19 September Thursday

യുഡിഎഫ്‌ അട്ടിമറിച്ചത്‌ വികസനസ്വപ്‌നം

പ്രത്യേക ലേഖകൻUpdated: Sunday Aug 18, 2019
കണ്ണൂർ
കണ്ണൂരിനെ ആധുനിക നഗരമായി വളർത്തിയെടുക്കാൻ മികവാർന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോയ കോർപറേഷൻ ഭരണസമിതിയെയാണ്‌ കാലാവധി തികയ്‌ക്കാൻ  ഒരു വർഷം ബാക്കിനിൽക്കെ യുഡിഎഫ്‌ മറിച്ചിട്ടത്‌. എൽഡിഎഫ്‌ ഭരണസമിതി തുടക്കംകുറിച്ച ഒരുപാടു വികസന പദ്ധതികളെ  ഈ ഭരണമാറ്റം  അവതാളത്തിലാക്കും. അതിലുപരി കണ്ണൂരിന്‌ പരിചിതമല്ലാത്ത ‘ആയാറാം, ഗയാറാം’ രാഷ്‌ട്രീയംകൂടി യുഡിഎഫ്‌ ഇവിടേക്കു പറിച്ചുനട്ടു. 
1867ൽ രൂപംകൊണ്ട കണ്ണൂർ നഗരസഭ 2015വരെ ഇടതുപക്ഷത്തിന്‌ അന്യമായിരുന്നു. കോൺഗ്രസിനും മുസ്ലിംലീഗിനും സ്വാധീനമുള്ള പ്രദേശമെന്ന നിലയിൽ  സ്വാതന്ത്ര്യത്തിനുശേഷവും തുടർച്ചയായി വലതുമുന്നണി അധികാരത്തിലെത്തി. അഴിമതിയിൽ മുങ്ങിക്കുളിച്ച ഭരണസമിതികൾ. വികസനം എത്തിനോക്കാത്ത നഗരമുഖങ്ങൾ. നഗരഭരണം കൈവിട്ടുപോകുമോയെന്ന ആശങ്കകളേതുമില്ലാതെയാണ്‌ കഴിഞ്ഞ യുഡിഎഫ്‌ സർക്കാർ കണ്ണൂരിനെ കോർപറേഷനാക്കി ഉയർത്തിയത്‌. തങ്ങൾക്ക്‌ നിഷ്‌പ്രയാസം ജയിക്കാൻ പാകത്തിൽ ഡിവിഷൻ വിഭജനവും പൂർത്തിയാക്കിയതോടെ കോർപറേഷന്റെ കന്നിഭരണം  കൈക്കുമ്പിളിലായ നിലയിലായിരുന്നു യുഡിഎഫ്‌ നേതാക്കൾ. 
വോട്ടെണ്ണിക്കഴിഞ്ഞപ്പോൾ പക്ഷേ, കഥ മാറി. 55 അംഗ കൗൺസിലിൽ എൽഡിഎഫിനും യുഡിഎഫിനും 27 വീതം സീറ്റ്‌. സ്വതന്ത്രനായി വിജയിച്ച പി കെ രാഗേഷിന്റെ പിന്തുണയോടെ എൽഡിഎഫ്‌ അധികാരത്തിൽ. പുതിയൊരു മാറ്റത്തിനായുള്ള കണ്ണൂർ ജനതയുടെ നിശ്‌ചയദാർഢ്യമാണ്‌ എൽഡിഎഫിനു തുണയായത്‌. തുടക്കത്തിൽ ഡെപ്യൂട്ടി മേയറായി മുസ്ലിംലീഗിലെ സി സമീർ തെരഞ്ഞെടുക്കപ്പെട്ടെങ്കിലും  രാഗേഷ്‌ ഇടതുപക്ഷത്തുതന്നെ നിലയുറപ്പിച്ചതോടെ അദ്ദേഹമായി ആ  സ്ഥാനത്ത്‌. പ്രഥമ കോർപറേഷൻ കൗൺസിലെന്ന പരിമിതികളെല്ലാം മറികടന്ന്‌ കണ്ണൂരിനെ വികസനത്തിന്റെ പുതിയ പടവുകളിലേക്ക്‌ നയിക്കാൽ എൽഡിഎഫ്‌ ഭരണസമിതിക്കായി. 
അതേസമയം,  ഭരണം കിട്ടാതെപോയ പരിഭ്രാന്തിയിലായിരുന്നു യുഡിഎഫ്‌. എൽഡിഎഫ്‌ ഭരണസമിതിയെ അട്ടിമറിക്കാൻ അന്നുമുതൽ ശ്രമം തുടങ്ങിയതാണ്‌. എൽഡിഎഫ്‌ സ്വതന്ത്ര കൗൺസിലർക്ക്‌ ഒന്നര കോടി രൂപ കോഴ വാഗ്‌ദാനം ചെയ്യുന്നതിലേക്കുവരെ കാര്യങ്ങളെത്തി.  അദ്ദേഹം വീണില്ല. ഒടുവിലാണ്‌ വീണ്ടും രാഗേഷിലെത്തിയത്‌. 
കഴിഞ്ഞ നാലുവർഷമായി നടത്തിവന്ന നിരന്തര പരിശ്രമത്തിന്റെ ഫലമായാണ്‌ രാഗേഷിനെ അടർത്തിയെടുക്കാനായത്‌. 
രാഗേഷുമായി ‘കച്ചവടം’ ഉറപ്പിച്ചശേഷമാണ്‌ യുഡിഎഫ്‌ നേതൃത്വം എൽഡിഎഫ്‌ ഭരണസമിതിയെ അട്ടിമറിക്കാനുള്ള നീക്കങ്ങൾ ശക്തമാക്കിയത്‌. ഇതുസംബന്ധിച്ച്‌ മാധ്യമങ്ങളിൽ വാർത്ത വന്നപ്പോഴെല്ലാം രാഗേഷ്‌ നിഷേധിച്ചു. കഴിഞ്ഞ ദിവസവും  അദ്ദേഹം  എൽഡിഎഫ്‌ ഏകോപനസമിതിയോഗത്തിൽ പങ്കെടുത്തു. അതുകഴിഞ്ഞ്‌ 24 മണിക്കൂർപോലും വേണ്ടിവന്നില്ല, നിലപാടു മാറ്റാൻ.
പ്രധാന വാർത്തകൾ
 Top