26 February Wednesday

മാറ്റിനിർത്തൽ അഹിന്ദുവെന്ന്‌ ആക്ഷേപിച്ച്‌ ക്ഷേത്രത്തിലെ പുസ്‌തക പ്രകാശന ചടങ്ങിൽനിന്ന്‌ ഗ്രന്ഥകാരനെ പുറത്താക്കി

സ്വന്തം ലേഖകൻUpdated: Sunday Jan 19, 2020
തളിപ്പറമ്പ്
പാലകുളങ്ങര ധർമ്മശാസ്താ ക്ഷേത്രത്തിൽ പുസ്‌തക പ്രകാശന ചടങ്ങിനെത്തിയ ഗ്രന്ഥകാരനെ അഹിന്ദുവെന്ന്‌ ആക്ഷേപിച്ച്‌ പുറത്താക്കി. ക്ഷേത്രകലകൾ സംബന്ധിച്ച്‌ നിരവധി പുസ്‌തകങ്ങൾ എഴുതിയ സഞ്ചാര സാഹിത്യകാരൻ പി എം ജോണിനെയാണ്‌  ആർഎസ്എസ്സുകാർ ഇറക്കിവിട്ടത്‌. ‘പാലകുളങ്ങര ദേശവിശേഷങ്ങൾ’  പുസ്തകത്തിന്റെ പ്രകാശനം രചയിതാവ്‌ ജോൺ റോഡിൽനിന്നാണ്‌ കണ്ടത്‌.  
 ചടങ്ങ്‌ ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് അഹിന്ദുക്കളെ ക്ഷേത്രത്തിൽ കയറ്റില്ലെന്ന് ആക്രോശിച്ച്‌  പി കുഞ്ഞിരാമന്റെ നേതൃത്വത്തിൽ ആർഎസ്എസ്സുകാർ എത്തിയത്. ജോണിനെയും ക്ഷേത്രകമ്മിറ്റി ചെയർമാൻ കെ സി മണികണ്ഠൻ നായരെയും കൈയേറ്റംചെയ്‌തു.  
  ക്ഷേത്ര മതിലിന്‌  പുറത്ത് ഊട്ടുപുരയിലാണ് ചടങ്ങെന്ന് അധികൃതർ അറിയിച്ചെങ്കിലും ഇക്കൂട്ടർ വഴങ്ങിയില്ല. സംഘർഷം ഒഴിവാക്കാൻ  ജോൺ പുറത്ത്‌ കാഴ്ചക്കാരനായി നിന്നു.  സംഘർഷമറിഞ്ഞ് പൊലീസ്‌ സ്ഥലത്തെത്തി. 
ഇതരമതസ്തരുൾപ്പെടെ ഭക്ഷണം കഴിക്കാനിരിക്കുന്നയിടമാണ് ഊട്ടുപുര. മുമ്പ് രണ്ടുതവണ  ഊട്ടുപുരയിൽ സംഘടിപ്പിച്ച ചടങ്ങിൽ ജോൺ പങ്കെടുത്തിട്ടുണ്ട്. ജോണിനെ ക്ഷേത്രകമ്മിറ്റി ആദരിക്കുകയും ചെയ്തിരുന്നു. ക്ഷേത്ര മതിൽക്കെട്ടിനകത്ത് കയറാൻ താൻ ഉദ്ദേശിക്കുന്നില്ലെന്ന് ജോൺ പറഞ്ഞെങ്കിലും എങ്ങിനെയും സംഘർഷമുണ്ടാക്കാനുള്ള ശ്രമത്തിലായിരുന്നു അക്രമികൾ.  
തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി ലത  എം പി പ്രഭാകരന് പുസ്തകം നൽകിയാണ് പ്രകാശനം ചെയ്‌തത്‌. ദേവസ്വം  ചെയർമാൻ കെ സി മണികണ്ഠൻ നായർ അധ്യക്ഷനായി. അയ്യപ്പ ചാരിറ്റബിൾ ട്രസ്റ്റാണ് പ്രസിദ്ധീകരിച്ചത്.   ‘ടിപ്പുവിന്റെ വാളും ദൈവങ്ങളിറങ്ങിയ താഴ്‌വരകളും’ ഉൾപ്പെടെ ഒമ്പത് ഗ്രന്ഥങ്ങളുടെ രചയിതാവാണ്‌ ജോൺ.
പ്രധാന വാർത്തകൾ
 Top