15 December Sunday

ജില്ലാ ആശുപത്രി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ഒരുവർഷത്തിനകം

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2019

കണ്ണൂർ

കല്ല്യാട് തട്ടിലെ അന്താരാഷ്ട്ര ആയുർവേദ ഗവേഷണകേന്ദ്രത്തിന്റെ  ആശുപത്രി കെട്ടിടം ഉൾപ്പെടുന്ന ഒന്നാംഘട്ട പ്രവൃത്തി സെപ്തംബറിൽ ആരംഭിക്കും. കിഫ്ബിയിൽ ഉൾപ്പെടുത്തിയാണ് കേന്ദ്രം സ്ഥാപിക്കുന്നത്. 2020 സെപ്തംബറോടെ ഒന്നാംഘട്ട പ്രവർത്തനം പൂർത്തീകരിക്കും. ജില്ലയിലെ പ്രധാന വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിന‌് കലക്ടർ ടി വി സുഭാഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഗവേഷണ കേന്ദ്രത്തിനായി ഏറ്റെടുക്കുന്ന 311 ഏക്കർ ഭൂമിയിൽ ഒന്നാം ഘട്ടത്തിനാവശ്യമായ 36 ഏക്കർ ലഭ്യമാക്കി. ബാക്കി ഭൂമി ഏറ്റെടുക്കുന്ന നടപടി പുരോഗമിക്കുന്നു. 2021 മാർച്ചോടെ എല്ലാ പ്രവൃത്തികളും പൂർത്തിയാക്കി ഗവേഷണ കേന്ദ്രം കമീഷൻ ചെയ്യാനാകുമെന്ന്  പ്രവൃത്തി ഏറ്റെടുത്ത കിറ്റ്‌കോ പ്രതിനിധി അറിയിച്ചു. 
300 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിന് 70 കോടിയാണ് നീക്കിവച്ചത്. അത്യാധുനിക സൗകര്യങ്ങളുള്ള റിസർച്ച് സെന്ററും 100 കിടക്കകളുമുള്ള ആശുപത്രിയും ഒന്നാം ഘട്ടത്തിൽ നിർമിക്കും.  താളിയോലകളും കൈയെഴുത്ത‌് പ്രതികളും സംരക്ഷിക്കുകയും ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിക്കുന്നതിനുള്ള മാനുസ്‌ക്രിപ്റ്റ് ലൈബ്രറി, ഹെർബൽ നേഴ്‌സറി  തുടങ്ങിയവ ഒന്നാംഘട്ടത്തിൽ പൂർത്തിയാക്കും. 
അന്താരാഷ്ട്ര ആയുർവേദ മ്യൂസിയം, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, തുടങ്ങിയവ രണ്ടാംഘട്ടത്തിൽ സ്ഥാപിക്കും. ജില്ലാ ആശുപത്രി സൂപ്പർ സ്‌പെഷ്യാലിറ്റി നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി തയ്യാറാക്കിയ മാസ്റ്റർപ്ലാൻ പ്രകാരമുള്ള ഒന്നാംഘട്ട പ്രവൃത്തി 16 മാസം കൊണ്ട് പൂർത്തീകരിക്കും. 6340 ചതുരശ്ര മീറ്ററിൽ അഞ്ച് നിലകളിലായി നിർമിക്കുന്ന സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ഉൾപ്പെട്ടതാണ് ഒന്നാംഘട്ടം. അഡ്മിനിസ്‌ട്രേറ്റീവ് ആൻഡ‌് സർജിക്കൽ ബ്ലോക്കിന്റെ നവീകരണവും ഒന്നാം ഘട്ടത്തിൽ പൂർത്തിയാക്കും. 
വേങ്ങാട് 60 കോടി രൂപ ചെലവിൽ സ്ഥാപിക്കുന്ന ഗ്ലോബൽ ഡെയ‌്റി വില്ലേജിനാവശ്യമായ ഭൂമി ഏറ്റെടുക്കൽ പ്രവൃത്തികൾ വേഗത്തിലാക്കാനും യോഗം തീരുമാനിച്ചു. പടുവിലായി വില്ലേജിലെ 10 ഏക്കർ സ്ഥലമാണ് ഇതിനായി കണ്ടെത്തിയത്.
കേരള റോഡ് ഫണ്ട് ബോർഡ് നടപ്പാക്കുന്ന കണ്ണൂർ സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതിയുടെ പുരോഗതിയും യോഗം വിലയിരുത്തി. 
കലക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി മേജർ ദിനേശ് ഭാസ്‌കർ, അസിസ്റ്റന്റ് കലക്ടർ ഡോ. ഹാരിസ് റഷീദ്, ഡെപ്യൂട്ടി കലക്ടർ (എൽഎ) എസ് എൽ സജികുമാർ, ദേശീയ ആയുഷ് മിഷൻ ഡിപിഎം കെ സി അജിത‌് കുമാർ തുടങ്ങിയവർ സംബന്ധിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top