22 August Thursday

വീട്ടിലും കോളേജിലും ഭീഷണി; കുടുംബം ഭീതിയില്‍

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2019

തലശേരി

വധഭീഷണിയെ തുടർന്ന് കുടുംബം ഭീതിയിലാണെന്ന് ബ്രണ്ണൻ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. കെ ഫൽഗുനൻ. ബ്രണ്ണൻ കോളേജ് വിദ്യാർഥിയായ മകൾ കോളേജിൽ പോകാൻ ഭയക്കുന്നു. പോളിടെക്‌നിക്കിൽ പഠിക്കുന്ന മകൻ കണ്ണൂരിൽ പോയെങ്കിലും വേഗം തിരിച്ചുവന്നു. കോളേജിൽ സംഘർഷമുണ്ടാകരുതെന്ന് കരുതിയാണ് കൊടിമരം പൊലീസിന് കൈമാറിയത്.  വിദ്യാർഥികളെ രക്ഷിക്കാനാണ് അത് ചെയ്തത്. 
പുതിയ കൊടിമരം സ്ഥാപിക്കുന്നതിന് അനുവാദം നൽകാൻ നിയമപരമായി തനിക്ക് സാധിക്കില്ല. ഹൈക്കോടതി വിധി ലംഘിക്കാനാവില്ല. അക്കാര്യമാണ് വിദ്യാർഥികളെ ധരിപ്പിച്ചത്. ബലിദാനദിനത്തിത്തോടനുബന്ധിച്ചുള്ള അനുസ്മരണത്തിന് അരമണിക്കൂർ അനുമതിവാങ്ങിയശേഷം അവർ വാക്ക്‌തെറ്റിച്ചു. മുക്കാൽ മണിക്കൂർ കഴിഞ്ഞിട്ടും കൊടിമരം മാറ്റിയില്ല. പൊലീസിനെ ക്യാമ്പസിൽ കയറ്റി കൊടിമരം നീക്കേണ്ടെന്ന് കരുതിയാണ് താൻ അതെടുത്ത് പൊലീസിന് കൈമാറിയത്. 
പലഭാഗത്തുനിന്നും വിളിച്ച് പിന്നെ ഭീഷണിയാണ്. പ്രിൻസിപ്പലിന്റെ ക്യാബിനിൽ കയറി നേരിട്ടും വധഭീഷണി  മുഴക്കി. പൊലീസ്  സുരക്ഷയിലാണ് വീട്ടിലേക്ക് പോകുന്നത്.  താമസിക്കുന്ന ധർമടം വെള്ളൊഴുക്കും  തറവാട് വീടുള്ള കൂത്തുപറമ്പ് മൂര്യാടും ആർഎസ്എസ്സുകാരുള്ളതാണ്. കോടികളുടെ വികസന പദ്ധതി നടപ്പാക്കുന്നതിനിടെ ബ്രണ്ണൻ കോളേജിനെ സംഘർഷ കേന്ദ്രമാക്കി  മാറ്റാനുള്ള ശ്രമം അപലപനീയമാണെന്നും പ്രിൻസിപ്പൽ പറഞ്ഞു. 
പ്രധാന വാർത്തകൾ
 Top