22 September Sunday

ക്യാൻസർ പ്രതിരോധത്തിന‌് നാടൻ ഭക്ഷണം നൂറുകൂട്ടം വിഭവങ്ങളൊരുക്കി പാചക മത്സരം

വെബ് ഡെസ്‌ക്‌Updated: Sunday May 19, 2019
കണ്ണപുരം  
ചക്കകൊണ്ട‌് നൂറുകൂട്ടം വിഭവങ്ങളൊരുക്കി പാചക മത്സരം.  കണ്ണപുരം പഞ്ചായത്ത് സംഘടിപ്പിച്ച ക്യാൻസർ പ്രതിരോധ ഭക്ഷ്യമേളയിലാണ് തത്സമയ ചക്കവിഭവങ്ങൾ ഒരുക്കൽ മത്സരം സംഘടിപ്പിച്ചത്. മിനിറ്റുകൾക്കകം നൂറുകണക്കിന് വ്യത്യസ്ത രുചികളിലുള്ള പലഹാരങ്ങളും തയ്യാറാക്കി. വിഭവങ്ങൾക്ക് മുന്നിലെത്തിയവരുടെ  നാവിൽ വെള്ളമൂറുന്ന അനുഭവം പകർന്ന ചക്ക സാൻവിച്ച് മുതൽ ചക്കചോക്ലേറ്റ‌് വരെയുള്ള  വിഭവങ്ങളാണ് ഒരുക്കിയത്. പ്ലാവില തോരൻ,  ജാക്ക് കേസരി, ചക്ക പൊങ്കൽ, ചക്കക്കുരു ബിരിയാണി, ഇടിച്ചക്ക പായസം, ചക്ക പപ്പടവും ചക്കക്കുരു ലഡു തുടങ്ങിയ വിഭവങ്ങൾ ഭക്ഷ്യമേള യിലെ വൈവിധ്യങ്ങൾ ആയി.  തത്സമയ  പാചക മത്സരം കാണാൻ വൻ ജനാവലിയുമെത്തി.  പലരും മത്സരാർഥികൾക്കരികിൽനിന്ന‌് പാചകചേരുവകൾ കുറിച്ചെടുത്തു. വ്യത്യസ‌്ത ഇനങ്ങൾ രുചിച്ചറിയാനും എല്ലാവരും സമയം കണ്ടെത്തി.  ചക്കയും ചക്കക്കുരുവും ചേർത്തുണ്ടാക്കിയ നിരവധി പായസങ്ങൾ മേളയിലെത്തിയവർക്ക് രുചി വൈവിധ്യം പകർന്നു നൽകി.  കണ്ണപുരം പഞ്ചായത്ത് വർഷങ്ങളായി നടത്തുന്ന ക്യാൻസർ വിമുക്ത ഗ്രാമം പദ്ധതിയുടെ ഭാഗമായാണ് ക്യാൻസർപ്രതിരോധ ഭക്ഷ്യമേള ഒരുക്കിയത്. മലബാർ ക്യാൻസർ സെന്റർ കാർഷിക വികസന കർഷക ക്ഷേമ വകുപ്പും മുക്തി ലഹരി വർജന മിഷൻ സംയുക്തമായി ഒരുക്കിയ മേളയിൽ നൂറുകണക്കിനാളുകൾ പങ്കാളിയായി. പാചക മത്സരത്തിൽ കീച്ചേരിയിലെ പട്ടേരി ലക്ഷ്മി, ജൈന, രാധിക എന്നിവരടങ്ങിയ സംഘം ഒന്നാം സ്ഥാനം നേടി. കൊറ്റാളിയിലെ സുജ ജയനും വർണയും രണ്ടാംസ്ഥാനവും നേടി.
പ്രധാന വാർത്തകൾ
 Top