15 November Friday

ആവേശക്കൊടിയേറി

സ്വന്തം ലേഖകൻUpdated: Friday Oct 18, 2019

ഇന്ത്യൻ കമ്യൂണിസ്‌റ്റ്‌ പാർടിയുടെ നൂറാം വാർഷികാഘോഷത്തിന്‌ തുടക്കംകുറിച്ച്‌ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിൽ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പതാക ഉയർത്തുന്നു.

കണ്ണൂർ
പണിയാളരുടെ പടയണി തീർത്ത മഹാപ്രസ്ഥാനത്തിന്റെ നൂറാം വാർഷികാഘോഷത്തിന്‌ ആവേശത്തുടക്കം. ഇന്ത്യൻ കമ്യൂണിസ്‌റ്റ്‌ പാർടിയുടെ നൂറാം വാർഷികാഘോഷത്തിന്‌ തുടക്കംകുറിച്ച്‌ ജില്ലയിലെ 3895 ഘടകങ്ങളിലും ചെമ്പതാക ഉയർന്നു. രക്തസാക്ഷികളുടെയും മൺമറഞ്ഞ പാർടി നേതാക്കളുടെയും കുടുംബാംഗങ്ങളുടെയും ആദ്യകാല പാർടി പ്രവർത്തകരുടെയും സാന്നിധ്യത്തിൽ പ്രഭാതഭേരിയോടെയാണ്‌ ബ്രാഞ്ച്‌ കേന്ദ്രങ്ങളിൽ പതാക ഉയർത്തിയത്‌. പോരാട്ടത്തിന്റെ നൂറ്‌ വർഷം അനുസ്‌മരിച്ച്‌ പാർടി ഓഫീസുകളും വിവിധ കേന്ദ്രങ്ങളും ചെങ്കൊടികളും ചെന്തോരണവുമായി അലങ്കരിച്ചു. ഇനി ഒരു വർഷക്കാലം വിവിധ പരിപാടികളോടെ കമ്യൂണിസ്‌റ്റ്‌ പാർടിയുടെ വാർഷികം ആഘോഷിക്കും. 
സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിൽ  ജില്ലാ സെക്രട്ടറി  എം വി ജയരാജൻ പതാക ഉയർത്തി. സി ശ്രീനിവാസൻ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം കെ പി സഹദേവൻ  കക്കാടും ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ ടി കെ ഗോവിന്ദൻ മയ്യിൽ ഏരിയാ കമ്മിറ്റി ഓഫീസിലും ടി ഐ മധുസൂദനൻ പയ്യന്നൂർ ഏരിയാ കമ്മിറ്റി ഓഫീസിലും  വത്സൻ പനോളി കൂത്തുപറമ്പ്‌ ഈസ്റ്റ് ലോക്കലിലെ നൂഞ്ഞുമ്പായിലും ചെറ്റക്കണ്ടി ബ്രാഞ്ചിൽ  പി ഹരീന്ദ്രനും പി വി ഗോപിനാഥ് വളക്കൈ ലോക്കലിലെ ഓണപ്പറമ്പിലും എം സുരേന്ദ്രൻ പാട്യം ലോക്കലിലെ ചിമ്മാലിമൊട്ടയിലും  പി പുരുഷോത്തമൻ പഴശ്ശി നോർത്ത് ലോക്കലിലെ കാരയിലും  പതാക ഉയർത്തി. കണ്ണൂർ ദേശാഭിമാനിയിൽ കെ സോമൻ പതാക ഉയർത്തി. 
ജില്ലാ കമ്മിറ്റി അംഗം വയക്കാടി   ബാലകൃഷ്ണൻ കണ്ണൂരിലും കെ വി ബാലൻ എടക്കാടും  ആലക്കണ്ടി രാജൻ പിണറായിയിലും എ വി ബാലൻ പാനൂരും എം സി പവിത്രൻ തലശേരിയും ഏരിയാ കമ്മിറ്റി ഓഫീസുകളിൽ പതാക ഉയർത്തി.  ഇരിട്ടി ഏരിയാ കമ്മിറ്റി ഓഫീസിൽ ജില്ലാ കമ്മിറ്റി അംഗം കെ ശ്രീധരൻ പതാക ഉയർത്തി. കൂത്തുപറമ്പിൽ ടി ബാലനും ശ്രീകണ്‌ഠപുരത്ത്‌ ഏരിയാ സെക്രട്ടറി എം വേലായുധനും ആലക്കോട്‌  കെ പി  സാബുവും പാപ്പിനിശേരിയിൽ  ഏരിയാ സെക്രട്ടറി  ടി ചന്ദ്രനും ഏരിയാ കമ്മിറ്റി ഓഫീസുകളിൽ പതാക ഉയർത്തി. 3745 ബ്രാഞ്ചിലും  ലോക്കൽ, ഏരിയാ കമ്മിറ്റി ഓഫീസുകളിലും മുതിർന്ന നേതാക്കളാണ്‌ പതാക ഉയർത്തിയത്‌. 
അഞ്ചരക്കണ്ടിയിൽ മുതിർന്ന അംഗം നെല്യാട്ട്‌ രാഘവനും മാടായിയിൽ ജില്ലാകമ്മിറ്റി അംഗം പി പി ദാമോദരനും തളിപ്പറമ്പിൽ ഏരിയാസെക്രട്ടറി പി മുകുന്ദനും  ഏരിയാകമ്മിറ്റി ഓഫീസുകളിൽ പതാക ഉയർത്തി. പേരാവൂർ ഏരിയാ കമ്മിറ്റി ഓഫീസിൽ ജില്ലകമ്മിറ്റി അംഗം വി ജി പത്മനാഭനും പെരിങ്ങോം ഏരിയാകമ്മിറ്റി ഓഫീസിൽ സി സത്യപാലനും പതാക ഉയർത്തി. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top