26 May Sunday

സമരപുളകങ്ങൾതൻ സിന്ദൂരമാലകൾ

സ്വന്തം ലേഖകൻUpdated: Thursday Apr 18, 2019
നാദാപുരം
ജന്മി പ്രമാണിവർഗത്തിന്റെയും മതവർഗീയവാദികളുടെയും  കൊലക്കത്തിക്കിരയായി ജീവത്യാഗം ചെയ്ത അനശ്വര രക്തസാക്ഷികളുടെ സ്മരണകളിരമ്പുന്ന ബലികുടീരങ്ങളിൽ രക്തപുഷ്പങ്ങൾ അർപ്പിച്ച് വടകര പാർലമെന്റ്‌ മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി പി ജയരാജൻ.  ബുധനാഴ‌്ച നാദാപുരം മണ്ഡലം പര്യടനത്തിനിടെയാണ‌് രക്തസാക്ഷി കുടുംബാംഗങ്ങളുടെ അനുഗ്രഹാശിസ്സുകൾ ഏറ്റുവാങ്ങിയത‌്. കുടുംബയോഗങ്ങളിലും പങ്കെടുത്തു. മുതിർന്ന സിപിഐ എം നേതാവ് ടി സി ഗോപാലൻ മാസ്റ്ററുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പങ്ങൾ അർപ്പിച്ചായിരുന്നു തുടക്കം. 
എൻഡിഎഫ് മത തീവ്രവാദികൾ കൊലപ്പെടുത്തിയ  ഈന്തുള്ളതിൽ ബിനുവിന്റെ തെരുംവംപറമ്പിലെ രക്തസാക്ഷി സ്തൂപത്തിൽ പുഷ്പങ്ങൾ അർപ്പിച്ച‌് അഭിവാദനമേകി. വീട്ടിലെത്തി അച്ഛൻ കേളപ്പനെയും കുടുംബാംഗങ്ങളെയും കണ്ടു. തലായിൽ ചെറു പ്രസംഗം. ശേഷം എടച്ചേരിയിലെ കോറോത്ത് ചന്ദ്രന്റെ സ്മൃതി മണ്ഡപത്തിൽ പുഷ‌്പാർച്ചന നടത്തി കുടുംബാംഗങ്ങളെ കണ്ടു. പൊള്ളുന്ന വേനൽച്ചൂടിനെ അവഗണിച്ച്  നൂറുകണക്കിനാളുകൾ 
 കുടുംബയോഗത്തിനെത്തിയിരുന്നു. മുതിർന്ന സിപിഐ എം  നേതാവ് കെ പി ചാത്തു മാസ്റ്ററെ കോട്ടമ്പ്രത്തെ വീട്ടിലെത്തി സന്ദർശിച്ചു. വെള്ളൂരിലെ രക്തസാക്ഷി ഷിബിന്റെ ബലി കുടീരത്തിൽ രക്തപുഷ്പങ്ങൾ അർപ്പിച്ച് വീട്ടിൽ ചേർന്ന കുടുംബയോഗത്തിൽ ചെറു പ്രസംഗത്തോടെ മടക്കം .
പേരോട് തട്ടാറത്ത് ജയന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനടത്തി കുടുംബാംഗങ്ങളെ കണ്ടു. ചെക്യാട് രക്തസാക്ഷി പി വി സന്തോഷ് നഗറിൽ മുദ്രാവാക്യം വിളികളോടെയാണ‌് സ്ഥാനാർഥിയെ വരവേറ്റത്. മടപ്പള്ളി കോളജ് വിദ്യാർഥിയായിരിക്കെ ലീഗുകാർ കുത്തിക്കൊന്ന കെ സജീവന്റെ രക്തസാക്ഷി മണ്ഡപത്തിൽ പുഷ‌്പങ്ങൾ വിതറി കുടുംബാംഗങ്ങളെ കണ്ടു. പാതയോരങ്ങളിൽ സ്ഥാനാർഥിയെ കാത്തിരുന്ന സ്ത്രീകളും കുട്ടികളും ലഘുപാനീയം നൽകി വരവേറ്റു.
വളയത്തെ രക്തസാക്ഷി ആലക്കൽ കുഞ്ഞിക്കണ്ണന്റെയും സുകുമാരന്റെയും സ‌്മൃതികുടീരങ്ങളിൽ  പുഷ്പാർച്ചന നടത്തി. ചെറുപ്രസംഗത്തിനു ശേഷം കാലികൊളുമ്പ് മലയോരത്തെത്തി. വൻ ജനാവലിയുണ്ടായിരുന്നു ഇവിടെയും.  ടി ജി ബാബുവിന്റെ തുടിക്കുന്ന സ്മരണക്ക് മുന്നിൽ  രക്തപുഷ്പങ്ങൾ അർപ്പിച്ച് മടക്കം. വാണിമേലിൽ ചെക്കൻ വിളിക്കും പെണ്ണുവിളിക്കും ലീഗിന്റെ കാപാലിക രാഷ‌്ട്രീയത്തിനുമെതിരെ പോരാടി മരിച്ച കെ പി കുഞ്ഞിരാമൻ, നീളം പറമ്പത്ത് കോരൻ, കാപ്പുമ്മൽ ദിവാകരൻ എന്നിവരുടെ സ്മൃതി മണ്ഡപത്തിൽ അഭിവാദ്യം അർപ്പിച്ചു. കുടുംബാംഗങ്ങളെയും സന്ദർശിച്ചു .
നരിപ്പറ്റയിൽ  ലീഗുകാർ വകവരുത്തിയ കുയ്തേരി കുമാരന്റെയും കടന്നപ്പുറത്ത് കുഞ്ഞിരാമന്റെയും രക്തസാക്ഷി കുടീരത്തിൽ പുഷ്പാർച്ചന നടത്തി കുടുംബാംഗങ്ങളെ കണ്ടു. കാവിലുംപാറയിലെ ധീര രക്തസാക്ഷികളായ കൃഷ്ണന്റെയും പാപ്പച്ചന്റെ യും ജ്വലിക്കുന്ന സ്മരണക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ച് കുടുംബാംഗങ്ങളെ കണ്ടായിരുന്നു മടക്കം. എൽഡിഎഫ്‌ നേതാക്കൾ  ഒപ്പമുണ്ടായി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top