23 August Friday

മേലെ പാൽച്ചുരം സംരക്ഷണഭിത്തി ഒരുങ്ങും

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2019
പേരാവൂർ
മേലെ പാൽച്ചുരം കോളനിവാസികളുടെ ഭീതിയ്ക്ക് പരിഹാരമാകുന്നു. പട്ടികവർഗ വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ മേലെ പാൽച്ചുരം പട്ടികവർഗ കോളനി സന്ദർശിച്ചു. കോളനിയോട് ചേർന്നൊഴുകുന്ന ബാവലിപ്പുഴയോരത്തെ സംരക്ഷണഭിത്തി പ്രളയത്തിൽ തകർന്നതിനെതുടർന്ന് ഭീതിയിലായ കോളനിവാസികളുടെ ദുരിതത്തെക്കുറിച്ച് ദേശാഭിമാനി റിപ്പോർട്ട് ചെയ്തിരുന്നു. പ്രളയംമൂലം തകര്‍ന്ന സംരക്ഷണഭിത്തിക്ക് പകരമായി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കയ്യാല നിർമിച്ചെങ്കിലും വെള്ളത്തിന്റെ ഒഴുക്കിൽ കയ്യാല ഏത് സമയവും തകരുമെന്ന നിലയിലാണ്. ഐടിഡിപി പ്രോജക്ട് ഓഫീസർ ഷൈനി ജാക്വിലിൻ ഫെർണാണ്ടസ്, പേരാവൂർ ട്രൈബൽ ഓഫീസർ കെ വി അനൂപ്, പട്ടികവർഗ പ്രമോട്ടർമാർ എന്നിവരടങ്ങിയ സംഘം ബുധനാഴ്ച മേലെ പാൽച്ചുരം കോളനി സന്ദർശിച്ചു. എത്രയുംവേഗത്തിൽ സംരക്ഷണഭിത്തി നിർമിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് പട്ടികവർഗ വകുപ്പ് ഉദ്യോസ്ഥർ പറഞ്ഞു. സംരക്ഷണഭിത്തിയുടെ എസ്റ്റിമേറ്റ് എടുക്കുന്നതിനായി ട്രൈബൽ ഓഫീസർ കൊട്ടിയൂർ പഞ്ചായത്തധികൃതരോട് ആവശ്യപ്പെട്ടു. കോർപസ് ഫണ്ടിൽ ഉൾപ്പെടുത്തി സംരക്ഷണഭിത്തി നിർമിക്കാനാണ് ശ്രമം. സംസ്ഥാന സർക്കാരിന്റെ അംബേദ്ക്കർ സെറ്റിൽമെന്റ് സ്കീമിൽ മേലെ പാൽച്ചുരം കോളനിയെ  ഉൾപ്പെടുത്താൻ ശുപാർശ ചെയ്തതായും ട്രൈബൽ ഓഫീസർ പറഞ്ഞു. പദ്ധതിയിൽ ഉൾപ്പെട്ടാൽ ഒരുകോടിയിൽപ്പരം രൂപയുടെ വികസന പ്രവർത്തനങ്ങൾ കോളനിയിൽ നടപ്പാക്കും.

 

പ്രധാന വാർത്തകൾ
 Top