18 September Wednesday

വികസനനേട്ടം നിരത്തി എൽഡിഎഫ്‌, നിരായുധരായി യുഡിഎഫ്‌

സ്വന്തം ലേഖകൻUpdated: Sunday Aug 18, 2019
കണ്ണൂർ
കോർപറേഷനിലെ വികസനനേട്ടങ്ങൾക്ക്‌ മുന്നിൽ മറുപടിയില്ലാതെ യുഡിഎഫ്‌. അവിശ്വാസ പ്രമേയത്തിന്മേലുള്ള ചർച്ചയിൽ നാലുവർഷത്തെ വികസനനേട്ടങ്ങൾ എൽഡിഎഫ്‌ അംഗങ്ങൾ അക്കമിട്ടുനിരത്തിയപ്പോൾ യുഡിഎഫ്‌ തീർത്തും നിരായുധരാവുകയായിരുന്നു. വികസന മുരടിപ്പെന്ന പേരിൽ യുഡിഎഫ്‌ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ സാധൂകരിക്കാനുള്ളതൊന്നും ചർച്ചയിൽ ഉയർത്തിക്കൊണ്ടുവരാൻ അവർക്കായില്ല. സ്വതന്ത്ര കൗൺസിലറുമായി  ‘കച്ചവട’മുറപ്പിച്ചശേഷം വികസന മുരടിപ്പെന്ന വായ്‌ത്താരിയുമായി  എൽഡിഎഫ്‌ ഭരണം അട്ടിമറിക്കുകയായിരുന്നു യുഡിഎഫ്‌. 
തെരഞ്ഞെടുപ്പ്‌ പ്രകടനപത്രികയിൽ പറഞ്ഞ 80 ശതമാനം കാര്യങ്ങളും നടപ്പാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ്‌ യുഡിഎഫിന്റെ അവിശ്വാസപ്രമേയത്തെ എൽഡിഎഫ്‌ നേരിട്ടത്‌. കേന്ദ്ര സംസ്ഥാന ഫണ്ട്‌ പരമാവധി നേടിയെടുക്കുകയും അത്‌ ജനങ്ങൾക്ക്‌ അനുഭവവേദ്യമാക്കുകയും ചെയ്‌ത കഴിഞ്ഞ നാലുവർഷത്തെ ഭരണനേട്ടം ചർച്ചയിൽ എൽഡിഎഫ്‌ കൗൺസിലർമാർ എടുത്തുകാട്ടി. അമൃത്‌, പിഎംഎവൈ, സംസ്ഥാന റോഡ്‌ ഫണ്ട്‌ തുടങ്ങിയവ കണ്ണൂരിന്‌ എത്രമാത്രം ഉപയോഗപ്പെടുത്താനായി എന്നത്‌ കണക്കുകകളുടെ പിൻബലത്തോടെയാണ്‌ ഭരണപക്ഷം അവതരിപ്പിച്ചത്‌. അമൃത്‌ പദ്ധതിയിൽ രാജ്യത്തെ 500 നഗരങ്ങളിൽ മികച്ച നിലയിൽ പദ്ധതി നടപ്പാക്കിയ അമ്പതിൽ ഒന്നായി കണ്ണൂർ തെരഞ്ഞെടുക്കപ്പെട്ടതും പിഎംഎവൈ പദ്ധതിയിൽ പരമാവധി ഗുണഭോക്താക്കളെ പങ്കാളികളാക്കാനായതും നേട്ടമായി. വട്ടപ്പൊയിലിൽ 150 കോടി രൂപ ചെലവിൽ വേസ്‌റ്റ്‌ എനർജി പ്ലാന്റ്‌ സ്ഥാപിക്കുന്നതിന്റെ പ്രാരംഭ നടപടി തുടങ്ങിയതടക്കമുള്ള വികസന പദ്ധതികളെക്കുറിച്ചുള്ള വിശദീകരണം കൈയടികളോടെയാണ്‌ ഭരണപക്ഷം സ്വീകരിച്ചത്‌. പയ്യാമ്പലത്തെ വാതക ശ്‌മശാനം നിർമാണം ആരംഭിക്കുന്നതിന്റെ നടപടിക്രമം പൂർത്തിയായിട്ടുണ്ട്‌. യുഡിഎഫ്‌ ഭരണകാലത്തെ ഗ്യാസ്‌ ശ്‌മശാനത്തിന്റെ നിർമാണത്തിലെ ക്രമക്കേട്‌ സംബന്ധിച്ച വിജിലൻസ്‌ അന്വേഷണം നടക്കുന്നതിനാലാണ്‌ നിർമാണം തുടങ്ങുന്നത്‌ വൈകിയതെന്നത്‌ യുഡിഎഫിന്‌ തിരിച്ചടിയായി. 
മാർഗരേഖ അടിസ്ഥാനപ്പെടുത്തിയുള്ള പദ്ധതികളാണ്‌ കോർപറേഷൻ തയ്യാറാക്കുന്നത്‌. എല്ലാ മേഖലകളിലും അനുവദിക്കപ്പെട്ട ഫണ്ടിന്റെ 80 ശതമാനത്തോളം വിനിയോഗിച്ചാണ്‌ കഴിഞ്ഞ വർഷം സംസ്ഥാനത്ത്‌ കോർപറേഷനുകളിൽ കണ്ണൂരിന്‌ മൂന്നാം സ്ഥാനത്തെത്താൻ കഴിഞ്ഞത്‌.  എന്നാൽ, മാർഗരേഖയ്‌ക്ക്‌ പുറത്തുള്ള കാര്യങ്ങളെക്കുറിച്ചായിരുന്നു യുഡിഎഫിന്റെ ചർച്ചയേറെയും. ദേശീയപാതയിൽ താഴെചൊവ്വയിലെ പാലത്തിന്‌ സമാന്തരമായ പാലത്തിന്‌ ഫണ്ട്‌ അനുവദിപ്പിച്ച്‌ നിർമാണം പൂർത്തിയാക്കുന്നതിൽ  നടത്തിയ ഇടപെടൽ പ്രതിപക്ഷം പോലും അംഗീകരിക്കുന്നതായിരുന്നു.
മേയർ ഇ പി ലത, എൻ ബാലകൃഷ്‌ണൻ, വെള്ളോറ രാജൻ, തൈക്കണ്ടി മുരളീധരൻ, ടി രവീന്ദ്രൻ, എം പി ഭാസ്‌കരൻ, കെ പി സജിത്, എസ്‌ ഷഹീദ തുടങ്ങിയവർ ഭരണപക്ഷത്തുനിന്നും ടി ഒ മോഹനൻ, സി സമീർ, മുഹമ്മദലി, അഡ്വ. പി ഇന്ദിര തുടങ്ങിയവർ പ്രതിപക്ഷത്തുനിന്നും ചർച്ചയിൽ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top