06 December Friday

സമയം തികയുന്നില്ല, ആർഷലിന്റെ വായനയ‌്ക്ക‌്

എൻ കെ സുജിലേഷ‌്Updated: Wednesday Jun 19, 2019

 കണ്ണൂർ

വായിച്ചുതീർത്ത പുസ‌്തകങ്ങളെത്രയെന്ന ചോദ്യത്തിനുമാത്രമേ ആർഷലിന‌് ഉത്തരമില്ലാതുള്ളൂ. വായന മരിക്കുന്നുവെന്നും പുതുതലമുറ സാമൂഹ്യമാധ്യമങ്ങളിൽ തലകുത്തിവീണുവെന്നും വിലപിക്കുന്നവർക്കുള്ള മറുപടിയാണ‌് പതിനേഴുകാരനായ ആർഷൽ ഐസക‌് തോമസിന്റെ ജീവിതം. ദിവസം അഞ്ചുമണിക്കൂർ വരെയെങ്കിലും വായനയ‌്ക്ക‌് നീക്കിവയ‌്ക്കുന്ന ഈ ‘വലിയ’ വായനക്കാരന‌് സമയം തികയുന്നില്ലെന്ന പരാതിയേയുള്ളൂ. ചെറിയ പ്രായത്തിൽതന്നെ എസ‌് കെ  പൊറ്റെക്കാടിന്റെ എഴുത്തുകളാണ‌് ആർഷലിനെ ഹരം കൊള്ളിച്ചത‌്. ആയിരക്കണക്കിന‌് പുസ‌്തകങ്ങൾ വായിച്ചുതള്ളിയിട്ടും പൊറ്റെക്കാടിന്റെ യാത്രാവിവരണങ്ങളുടെ ആരാധനാവട്ടത്തിൽതന്നെയാണിപ്പോഴും ആർഷൽ. മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ‌് വായനയുടെ വഴിയിലേക്ക‌് ആർഷലിനെ അധ്യാപകൻകൂടിയായ തോമസ‌് ഐസക‌് കൈപിടിച്ചു നടത്തുന്നത‌്. പിന്നെ പുസ‌്തകങ്ങളായി കൂട്ടുകാർ. വെറുതെ കിട്ടുന്ന സമയമൊന്നും പാഴാക്കാത്ത ഈ പ്ലസ‌്ടുക്കാരന‌് വായിക്കാൻ ഇന്നത‌് വേണമെന്ന നിർബന്ധമാന്നുമില്ല. കഥയും കവിതയും നോവലും ഒക്കെയാണ‌് ഇഷ്ടമെങ്കിലും വായനയുടെ കാര്യത്തിൽ ചരിത്രവും പിറകിലല്ല. ബിപൻ ചന്ദ്രയാണ‌് ഈ വായനക്കാരന്റെ ‘ചരിത്രപുരുഷൻ’. അദ്ദേഹത്തിന്റെ ഒട്ടുമിക്ക ചരിത്രഗ്രന്ഥങ്ങളും ആർഷൽ ഈ പ്രായത്തിനുള്ളിൽ വായിച്ചുതീർത്തു. 
ഏഴാം ക്ലാസുമുതൽ തളിപ്പറമ്പ‌് മൂത്തേടത്ത‌് ഹൈസ‌്കൂളിലായിരുന്നു പഠനം. പ്ലസ‌്ടു കഴിഞ്ഞ‌് ഉപരിപഠനത്തിനുള്ള ഒരുക്കത്തിലാണ‌ിപ്പോൾ. പ്ലസ‌്ടു പരീക്ഷയിൽ മുഴുവൻ മാർക്കും നേടി.  വായനമത്സരങ്ങളിലും ശാസ‌്ത്ര–- സാമൂഹ്യ ശാസ‌്ത്ര ക്വിസ‌് മത്സരങ്ങളിലും സംസ്ഥാനതലത്തിൽ ഒന്നിലേറെ തവണ ഒന്നാം സ്ഥാനം നേടി. ദേശാഭിമാനി അക്ഷരമുറ്റം ക്വിസിലും സംസ്ഥാനതല വിജയിയായി. 
ഇഷ്ടപുസ‌്തകങ്ങൾ ഒറ്റയിരുപ്പിന‌് തീർക്കുന്നതാണ‌് പതിവ‌്. നാനൂറോളം പുസ‌്തകങ്ങൾ  സ്വന്തം ശേഖരത്തിലുണ്ട്‌. വീടിന‌് സമീപത്തെ അഴീക്കോടൻ വായനശാലയിൽ ആർഷൽ വായിക്കാത്ത പുസ‌്തകങ്ങൾ കുറവാണ‌്. കൈയിൽ കിട്ടാത്ത പുസ‌്തകങ്ങളുടെ ഓൺലൈൻ വായനയും തുടങ്ങിയിട്ടുണ്ട‌്. ഇംഗ്ലീഷ‌് സാഹിത്യങ്ങൾക്കാണ‌് ഇ–- ബുക്കുകളെ ആശ്രയിക്കുന്നത‌്.
പ്രധാന വാർത്തകൾ
 Top