻ(23) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂർ എ കെ ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
    മേപ്പറമ്പിലെ സ്വകാര്യവ്യക്തിയുടെ കടമുറി പൊളിച്ചുനീക്കുന്നതിനിടെയാണ്‌ അപകടം. കടയുടമയുടെ മക്കളും സുഹൃത്തുക്കളുമടങ്ങിയ ഒമ്പതുപേരാണ്  ജോലിയിൽ ഏർപ്പെട്ടത്. കെട്ടിടത്തിന്റെ പിറകുവശം കോൺക്രീറ്റ് കട്ടർ ഉപയോഗിച്ച് പൊളിച്ചുനീക്കുന്നതിനിടെ മുൻവശത്തെ വാർപ്പടക്കമുള്ള ഭാഗം നിലംപൊത്തുകയായിരുന്നു. കെട്ടിടത്തിനുമുകളിൽ ഉണ്ടായിരുന്നവർ തെറിച്ച് റോഡിലേക്കുവീണു. ഉൾവശത്തുണ്ടായിരുന്ന മൂന്നുപേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി. ഓടിയെത്തിയ നാട്ടുകാരും ജെസിബി തൊഴിലാളികളുമാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. 
   സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ടി കെ ഗോവിന്ദൻ, ലോക്കൽ സെക്രട്ടറി മലപ്പട്ടം പ്രഭാകരൻ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പുഷ്പജൻ എന്നിവർ സ്ഥലം സന്ദർശിച്ചു. 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top