ചിറക്കൽ
ചെറുശേരിക്ക് ഉചിതമായ സ്മാരകം ചിറക്കൽ കിഴക്കേക്കര മതിലകം ക്ഷേത്രം ഭാഗത്ത് നിർമിക്കാൻ ധാരണയായി. വൃന്ദാവനം ഉൾപ്പെടെ നിർമിക്കാൻ പ്രൊപ്പോസൽ സമർപ്പിക്കാൻ കെ വി സുമേഷ് എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.
ചിറക്കലിൽ തന്നെ സ്മാരകം നിർമിക്കണമെന്നാവശ്യപ്പെട്ട് കെ വി സുമേഷ് എംഎൽഎ കത്ത് നൽകിയതിനെ തുടർന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു. കലക്ടറും എംഎൽഎയും ഉൾപ്പെടെയുള്ളവർ കൂടിയാലോചന നടത്തി സ്ഥലം കണ്ടെത്തുന്നത് സംബന്ധിച്ച് ധാരണയിലെത്താനാണ് മന്ത്രിതല യോഗം നിർദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ കെ വി സുമേഷ് എംഎൽഎ, കലക്ടർ എസ് ചന്ദ്രശേഖർ എന്നിവർ സ്ഥലം സന്ദർശിച്ചു.
പരിശോധനയുടെയും അടിസ്ഥാനത്തിൽ ചിറക്കൽ കിഴക്കേക്കര മതിലകക്ഷേത്രത്തിന് ചേർന്നുള്ള സ്ഥലത്ത് സ്മാരകം പണിയാനുള്ള നിർദേശം സാംസ്കാരിക വകുപ്പിനെ അറിയിക്കാനും മറ്റ് നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചു. യോഗത്തിൽ എഡിഎം കെ കെ ദിവാകരൻ, തഹസിൽദാർ സുരേഷ് ചന്ദ്രബോസ്, ഫോക് ലോർ അക്കാദമി സെക്രട്ടറി അജയകുമാർ, ചിറക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി ശ്രുതി എന്നിവർ പങ്കെടുത്തു. ചെറുശേരിക്ക് ഉചിതമായ സ്മാരകം കണ്ണൂരിൽ നിർമിക്കാൻ സംസ്ഥാന സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. ബജറ്റിൽ രണ്ട് കോടി രൂപയും വകയിരുത്തി. കുട്ടികൾക്കുള്ള പാർക്ക്, ലൈബ്രറി, ഗവേഷണ കേന്ദ്രം എന്നിവ സ്മാരകത്തിൽ ഒരുക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..