25 August Sunday
കണ്ണൂർ വിമാനത്താവളം ലാഭകരമാക്കൽ

കൺസൾട്ടന്റായി കെപിഎംജി

പ്രത്യേക ലേഖകൻUpdated: Friday Jul 19, 2019
കണ്ണൂർ
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം ലാഭകരമാക്കാൻ ക്രിയാത്മക നടപടികളുമായി കിയാൽ (വിമാനത്താവള കമ്പനി). വിമാന–- വിമാനേതര മേഖലകളിൽനിന്നായി പരമാവധി വരുമാനമുണ്ടാക്കുകയാണ‌് ലക്ഷ്യം. ഇതിനുള്ള നിർദേശങ്ങൾ സമർപ്പിക്കുന്നതിനും നിക്ഷേപകരെ കണ്ടെത്തുന്നതിനുമായി നെതർലൻഡ‌് ആസ്ഥാനമായ കെപിഎംജിയെ കൺസൾട്ടന്റായി നിയമിച്ചു. സംസ്ഥാനത്തെ പ്രളയാനന്തര പുനർനിർമാണ പ്രവർത്തനങ്ങളുടെ കൺസൾട്ടൻസി ചുമതലയുള്ള പ്രശസ‌്ത രാജ്യാന്തര കമ്പനിയാണ‌് കെപിഎംജി. 
കഴിഞ്ഞദിവസം തിരുവനന്തപുരത്തു ചേർന്ന കിയാൽ ഭരണസമിതി യോഗമാണ‌് കൺസൾട്ടൻസി കെപിഎംജിക്കു നൽകാൻ തീരുമാനിച്ചത‌്.  മൂന്നു വർഷമാണ‌് കാലാവധി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന‌് പരമാവധി വിമാനക്കമ്പനികളെയും സംരംഭകരെയും  കണ്ണൂരിലേക്ക‌് ആകർഷിക്കുകയാണ‌് കൺസൾട്ടൻസിയുടെ പ്രധാന ചുമതല. ഇതിനാവശ്യമായ നിർദേശങ്ങൾ നൽകുന്നതിനു പുറമെ വ്യവസായ–- വാണിജ്യ സംരംഭകരെ  നേരിട്ട‌് എത്തിക്കുകയും വേണം. വിമാന സർവീസിലൂടെ മാത്രം ലാഭകരമായി പ്രവർത്തിക്കാൻ കഴിയുമെന്ന‌് കിയാൽ അധികൃതർ കരുതുന്നില്ല. ലോകത്തെങ്ങുമുള്ള അനുഭവമാണിത‌്. 
അതിനാൽ വിമാനത്താവള പരിധിയിൽ പലതരത്തിലുള്ള വ്യവസായ–- വാണിജ്യ സംരംഭങ്ങളും വിനോദസഞ്ചാര പദ്ധതികളും പടുത്തുയർത്തും. എല്ലാവിധ ആധുനിക സംവിധാനങ്ങളോടുംകൂടിയ എയർപോർട്ട‌് വില്ലേജ‌്, ഡേ ഹോട്ടൽ, ബജറ്റ‌് ഹോട്ടൽ, നക്ഷത്ര ഹോട്ടൽ സമുച്ചയങ്ങൾ, അമ്യൂസ‌്മെന്റ‌് പാർക്കുകൾ ഉൾപ്പെടെയുള്ള വിവിധതരം വാണിജ്യ സംരംഭങ്ങൾ എന്നിവയൊക്കെ ഇതിൽപ്പെടുമെന്ന‌് കിയാൽ എംഡി വി തുളസീദാസ‌് പറഞ്ഞു. 
2018 ഡിസംബർ ഒമ്പതിനാണ‌് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം കമീഷൻ ചെയ‌്തത‌്. ഏഴുമാസത്തിനകം തന്നെ സർവീസുകളുടെയും യാത്രക്കാരുടെയും എണ്ണത്തിൽ വലിയ കുതിപ്പുണ്ടാക്കാൻ കഴിഞ്ഞു. കാർഗോ കോംപ്ലക‌്സ‌് പൂർത്തിയാകുന്നതോടെ കയറ്റുമതി–- ഇറക്കുമതി വരുമാനവും വർധിക്കുമെന്നാണ‌് പ്രതീക്ഷ. ഇതിനു പുറമെയാണ‌് കൺസൾട്ടൻസിയെ നിയോഗിച്ച‌് സർവീസ‌് വിപുലീകരിക്കാനും സംരംഭകരെ ആകർഷിക്കാനുമുള്ള പരിശ്രമം.
പ്രധാന വാർത്തകൾ
 Top