24 August Saturday

കോൺഗ്രസ‌് നിയന്ത്രണത്തിലുള്ള സൊസൈറ്റിയിലെ മുക്കുപണ്ട പണയ തട്ടിപ്പ്: - കുറ്റപത്രം സമർപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2019
പയ്യന്നൂര്‍
കരിവെള്ളൂർ ബസാറിലെ സോഷ്യൽ വെൽഫെയർ കോ-.ഓപ്പ്. സൊസൈറ്റിയിൽ മുക്കുപണ്ടം പണയംവച്ച് മൂന്നുകോടിയിലേറെ രൂപ തട്ടിച്ച കേസിൽ പൊലീസ്  കുറ്റപത്രം  സമര്‍പ്പിച്ചു. സൊസൈറ്റി സെക്രട്ടറി പ്രദീപൻ, കരിവള്ളൂരിലെ ലൈറ്റ് ആൻഡ‌് സൗണ്ട് ഉടമ പ്രശാന്ത്, അപ്രൈസർ ടി വി മോഹനൻ എന്നിവരെ പ്രതിചേർത്തുള്ള കുറ്റപത്രമാണ് പയ്യന്നൂർ ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചത്.
 മുക്കുപണ്ടം പണയം വച്ച് കോടികള്‍ തട്ടിയ കേസില്‍ അറസ്റ്റിലായ സെക്രട്ടറി പ്രദീപന്റെ മൊഴിയനുസരിച്ച് പണം വാങ്ങിയവരായി കണ്ടെത്തിയ മലപ്പുറത്തെ സഫറുള്ള, കാഞ്ഞങ്ങാട്ടെ അയൂബ്, തൃശൂര്‍ ചാവക്കാട്ടെ ചാണ്ടി കുര്യന്‍, വെള്ളൂരിലെ രമേശന്‍, മുക്കുപണ്ടം പരിശോധിച്ച് സ്വര്‍ണമാണെന്ന് സാക്ഷ്യപ്പെടുത്തിയ അപ്രൈസര്‍ ടി വി മോഹനന്‍, സാമ്പത്തിക ഇടപാടിന് മധ്യസ്ഥത വഹിച്ച ലക്ഷ്മണന്‍ എന്ന രാജന്‍ എന്നിവരെ പൊലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ഇവരെക്കൂടി കേസില്‍ പ്രതിചേര്‍ക്കാൻ പൊലീസ് നിയമോപദേശം തേടി. പണം വാങ്ങിയതിനും കൊടുത്തതിനും തെളിവുകളും സാക്ഷിമൊഴികളുമുള്ളതിനാല്‍ ഇവരെക്കൂടി കേസില്‍ പ്രതി ചേര്‍ക്കാമെന്നാണ് പൊലീസിന് കിട്ടിയ നിയമോപദേശം. 
കരിവെള്ളൂര്‍ ബസാറില്‍ വീവേഴ്‌സ് സൊസൈറ്റിക്ക് സമീപം പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള സോഷ്യല്‍ വെല്‍ഫെയര്‍ കോ-–-ഓപ്പറേറ്റീവ് സൊസൈറ്റിയിലാണ് വന്‍ സാമ്പത്തിക തട്ടിപ്പ് നടന്നത്.  2017 ആഗസ്ത് 11ന് തളിപ്പറമ്പ് സഹകരണ ഇന്‍സ്‌പെക്ടര്‍ ഷൈന നടത്തിയ പരിശോധനയിലാണ് സ്വര്‍ണത്തിന് പകരം മുക്കുപണ്ടം പണയമായി വച്ച് കോടികള്‍ തിരിമറി നടത്തിയതായി കണ്ടെത്തിയത്. സൊസൈറ്റി പ്രസിഡന്റ് എ വി ഗിരീശനാണ്  പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയത്.
പ്രധാന വാർത്തകൾ
 Top