25 June Tuesday

ജലജന്യരോഗങ്ങള്‍ക്കെതിരെ ജാഗ്രത വേണം

സ്വന്തം ലേഖകൻUpdated: Sunday May 19, 2019
കണ്ണൂർ
ജലദൗർലഭ്യം അനുഭവപ്പെടുന്ന സാഹചര്യത്തിൽ വയറിളക്കം, വൈറൽ ഹെപ്പറ്റൈറ്റിസ്-എ, ടൈഫോയ്ഡ്, കോളറ തുടങ്ങിയ ജലജന്യ രോഗങ്ങൾക്കെതിരെ പൊതുജനങ്ങളും ഭക്ഷ്യവിൽപന വിതരണ കേന്ദ്രങ്ങളും ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഇൻ ചാർജ്  എം കെ ഷാജ് അറിയിച്ചു. തിളപ്പിച്ചാറിയ വെളളംമാത്രം കുടിക്കുക, പച്ചക്കറികളും പഴങ്ങളും വൃത്തിയായി കഴുകി ഉപയോഗിക്കുക, പഴുത്തളിഞ്ഞ പഴവർഗങ്ങൾ കഴിക്കാതിരിക്കുക, ആഹാരം പാകം ചെയ്യുന്നതിനും വിളമ്പുന്നതിനും കഴിക്കുന്നതിനും മുമ്പ് കൈകൾ വൃത്തിയായി കഴുകുക, ആഹാരം ചൂടാറും മുമ്പ് കഴിക്കുക, കുടിവെള്ളവും ആഹാരസാധനങ്ങളും അടച്ചു സൂക്ഷിക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കണം. 
കുട്ടികൾ മണ്ണിൽ കളിച്ചശേഷം കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച്  കഴുകുകയും കൈനഖങ്ങൾ വെട്ടി വൃത്തിയാക്കുകയും വേണം. തുറസ്സായ സ്ഥലങ്ങളിൽ മലമൂത്ര വിസർജ്ജനം പാടില്ല. ശൗചത്തിനുശേഷം കൈകൾ സോപ്പും വെള്ളവുമുപയോഗിച്ച് കഴുകണം. കിണറ്റിലെ ജലം മലിനപ്പെടാതെ സൂക്ഷിക്കണം. ഇടയ്ക്കിടെ കിണർ വെള്ളം ക്ലോറിനേറ്റ് ചെയ്യണമെന്നും ഡിഎംഒ നിർദേശിച്ചു.
ഭക്ഷ്യവിൽപന വിതരണ കേന്ദ്രങ്ങളുടെ നടത്തിപ്പുകാർ ഭക്ഷണവിൽപനശാലകളിൽ നന്നായി തിളപ്പിച്ച വെള്ളംമാത്രമേ കുടിക്കുന്നതിന് നൽകാവൂ. വാഷ് ബേസിനുകൾക്കു സമീപം സോപ്പോ ഹാൻഡ‌് വാഷിങ് ലോഷനോ നിർബന്ധമായും വച്ചിരിക്കണം. പഴകിയ ഭക്ഷണ സാധനങ്ങളുടെ പുനരുപയോഗം പാടില്ല. ഈച്ചശല്യം ഒഴിവാക്കാൻ ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കണം.  
ഹോട്ടൽ, ബേക്കറി  തൊഴിലാളികളുടെ ശുചിത്വനിലവാരം ഉറപ്പു വരുത്തണം.  പകർച്ചവ്യാധികൾ ബാധിച്ചിട്ടുള്ള ആളുകളെ  ജോലിക്ക് നിയോഗിക്കരുത്. കൂൾബാറുകളിൽ ഉപയോഗിക്കുന്ന വെള്ളം ഫിൽറ്റർ ചെയ്തതും ക്ലോറിനേഷൻ നടത്തി തണുപ്പിച്ചതോ അല്ലെങ്കിൽ തിളപ്പിച്ചാറിയതോ ആയിരിക്കണം. 
വെള്ളം വാങ്ങി ഉപയോഗിക്കുന്നവരാണെങ്കിൽ സപ്ലൈ ചെയ്യുന്ന ആളുടെ പൂർണമായ വിവരം ശേഖരിക്കണം. മാലിന്യങ്ങൾ അതത് ദിവസംതന്നെ സുരക്ഷിതമായി നീക്കം ചെയ്യണം. ഹരിത പെരുമാറ്റച്ചട്ടം കർശനമായും പാലിക്കണം. പ്ലാസ്റ്റിക് കവറുകളിൽ ഭക്ഷണസാധനങ്ങൾ പായ്ക്ക് ചെയ്തു കൊടുക്കാനോ  വിതരണം ചെയ്യാനോ പാടില്ല എന്നും ആരോഗ്യ വകുപ്പ് നിർദേശിച്ചു.
പ്രധാന വാർത്തകൾ
 Top