കുറ്റ്യാട്ടൂർ
സീസണിൽ അഴകും നിറവും ഗുണവുമുള്ള, കുറ്റ്യാട്ടൂർ മാങ്ങകൾ നിറയെ വിളയുമെങ്കിലും മാവിന്റെ ഉയരക്കൂടുതലിനാൽ ഇവ ശേഖരിക്കാൻ വലിയ ബുദ്ധിമുട്ട് നേരിടുകയാണ് മാവ് കർഷകർ. രുചിയും ഗുണവുംകൊണ്ട് വേറിട്ടുനിൽക്കുന്ന മാങ്ങ ശേഖരിക്കാനുള്ള പ്രയാസംകൊണ്ട് വർഷാ വർഷം പതിനായിരക്കണക്കിന് മാങ്ങകൾ പാഴാവുന്നു. ഇതിന് പരിഹാരം തേടുകയാണ് കുറ്റ്യാട്ടൂർ മാങ്കോ പ്രൊഡ്യൂസർ കമ്പനി.
ഇതിനായി മാവുകളെ പുനക്രമീകരിക്കുന്ന പദ്ധതിക്കാണ് രൂപം നൽകിയത്. മാങ്ങാ കർഷകരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഉയരംകൂടിയ മാവുകളെ പ്രത്യേകത അനുസരിച്ച് മൂന്നോ നാലോ മീറ്റർ ഉയരത്തിൽ വച്ച് ശാസ്ത്രീയ രീതിയിൽ മുറിക്കും. ഈ മുറിപ്പാടിൽ സസ്യ സംരക്ഷണ ഉപാധികൾ തേച്ചുപിടിപ്പിക്കും. രണ്ട് മാസംകൊണ്ട് മുറിച്ച സ്ഥലത്ത് പുതിയ കമ്പുകൾ ഉണ്ടാവും. ഇത് ഉയരം കൂടാതെ വളർന്നു പന്തലിക്കും. ഇങ്ങനെ വളരുന്ന മാവുകളിൽനിന്ന് മൂന്ന് വർഷംകൊണ്ടുതന്നെ വിളവെടുക്കാനാകും. ഇതിലൂടെ മാവിലെ ഇത്തിൾകണ്ണികളും മറ്റും നശിക്കും. ഇത് മാവിന്റെ വളർച്ചക്കും വിളവിനും ഗുണം ചെയ്യും.
കൊമ്പ് മുറിച്ച് മാറ്റുന്ന കർഷകർക്ക് മാവ് ഒന്നിന് അഞ്ഞൂറ് രൂപ മുറിക്കൂലിയായി കുറ്റ്യാട്ടൂർ മാങ്കോ പ്രൊഡ്യൂസർ കമ്പനി നൽകും. പദ്ധതി പോന്താറമ്പ്, കുറ്റ്യാട്ടൂർ, കൊളച്ചേരി, പാവന്നൂർ തുടങ്ങിയ ഭാഗങ്ങളിൽ ആരംഭിച്ചു. ഇതിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്ന കർഷകർ മാങ്കോ പ്രൊഡ്യുസർ കമ്പനിയുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. ചെറിയ ഉയരത്തിൽ വളരുന്ന കുറ്റ്യാട്ടൂർ മാവിന്റെ ഗ്രാഫ്റ്റ് തൈകൾ ഉൽപ്പാദിപ്പിച്ച് വിപണിയിലിറക്കിയിട്ടുമുണ്ട്. കൂടാതെ ചെറുമാന്തോപ്പുകളുടെ വ്യാപനവും പദ്ധതിയുടെ തുടർച്ചയായി നടത്തും. ഭൗമ സൂചികാ പദവി ലഭിച്ച കുറ്റ്യാട്ടൂർ മാങ്ങ സംരക്ഷിക്കാൻ നിരവധി പ്രവർത്തനങ്ങളാണ് മാങ്കോ പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്നത്. മൂല്യവർധിത ഉൽപ്പന്നങ്ങളുടെ വിൽപ്പനയ്ക്കായി ചട്ടുകപ്പാറയിൽ പുതിയ ഷോപ്പും ആരംഭിച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..