12 November Tuesday

നഗരമിളക്കി വിളംബരം

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2019

ഇന്ത്യൻ കമ്യൂണിസ്‌റ്റ്‌ പാർടിയുടെ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി സി എച്ച്‌ ദിനത്തിൽ തലശേരിയിൽ നടക്കുന്ന സെമിനാറിന്റെ വിളംബരമായി നടന്ന ഘോഷയാത്ര

തലശേരി
പെയ്യാൻ കാത്തു നിൽക്കുന്ന മഴമേഘങ്ങൾക്കുകീഴെ നാസിക്‌ ബാൻഡിന്റെ ചടുലതാളത്തിനൊപ്പം വിപ്ലവവീറോടെ വിളംബര ഘോഷയാത്ര. സിപിഐ എമ്മിന്റെ സമുന്നത നേതാവായിരുന്ന സി എച്ച്‌ കണാരന്റെ 47ാം ചരമവാർഷികദിനത്തിൽ നടക്കുന്ന സെമിനാറിന്റെ വിളംബരമായി നടന്ന ഘോഷയാത്രയിൽ സ്‌ത്രീകളടക്കം നിരവധി പേർ അണിചേർന്നു. മുത്തുക്കുടയും ചുവപ്പ്‌ കുടയുമേന്തിയ ഘോഷയാത്ര സ്‌റ്റേഡിയം കോർണറിൽനിന്ന്‌ ആരംഭിച്ചു. നഗരത്തെ ഇളക്കിമറിച്ച്‌ ചെങ്കൊടികളും ബലൂണുകളുമേന്തി നഗര പ്രദക്ഷിണം നടത്തി ജാഥ പുതിയബസ്‌സറ്റാൻഡിൽ സമാപിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ, പാട്യം ഗോപാലൻ സ്‌മാരക പഠന ഗവേഷണകേന്ദ്രം ഡയറക്ടർ പി ഹരീന്ദ്രൻ, തലശേരി ഏരിയാ സെക്രട്ടറി എം സി പവിത്രൻ, അഡ്വ. പി ശശി എന്നിവർ നേതൃത്വം നൽകി.  പുതിയ ബസ്‌സ്‌റ്റാൻഡിൽ ചേർന്ന പൊതുയോഗത്തിൽ എം വി ജയരാജൻ, കെ ലീല, ടി പി ശ്രീധരൻ എന്നിവർ സംസാരിച്ചു. നഗരസഭാ ചെയർമാൻ സി കെ രമേശൻ അധ്യക്ഷനായി.  
കമ്യൂണിസ്‌റ്റ്‌ പാർടി രൂപീകരണത്തിന്റെ നൂറാം വാർഷികവും സി എച്ച്‌ ദിനാചരണത്തിന്റെയും ഭാഗമായി പാട്യം ഗോപാലൻ സ്‌മാരക പഠന ഗവേഷണ കേന്ദ്രത്തിന്റെയും സിപിഐ എം തലശേരി ഏരിയാ കമ്മിറ്റിയുടെയും നേതൃത്വത്തിലാണ്‌ വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നത്‌. 
ഞായറാഴ്‌ച സിഎച്ചിന്റെ പുന്നോലിലെ സ്‌മൃതി കുടീരത്തിലും പുല്യോട്ടെ പ്രതിമയിലും പുഷ്‌പാർച്ചന നടത്തും. തലശേരി സഹകരണ റൂറൽ ബാങ്ക്‌ ഓഡിറ്റോറിയത്തിൽ ജില്ലാ സെമിനാർ രാവിലെ പത്തിന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ഉദ്ഘാടനംചെയ്യും. ‘ഇന്ത്യൻ സാമ്പത്തിക തകർച്ചയുടെ പശ്‌ചാത്തലത്തിൽ മാർക്‌സിസത്തിന്റെ പ്രസക്തി’ എന്ന വിഷയത്തിൽ ധനമന്ത്രി ഡോ. തോമസ്‌ ഐസക്കും ‘ഇന്ത്യൻ സ്വാതന്ത്ര്യസമരവും കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനവും’ എന്ന വിഷയത്തിൽ ഡോ. കെ എൻ ഗണേഷും പ്രഭാഷണം നടത്തും. വൈകിട്ട്‌ നാലിന്‌ ആയിരങ്ങൾ അണിചേരുന്ന വളണ്ടിയർമാർച്ച്‌ റൂറൽ ബാങ്ക്‌ പരിസരത്തുനിന്ന്‌ ആരംഭിക്കും. തുടർന്ന്‌ പുതിയ ബസ്‌സ്‌റ്റാൻഡിൽ  പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും.
പ്രധാന വാർത്തകൾ
 Top