21 August Wednesday

പ്രളയത്തിൽപെട്ടവർക്ക‌് വീടില്ല, മലയോരത്ത‌് പ്രതിഷേധം പുകയുന്നു

വെബ് ഡെസ്‌ക്‌Updated: Friday Apr 19, 2019
ഇരിട്ടി/പേരാവൂർ 
പ്രളയകാലത്ത് വീട‌് നഷ്ടപ്പെട്ടവർക്ക് ആയിരം വീട് നിർമിച്ച് നൽകുമെന്ന കെപിസിസി പ്രഖ്യാപനം തട്ടിപ്പാണെന്ന് തെളിഞ്ഞതോടെ മലയോരപ്രദേശങ്ങളിൽ ശക്തമായ പ്രതിഷേധം ഉയരുന്നു. തങ്ങളുടെ പേര‌ിൽ  പിരിച്ച ലക്ഷങ്ങൾ ആരുടെ കൈയിലാണ‌് എന്ന‌് ഡിസിസി നേതൃത്വം മറുപടി പറയണമെന്ന ആവശ്യമാണുയരുന്നത‌്.  
 പട്ടിണികിടക്കുന്നവർ പോലും മുണ്ടുമുറുക്കിയുടുത്ത‌് പ്രളയബാധിതരെ  സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക‌് സംഭാവന നൽകിയപ്പോൾ തങ്ങൾ ആയിരം  വീട‌് നിർമിച്ച‌് നൽകുമെന്ന‌് പ്രഖ്യാപിച്ചാണ‌് കോൺഗ്രസ‌് ദുരിതാശ്വാസ നിധിയിലേക്ക‌് പണം നൽകുന്നവരുടെ മുന്നിൽ തടസ്സം നിന്നത‌്. എന്നാലിപ്പോൾ വീടും നൽകിയില്ല സഹായവും നൽകിയില്ല എന്നാണ‌് തെളിയുന്നത‌്. എല്ലാ മണ്ഡലത്തിലും ഒരു വീട് വീതം നിർമിക്കും എന്നായിരുന്നു കെപിസിസി പ്രസിഡന്റ‌് പ്രഖ്യാപിച്ചത‌്. കണ്ണൂരിൽ ഡിസിസി നേതൃയോഗം വിളിച്ച‌് എല്ലാ മണ്ഡലങ്ങളിലും വീട‌് നിർമിക്കാനും അതിനാവശ്യമായിവരുന്ന തുക പിരിച്ചെടുക്കാനും തീരുമാനിച്ചു. അഞ്ചു‌ലക്ഷം രൂപവീതം ഒരോ മണ്ഡലം കമ്മിറ്റിയും സമാഹരിക്കാനായിരുന്നു നേതൃയോഗം ഉദ‌്ഘാടനം ചെയ‌്ത കെ സുധാകരൻ ആവശ്യപ്പെട്ടത‌്. തുടർന്ന‌് വ്യാപകമായ പിരിവുംനടത്തി.  എന്നാൽ, കെപിസിസിയുടെ ആയിരംവീട് പദ്ധതിയിൽ  രണ്ട് കുടുംബങ്ങൾക്കാണ‌്  ജില്ലയിൽ വീട‌് നിർമിച്ച‌് നൽകിയത‌് എന്നാണ‌് ഡിസിസി ഇപ്പോൾ പറയുന്നത‌്.  
കൊട്ടിയൂർ പഞ്ചായത്തിലെ ചുങ്കക്കുന്നിൽ തുണ്ടിപ്പറമ്പിൽ ബെറ്റി, കണിച്ചാർ പഞ്ചായത്തിലെ ഏലപ്പീടിക 29ാം മൈലിലെ കുരുവിളാനിക്കൽ സിനോ ജോസ് എന്നിവർക്ക‌് വീട് നിർമിച്ചു നൽകാനാണ‌് കെപിസിസി തീരുമാനിച്ചത്.  ഈ രണ്ട് കുടുംബങ്ങളും  സർക്കാർ വീട് അനുവദിച്ച ലിസ‌്റ്റിൽപെടുന്നവരാണ‌്. നാല് ലക്ഷം രൂപ വീതം അനുവദിക്കപ്പെട്ട രണ്ട് കുടുംബത്തിനും ആദ്യ ഗഡുവായ 95000 രൂപ വീതം സർക്കാരിൽനിന്ന് ലഭിക്കുകയും ചെയ്തിട്ടുണ്ട്. സിനോ ജോസ് യൂത്ത് കോൺഗ്രസ‌് കണിച്ചാർ മണ്ഡലം പ്രസിഡന്റ് കൂടിയാണ്. സർക്കാർ ഫണ്ട് അനുവദിച്ച വീട് കെപിസിസി നിർമിച്ച് നൽകുന്നുവെന്ന നിലയിൽ പ്രചാരണം നടത്തുകയാണ‌ിപ്പോൾ.  
 കോൺഗ്രസിന്റെ വോട്ടുബാങ്കെന്ന‌് അവർ അഭിമാനത്തോടെ പറയുന്ന അയ്യങ്കുന്നിനെ പ്രളയം വിഴുങ്ങിയിട്ടും ഒറ്റ വീടും ഈ മേഖലയിൽ നിർമിക്കാനുള്ള നിർദേശത്തിൽ പോലും ഇരിട്ടി ഉൾപ്പെട്ടില്ല. അഞ്ച‌് പേരാണ‌് ഈ മേഖലയിൽ പ്രളയക്കെടുതിയിൽ മരിച്ചത‌്. എന്നിട്ടും കോൺഗ്രസിന്റെ എംഎൽഎയുടെ   മണ്ഡലത്തിലെ താലൂക്ക‌് കേന്ദ്രത്തിലെ ദുരന്തബാധിതരെ കടലാസിലെങ്കിലും പരിഗണിക്കാൻ കെപിസിസി തയ്യാറായില്ലെന്നാണ‌് ഉയരുന്ന ആക്ഷേപം.  
ആയിരം വീട‌് പദ്ധതിയിലേക്ക‌് മുഴക്കുന്നിൽനിന്ന‌് സംഭാവന സമാഹരിച്ചിരുന്നു. ഇതിന്റെ പടവും വാർത്തയും 2018 സെപ‌്തംബറിൽ മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ചു. ഡിസിസി ജനറൽ സെക്രട്ടറി പടിയൂർ ദാമോദരൻ തുക ഏറ്റുവാങ്ങുന്നതായണ‌് വാർത്തയിൽ. ഇതേനിലയിൽ കെപിസിസി തീരുമാനപ്രകാരം തുക മണ്ഡലത്തിൽനിന്ന‌് മറ്റ‌് നേതാക്കളും ഘടകങ്ങളും പിരിച്ചുവോ, തുക കെപിസിസിക്ക‌് നൽകിയോ തുടങ്ങിയ കാര്യങ്ങൾ വ്യക്തമാക്കേണ്ടത‌് കോൺഗ്രസ‌് നേതൃത്വമാണ‌്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top