31 July Saturday

മലബാർ ക്യാൻസർ സെന്ററിൽ 
പുതിയ കോവിഡ്‌ വാക്‌സിൻ പരീക്ഷണം

വെബ് ഡെസ്‌ക്‌Updated: Saturday Jun 19, 2021

തലശേരി

ജനിതകമാറ്റം വന്ന വൈറസുകളെയടക്കം പ്രതിരോധിക്കാൻ ശേഷിയുള്ള പുതിയ കോവിഡ്‌ വാക്‌സിന്റെ പരീക്ഷണം  മലബാർ ക്യാൻസർ സെന്ററിൽ അടുത്ത മാസം ആരംഭിക്കും. ക്ലിനിക്കൽ വാക്‌സിൻ ട്രയലിന്‌ ശാസ്‌ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായി ക്ലിനിക്കൽ ഹെമറ്റോളജി വിഭാഗം മേധാവി ഡോ. ചന്ദ്രൻ കെ നായർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.  പന്ത്രണ്ട്‌ വയസ്സിനുമുകളിലുള്ളവരിലാണ്‌ വാക്‌സിൻ പരീക്ഷിക്കുന്നത്‌. പാർശ്വഫലങ്ങളില്ലെങ്കിൽ കോവിഷീൽഡ്‌, കോവാക്‌സിൻ പോലെ പുതിയ വാക്‌സിനും രാജ്യത്ത്‌ ഉപയോഗിക്കും. 
രാജ്യത്തെ അർബുദ ചികിത്സാകേന്ദ്രങ്ങളിൽ മുംബൈ ടാറ്റാ ഇൻസ്‌റ്റിറ്റ്യൂട്ടിനും എംസിസിക്കുമാണ്‌ വാക്‌സിൻ ട്രയലിന്‌ അനുമതി. ബയോടെക്‌നോളജി ഇൻഡസ്‌ട്രി റിസർച്ച്‌ അസിസ്‌റ്റന്റ്‌സ്‌ കൗൺസിൽ (ബിഐആർഎസി), ഐസിഎംആർ എന്നിവയുടെ അംഗീകാരത്തിനുശേഷമാണ്‌ വാക്‌സിൻ പരീക്ഷണം ആരംഭിക്കുന്നത്‌. കുത്തിവയ്‌പ്പിന്‌ സന്നദ്ധരായ ആറായിരംപേരുടെ പട്ടിക തയാറാക്കും. വാക്‌സിനെടുത്താൽ 2,3 മാസം നിരീക്ഷിക്കും. 
പരീക്ഷണം 
2000 പേരിൽ
വാക്‌സിൻ കുത്തിവയ്‌പ്പ്‌ പരീക്ഷണത്തിന്‌ രണ്ടായിരം പേരെയാണ്‌ ആവശ്യം. 5000–-6000 പേരുടെ പട്ടിക തയാറാക്കും. ജൂലൈ പകുതിയോടെ പുതിയ വാക്‌സിൻ പരീക്ഷണാടിസ്ഥാനത്തിൽ കൊടുത്തു തുടങ്ങും. വളണ്ടിയർമാരുടെ സേവനം ഉറപ്പുവരുത്താനായി യുവജന സംഘടനകളുടെയും സന്നദ്ധ സംഘടനകളുടെയും യോഗം ചേർന്നു. എംസിസി എത്തിക്‌സ്‌ കമ്മിറ്റിയുടെയും ജനപ്രതിനിധികൾ, സാമൂഹ്യപ്രവർത്തകർ, പ്രമുഖ വ്യക്തികൾ എന്നിവരുൾപ്പെട്ട കമ്മിറ്റിയുടെയും മേൽനോട്ടത്തിലാണ്‌ വാക്‌സിൻ പരീക്ഷണം. ഐസിഎംആറിന്റെ നിയന്ത്രണവുമുണ്ടാവും. 
എംസിസിയുടെ അപേക്ഷയിൽ ആറ്‌ മാസം മുമ്പണ്‌ വാക്‌സിൻ ട്രയലിന്‌ അനുമതി ലഭിച്ചത്‌. കോവിഡ്‌ വാക്‌സിൻ പരീക്ഷണത്തിന്‌ പുതുതായി 13 തസ്‌തിക അംഗീകരിച്ചു. 1.6 കോടി രൂപയും അനുവദിച്ചിട്ടുണ്ട്‌. ആറ്‌ പേരടങ്ങുന്ന മെഡിക്കൽ ടീമാണ്‌ നേതൃത്വം നൽകുന്നത്‌. വാർത്താസമ്മേളനത്തിൽ കമ്യൂണിറ്റി ഓങ്കോളജി വിഭാഗം മേധാവി ഡോ. എ പി നീതു, അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസർ ടി അനിത എന്നിവരും പങ്കെടുത്തു. 
പൊതുജനപങ്കാളിത്തത്തോടെയുള്ള വാക്‌സിൻ ട്രയലാണിതെന്ന്‌ എംസിസി ഡയറക്ടർ ഡോ. സതീശൻ ബാലസുബ്രഹ്മണ്യം പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top