05 June Friday

ജന്മനാടിന‌് ഏകസ്വരം; "ജയം ജയരാജനൊപ്പം'

സ്വന്തം ലേഖകന്‍Updated: Monday Mar 18, 2019

എൽഡിഎഫ്‌ വടകര പാർലമെന്റ്‌ മണ്ഡലം സ്ഥാനാർഥി പി ജയരാജന്‌ കുറ്റ്യേരിയിൽ നൽകിയ സ്വീകരണം

കൂത്തുപറമ്പ്/പാനൂർ
ജന്മനാടിന്റെ സ്‌നേഹത്തിനൊപ്പമായിരുന്നു ഞായറാഴ്ച എൽഡിഎഫ് വടകര മണ്ഡലം സ്ഥാനാർഥി പി ജയരാജൻ. ഓർമകൾ ഉണരുന്ന നാട്ടുവഴികളിലൂടെ സ്‌നേഹക്കടൽ താണ്ടിയുള്ള യാത്ര. കാണുന്നവരെല്ലാം പരിചയക്കാരും അടുപ്പമുള്ളവരും സുഹൃത്തുക്കളും. മകനെ, സഹോദരനെ പോലെ സ്‌നേഹംകൊണ്ട് പൊതിയുന്നവർ. പി ജയരാജൻ ഇവിടെ എല്ലാവർക്കും ജയരാജേട്ടനാണ്. ജന്മനാടുമായുള്ള സ്‌നേഹബന്ധത്തിന്റെ ആഴം അത്രയുമുണ്ടായിരുന്നു. പര്യടനത്തിൽ കണ്ടമുഖങ്ങളെല്ലാം തെളിഞ്ഞ പുഞ്ചിരിയിലും. 
കൂത്തുപറമ്പ് മണ്ഡലത്തിലൂടെ കടന്നുപോകുമ്പോൾ വികസനത്തിന്റെ തേരുതെളിച്ച മുൻ എംഎൽഎയുടെ കർമനിരതമായ കാലത്തിന്റെ അടയാളങ്ങൾ. കൂത്തുപറമ്പ് മാറോളിഘട്ട് ടൗൺ സ്‌ക്വയറും കൂത്തുപറമ്പ് സമൃദ്ധിയും വലിയവെളിച്ചം വ്യവസായവളർച്ചാകേന്ദ്രവും റോഡുകളുും ഐഎച്ച്ആർഡി കോളേജും... തുടങ്ങി കൂത്തുപറമ്പിനെ വികസനത്തിലേക്ക് നയിച്ച നേതാവാണ് നാടിന്റെ മനസിൽ. 
ആർഎസ്എസ് കൊലക്കത്തിയിൽ പിടഞ്ഞുവീണ കിഴക്കെ കതിരൂരിലെ എം കെ സുരേന്ദ്രന്റെ സ്മൃതിമണ്ഡപത്തിൽ പൂക്കളർപ്പിച്ച് രാവിലെ ഏഴിനാണ് പര്യടനം ആരംഭിച്ചത്. സുരേന്ദ്രന്റെ അമ്മ എം കെ ദേവുവും സഹോദരങ്ങളും പ്രിയസഖാവിന് വിജയാശംസ നേർന്നു. പര്യടനത്തിരക്കിനിടെ മകൻ ആഷിഷ് പി രാജിന്റെ കല്യാണ നിശ്ചയത്തിനായി അൽപനേരം  ഇരിട്ടിക്കടുത്ത എടക്കാനം കീരിയോട്ടെത്തി. അടുത്ത ബന്ധുക്കളും സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജനും അടക്കം ഏതാനും പേർ മാത്രം പങ്കെടുത്ത  ലളിതമായ ചടങ്ങിൽ ആഷിഷിന്റെയും എടക്കാനത്തെ നിമിഷയുടെയും വിവാഹം പറഞ്ഞുറപ്പിച്ച് മടക്കം. ജൂൺ രണ്ടിനാണ് വിവാഹം. 
പാട്യത്തെ രക്തസാക്ഷി കുറ്റിച്ചി രമേശൻ, പത്തായക്കുന്ന് മൂഴിവയലിലെ രക്തസാക്ഷി കെ വി സുകുമാരൻ എന്നിവരുടെ വീടുകൾ സന്ദർശിച്ചു. കൊട്ടയോടി ദിനേശ്ബീഡി കമ്പനി, കോങ്ങാറ്റ എ കെ ജി വായനശാല പരിസരം എന്നിവിടങ്ങളിലെത്തിയ പാട്യത്തിന്റെ സ്മരണകളിരമ്പുന്ന കൊട്ടയോടിയിലൂടെ മൊകേരിയിലേക്ക്. 
പാത്തിപ്പാലം കമ്യൂണിറ്റിഹാളിൽ ചേർന്ന ന്യൂനപക്ഷ വനിതാ കൺവൻഷനിലേക്ക് നിറഞ്ഞ കൈയടിയോടെ വരവേൽപ്. പ്രിയസഖാവ് ഐ വി ദാസിന്റെ ഭാര്യ സുശീലയെ സന്ദർശിച്ച് ആശിർവാദം തേടിയശേഷം രക്തസാക്ഷികളായ മൊകേരിയിലെ വി പി മനോജ്, കൃഷ്ണൻനായർ, തടത്തിൽ ബാലൻ എന്നിവരുടെ വീടുകളിലേക്ക്. 
ഡിവൈഎഫ്‌ഐ കടേപ്രംതെരുവിൽ സംഘടിപ്പിച്ച സമരത്തെരുവിൽ തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയം വിശദമാക്കി ഏതാനും വാക്കുകൾ. പാനൂരിലെ രക്തസാക്ഷികളായ കെ കെ രാജീവൻ, താഴയിൽ അഷറഫ്, കൂറ്റേരി രക്തസാക്ഷികളായ അരീക്കൽ അശോകൻ, ടി കെ കുഞ്ഞിക്കണ്ണൻ എന്നിവരുടെ കുടുംബത്തെയും സന്ദർശിച്ചു. കെസി മുക്കിലെ ആവേശകരമായ സ്വീകരണത്തിനുശേഷം പുത്തൂർ മർക്കസിൽ അധ്യാപകർക്കും വിദ്യാർഥികൾക്കുമൊപ്പം. 
ചെറുവാഞ്ചേരി, കോട്ടയം പഞ്ചായത്ത്, കൂത്തുപറമ്പ് നഗരസഭ എന്നിവിടങ്ങളിലെ വിവിധ പ്രദേശങ്ങൾ പിന്നിട്ട് രാത്രി വൈകിയാണ് പര്യടനം സമാപിച്ചത്.
പ്രധാന വാർത്തകൾ
 Top