27 May Monday

ആ കൂടിക്കാഴ‌്ചയിലുമുണ്ട‌് അൽപ്പം ‘പ്രതിരോധ തന്ത്രം’

വെബ് ഡെസ്‌ക്‌Updated: Thursday Apr 18, 2019

 കണ്ണൂർ

എ കെ ജിയുടെ കുടുംബാംഗങ്ങളെന്ന പേരിൽ ചൊവ്വാഴ‌്ച കണ്ണൂരിൽ കേന്ദ്ര പ്രതിരോധ മന്ത്രി നിർമല സീതാരാമനെ സ്വീകരിക്കാനെത്തിയത‌് എയർ മാർഷൽ രഘുനാഥ‌് നമ്പ്യാരുടെ അമ്മ രാധ നമ്പ്യാരും അവരുടെ സഹോദരി ഹേമലത നമ്പ്യാരും. പരമ്പരാഗത കോൺഗ്രസ‌് കുടുംബമാണെങ്കിലും അടുത്തകാലത്തായി നരേന്ദ്ര മോഡി സർക്കാരുമായി ഇവർക്ക‌് ആത്മബന്ധമുണ്ട‌്. ഉപകാരസ‌്മരണ വഴിഞ്ഞൊഴുകിയ കൂടിക്കാഴ‌്ചയ‌്ക്ക‌ു പിന്നിൽ കൃത്യമായ മറ്റു ചില കണക്കുകൂട്ടലുകളും ഉണ്ടെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
നിലവിൽ പശ‌്ചിമ എയർ കമാൻഡ‌് മേധാവിയാണ‌് രഘുനാഥ‌് നമ്പ്യാർ. കിഴക്കൻ കമാൻഡ‌് മേധാവിയായിരുന്ന അദ്ദേഹം കഴിഞ്ഞ മാർച്ച‌് ഒന്നിനാണ‌്  വായുസേനയുടെ ഏറ്റവും തിളക്കമാർന്ന പശ‌്ചിമ കമാൻഡിൽ കമാൻഡിങ‌് ഇൻ ചീഫായി ചുമതലയേറ്റത‌്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും പ്രതിരോധമന്ത്രി നിർമല സീതാരാമന്റെയും പ്രത്യേക താൽപര്യവും കരുതലും ഈ നിയമനത്തിലുണ്ടെന്നത‌് രഹസ്യമല്ല. മുപ്പതിനായിരം കോടിയുടെ അഴിമതി നടന്ന റഫേൽ ഇടപാടിനെ പരസ്യമായി പിന്തുണച്ച ഉന്നത സൈനിക ഓഫീസറാണ‌്  രഘുനാഥ‌് നമ്പ്യാർ. അതിനുള്ള പ്രത്യുപകാരമായാണ‌് അദ്ദേഹത്തിന‌് ആരും കൊതിക്കുന്ന പുതിയ പദവി ലഭിച്ചതെന്ന‌് സംശയിക്കുന്നവർ ഏറെ. 
നമ്പ്യാരുടെ അമ്മ രാധ നമ്പ്യാർക്ക‌് നിർമല സീതാരാമനോട‌് ആദരവും കടപ്പാടുമുണ്ടാവുക സ്വാഭാവികം. സഹോദരി ഹേമലത നമ്പ്യാരുടെ മകളുടെ ഭർത്താവ‌് ശ്രീകുമാർ പ്രഭാകറും വായുസേനയിൽ ഉന്നത പദവിയിലാണ‌്. എയർ വൈസ‌് മാർഷൽ. നരേന്ദ്ര മോഡി വീണ്ടും അധികാരത്തിൽ വന്നാൽ ഈ കുടുംബത്തിനുണ്ടാകുന്ന നേട്ടം ഊഹിക്കാവുന്നതേയുള്ളൂ. 
തികഞ്ഞ ‘പ്രതിരോധ തന്ത്ര’ങ്ങളാണ‌് ബിജെപി വേദിയിലേക്കുള്ള ഇവരുടെ വരവിലും  മന്ത്രിയുമായുള്ള കൂടിക്കാഴ‌്ചയിലും ഒളിഞ്ഞിരിക്കുന്നതെന്നു വ്യക്തം. അതിന‌് എ കെ ജിയുമായി ബന്ധമൊന്നുമില്ല. കട്ടപിടിച്ച കോൺഗ്രസ‌് ആശയക്കാരായ രാധ നമ്പ്യാരുടെ കുടുംബത്തിന‌് എ കെ ജിയുടെ രാഷ്ട്രീയം ഉൾക്കൊള്ളാൻ ഒരിക്കലും കഴിഞ്ഞിരുന്നുമില്ല.
പ്രധാന വാർത്തകൾ
 Top