23 February Saturday

ഇത് നീതിയുടെ വിജയം

കെ ടി ശശിUpdated: Wednesday Jul 18, 2018
കണ്ണൂർ
ഒരു തെറ്റും ചെയ്യാതെ, ക്രിമിനൽകേസിൽ തുറുങ്കിലടയ്ക്കപ്പെട്ടും പൊതുജനമധ്യത്തിൽ അപമാനിതനായും മൂന്നുവർഷമായി തീ തിന്നേണ്ടിവന്ന ജയിംസ് മാത്യു എംഎൽഎക്ക് ഒടുവിൽ നീതി. തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ ഗവ. ഹയർസെക്കൻഡറി സ്കൂൾ പ്രധാനാധ്യാപകൻ ഇ പി ശശിധരന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ജയിംസ് മാത്യുവിനും സഹാധ്യാപകൻ എം വി ഷാജിക്കുമെതിരെ ചാർജ് ചെയ്ത കേസ് വിചാരണ നിലനിൽക്കുന്നതല്ലെന്നു വ്യക്തമാക്കി റദ്ദാക്കിയിരിക്കയാണ് ഹൈക്കോടതി. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗംകൂടിയായ ജയിംസ് മാത്യു എംഎൽഎയെ ഒതുക്കാൻ കോൺഗ്രസ് നേതൃത്വവും മുൻ ഉമ്മൻചാണ്ടി ഭരണവും ചേർന്നു രൂപപ്പെടുത്തിയ നെറികെട്ട രാഷ്ട്രീയ കുടിലതയാണ് ഹൈക്കോടതി വിധിയോടെ തകർന്നടിഞ്ഞത്. 
ശശിധരന്റെ മരണത്തിൽ നേരിട്ടോ പരോക്ഷമായോ ഒരു ബന്ധവുമില്ലെന്നും തെറ്റിദ്ധാരണമൂലമാകാം അദ്ദേഹത്തിന്റെ ആത്മഹത്യാക്കുറിപ്പിൽ തന്റെ പേരു പരാമർശിക്കാനിടയായതെന്നും ജയിംസ്മാത്യു ആവർത്തിച്ചു പറഞ്ഞതാണ്. സ്കൂൾ പിടിഎയും യൂത്തു കോൺഗ്രസ് നേതാവ് ശ്രീനിവാസൻ അധ്യക്ഷനായ സ്കൂൾ വികസന കമ്മിറ്റിയും എംഎൽഎയുടെ ഭാഗത്ത് തെറ്റില്ലെന്ന് പരസ്യമായി വ്യക്തമാക്കി. പക്ഷേ, അന്വേഷണ ഉദ്യോഗസ്ഥർ ഇതൊന്നും ചെവിക്കൊണ്ടില്ല. ഏതുവിധേനയും അദ്ദേഹത്തെ കേസിൽപ്പെടുത്തണമെന്ന രാഷ്ട്രീയ‐ ഭരണ യജമാനന്മാരുടെ കൽപ്പനയ്ക്കു കീഴ്പ്പെടുകയായിരുന്നു അന്നത്തെ ശ്രീകണ്ഠപുരം സിഐ കെ എ ബോസ് അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥർ. 
സ്കൂളിൽ പ്രവേശന പരീക്ഷ നടത്തുന്നതിനെതിരെ എംഎൽഎ നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചെന്നും വൈകാതെ ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവിറങ്ങുമെന്നും സ്കൂളിലെ ഒരു യോഗത്തിൽ ശശിധരൻ പറഞ്ഞതാണ് അദ്ദേഹത്തിന്റെ ആത്മഹത്യയിലേക്കു നയിച്ച സംഭവങ്ങളുടെ തുടക്കം.  ആരോ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ജയിംസ് മാത്യു ഇങ്ങനെയൊരു സബ്മിഷൻ ഉന്നയിച്ചിരുന്നില്ല. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട എംഎൽഎ ശശിധരനെ വിളിച്ചു സംസാരിക്കുകയും തെറ്റിദ്ധാരണ നീക്കുകയും ചെയ്തതാണ്. എന്നാൽ തെറ്റായ കാര്യം പറഞ്ഞതിലുള്ള മാനസിക വിഷമവും അതിന്റെ പേരിൽ ഏതെങ്കിലും തരത്തിലുള്ള നടപടിയുണ്ടാകുമോ എന്ന ഭയാശങ്കയും ശശിധരനെ വല്ലാതെ അലട്ടിയിരുന്നുവെന്നു വേണം കരുതാൻ.
അധ്യാപകനായ എം വി ഷാജിയുടെ വാക്കുകൾമാത്രം വിശ്വസിച്ച് എംഎൽഎ തനിക്കെതിരെ കേസ് കൊടുത്തതിലുള്ള വിഷമംകൊണ്ടാണ് ജീവനൊടുക്കുന്നതെന്നായിരുന്നു ആത്മഹത്യാക്കുറിപ്പിലെ പരാമർശം. ശശിധരനെതിരെ ഏതെങ്കിലും പൊലീസ് സ്റ്റേഷനിലോ ഡിപ്പാർട്ടുമെന്റു തലത്തിലോ ഒരു പരാതിയും എംഎൽഎ നൽകിയിരുന്നില്ല. ഇക്കാര്യം കണ്ടെത്താൻ അന്വേഷണ ഉദ്യോഗസ്ഥർക്കു നിഷ്പ്രയാസം കഴിയുമായിരുന്നു എന്നിരിക്കെ അതിനൊന്നും മിനക്കെടാതെ ആത്മഹത്യാ പ്രേരണയ്ക്ക് ഐപിസി 306ാം വകുപ്പനസരിച്ചു കേസെടുക്കുകയായിരുന്നു. ഈ വകുപ്പ് ചുമത്തിയതിനു പിന്നിലും ഗൂഢാലോചനയുണ്ടെന്നു വ്യക്തമായിരുന്നു.
സെഷൻസ് കോടതിയിൽനിന്നോ ഹൈക്കോടതിയിൽനിന്നോ മാത്രം ജാമ്യം അനുവദിക്കേണ്ട വകുപ്പാണിത്. ജയിംസ് മാത്യുവിനെ കുറച്ചുദിവസമെങ്കിലും ജയിലിടയ്ക്കണമെന്ന കോൺഗ്രസ്‐ ഭരണനേതൃത്വത്തിന്റെ ആജ്ഞ നടപ്പാക്കുകയായിരുന്നു അന്വേഷണ സംഘം. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്നതിനിടെ, ജനകീയ എംഎൽഎയുടെ യശസ്സിനു കളങ്കം ചാർത്താനുള്ള കുറുക്കുവഴിയായാണ് കോൺഗ്രസ് നേതൃത്വവും ഉമ്മൻചാണ്ടി ഭരണവും ഈ സംഭവത്തെ കണ്ടത്. എംഎൽഎക്ക് അനുകൂലമായി പ്രസ്താവനയിറക്കിയ യൂത്ത് കോൺഗ്രസ് നേതാവ് ശ്രീനിവാസനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതിൽനിന്നു തന്നെ ഈ വിഷയത്തിൽ കോൺഗ്രസ് നേതൃത്വം കാണിച്ച അമിതതാൽപര്യം മനസിലാക്കാം.  രംഗം കൊഴുപ്പിക്കാൻ വലതുപക്ഷ മാധ്യമങ്ങളും വീറോടെ രംഗത്തുണ്ടായിരുന്നു. 
കേസ് വിചാരണ ചെയ്യേണ്ട ആവശ്യം പോലുമില്ലെന്നാണ് ജസ്റ്റിസ് അബ്രഹാം മാത്യുവിന്റെ സുപ്രധാന വിധി. നീതിയുടെ വിജയമാണിത്; ഒപ്പം നാടിനെ വികസനത്തിന്റെ പുതിയ കുതിപ്പുകളിലേക്കു  നയിക്കുന്ന കർമനിരതനായ ജനപ്രതിനിധിക്കുള്ള കൈത്താങ്ങും.
പ്രധാന വാർത്തകൾ
 Top