14 December Saturday

കണ്ണൂര്‍ കാഴ്ചകൾ ഒപ്പിയെടുത്ത‌് കലക്ടർ ബ്രോ

സ്വന്തം ലേഖകൻUpdated: Tuesday Jun 18, 2019
കണ്ണൂർ
ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ ലോകത്തിന് പരിചയപ്പെടുത്താൻ  കലക്ടർ മീർ മുഹമ്മദലിയുടെ പ്രൊമോഷണൽ വീഡിയോ. അന്താരാഷ്ട്ര വിമാനത്താവളം യാഥാർഥ്യമായതോടെ കണ്ണൂരിന് തുറന്നുകിട്ടിയ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ്  കലക്ടർ  സംവിധാനം നിർവഹിച്ച് പരസ്യ വീഡിയോ നിർമിച്ചിരിക്കുന്നത്. 
ജില്ലയിലെ വിശാലമായ കടൽത്തീരങ്ങൾ, ഇടതൂർന്ന കണ്ടൽക്കാടുകൾ,  സമ്പന്നമായ ചരിത്ര-പൈതൃകങ്ങൾ, കൊതിയൂറും ഭക്ഷണം തുടങ്ങി സന്ദർശകരുടെ കണ്ണും മനസും കുളിർപ്പിക്കുന്ന അനുഭവങ്ങൾ മനോഹരമായി ചിത്രീകരിക്കുന്നതാണ് രണ്ടുമിനിറ്റ‌്  ദൈർഘ്യമുള്ള വീഡിയോ. കൗമാരക്കാരൻ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ പരിചയപ്പെടുത്തുന്ന രീതിയിൽ ചിത്രീകരിച്ചിരിക്കുന്ന വീഡിയോ, ഡിടിപിസി ചെയർമാൻ കൂടിയായ മീർ മുഹമ്മദലിയുടെ ആദ്യ  സംവിധാന സംരംഭമാണ‌്. 
മലയാളത്തിനു പുറമെ, ഹിന്ദി, ഇംഗ്ലീഷ്, അറബി, സ്പാനിഷ് തുടങ്ങി എട്ട് ഭാഷകളിലേക്ക്  വീഡിയോ ഡബ്ബ് ചെയ്തിട്ടുണ്ട്. കണ്ണൂരിനെ കുറിച്ചുള്ള ടൂറിസം വീഡിയോ വിവിധ ഭാഷകളിൽ തയ്യാറാക്കുന്നത് ഇതാദ്യമായാണ്. മുഖ്യധാരാ മാധ്യമങ്ങൾക്കൊപ്പം സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള വിവിധ പ്ലാറ്റ്‌ഫോമുകളിലൂടെ കണ്ണൂരിന്റെ കാഴ്ചകൾ ലോകത്തെമ്പാടും എത്തിക്കാനുള്ള ശ്രമത്തിലാണ്  കലക്ടർ. ശുചിത്വമിഷൻ ഡയറക്ടറായി സ്ഥലം മാറിപ്പോവുന്ന  കലക്ടർ കണ്ണൂരിന് നൽകുന്ന സമ്മാനംകൂടിയാണീ ചിത്രം. 
ഏഴാം ക്ലാസ് വിദ്യാർഥി ശിവയാണ് പരസ്യ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. അൻഷാദ് കരുവഞ്ചാൽ പ്രൊജക്ട് ഡിസൈനറും ജിതീഷ് ജോസ് പ്രൊജക്ട് കോ- ഓഡിനേറ്ററുമാണ്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലാണ് ചിത്രം നിർമിച്ചത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top