16 July Thursday

അപകടത്തിൽപ്പെട്ട എയർപോർട്ട്‌ ജീവനക്കാരന്‌ ശസ്‌ത്രക്രിയ നടത്തും

വെബ് ഡെസ്‌ക്‌Updated: Tuesday May 19, 2020
പരിയാരം
കോവിഡ് ബാധിച്ച് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പുതുച്ചേരി സ്വദേശിയായ കണ്ണൂർ എയർപോർട്ട് ജീവനക്കാരനെ അടുത്ത ദിവസം ശസ്ത്രക്രിയക്കു വിധേയനാക്കും. വലതുകാലിന്റെ ഉപ്പൂറ്റിയുടെ പരിക്ക് ഗുരുതരമായതിനാലാണിത്.  ഞായറാഴ്‌ചയാണ്‌ ഇയാൾക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌. 
 ലോക്ക്‌ഡൗണിൽ പുതുച്ചേരിയിലായിരുന്ന യുവാവ് വാളയാർ വഴി സ്കൂട്ടറിൽ വരുന്നതിനിടെ കഴിഞ്ഞ 15ന്‌ മട്ടന്നൂരിലായിരുന്നു  അപകടം. സ്കൂട്ടർ മറ്റൊരു വണ്ടിയിൽ ഇടിക്കുകയായിരുന്നു.  വിമാനത്താവളത്തിൽനിന്ന്‌ ആംബുലൻസുമായി  ജീവനക്കാരെത്തി ആദ്യം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട്‌  കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.  
വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡ്‌ലിങ് ഏജൻസിയായ എയർഇന്ത്യ ട്രാൻസ്പോർട്ട് സർവീസസ് ലിമിറ്റഡ് ജീവനക്കാരനാണ്. വാളയാറിൽനിന്ന് വരുന്ന വഴി ഇദ്ദേഹം മട്ടന്നൂർ പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്‌തിരുന്നില്ല.  
പുതുച്ചേരിയിൽനിന്നെത്തിയതിനാൽ സ്രവ പരിശോധന നടത്തിയപ്പോഴാണ്‌  യുവാവിന് കോവിഡ്  ബാധ  തെളിഞ്ഞത്‌.  
യുവാവിനെ വണ്ടിയിൽ കയറ്റാൻ സഹായിച്ച നാട്ടുകാരും സ്വകാര്യ ആശുപത്രിയിൽ ചികിത്സിച്ച ഡോക്ടറും വിമാനത്താവളത്തിലെ ആംബുലൻസ് ഡ്രൈവറും സഹപ്രവർത്തകരും   ക്വാറന്റൈനിലാണ്.  കോവിഡ്‌ ബാധ സംബന്ധിച്ച്‌ പുതുച്ചേരി സർക്കാരിനെ ആരോഗ്യവകുപ്പ്‌ വിവരം അറിയിച്ചിട്ടുണ്ട്‌.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top