04 June Thursday
മുണ്ടേരിക്കടവ് ഇക്കോ ടൂറിസം പദ്ധതി

പരിസ്ഥിതിക്ക് കോട്ടംതട്ടാതെയുള്ള വികസനം നടപ്പാക്കും–-മന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Feb 18, 2020
കണ്ണൂർ
പരിസ്ഥിതിക്ക് കോട്ടം തട്ടാതെയുള്ള വികസനം മുണ്ടേരി ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി നടപ്പാക്കുമെന്ന്‌  മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. മുണ്ടേരിക്കടവ് ഇക്കോ ടൂറിസം പദ്ധതിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുകയായിരുന്നു അദ്ദേഹം. 73.5 ലക്ഷം രൂപയാണ് സർക്കാർ പദ്ധതിയ്ക്കായി അനുവദിച്ചിരിക്കുന്നത്. 
തെന്മല ഇക്കോ ടൂറിസം പദ്ധതിയുടെ കൺസൾട്ടൻസി വിഭാഗമായ ഹരിതം മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. പക്ഷി നിരീക്ഷണം, തണ്ണീർത്തട സംരക്ഷണം എന്നിവയ്ക്ക പ്രാധാന്യം നൽകിക്കൊണ്ടാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. മുണ്ടേരിച്ചിറ പ്രദേശമാണ് പക്ഷി നിരീക്ഷണ കേന്ദ്രമായി മാറുന്നത്. ആറ് ഇനം ദേശാടനപ്പക്ഷികൾ ഉൾപ്പെടെ 240 ഇന പക്ഷികളിൽ പെട്ട ഒരു ലക്ഷത്തിലധികം പക്ഷികൾ മുണ്ടേരിക്കടവിൽ ഓരോ സീസണിലും എത്തുന്നുണ്ട്. 
വിദേശികളും സ്വദേശിയകളുമായ പക്ഷി നിരീക്ഷകരെയും വിനോദ സഞ്ചാരികളെയും ആകർഷിക്കത്ത രീതിയിലുള്ള പദ്ധതികളാണ് ഇവിടെ വിഭാവനം ചെയ്യുന്നത്. പക്ഷി നിരീക്ഷണ കേന്ദ്രത്തിന്റെ ആദ്യ ഘട്ടമെന്നോണം വിദ്യാർഥികളുടെ പഠന സംഘത്തെ ആകർഷിക്കുന്നതിനായി വിദ്യാഭ്യാസ വിനിമയ പഠനകേന്ദ്രം - ഇന്റർപ്രട്ടേഷൻ സെന്ററാണ് ആദ്യം ഇവിടെ നിർമിക്കുന്നത്. ഇവിടെ 50 പേർക്ക് ഒരേ സമയം ഇരുന്ന് കാണുവാനുള്ള സൗകര്യവും ചെറിയ പ്രദർശന ശാലയും ഒരുക്കും. ചെറിയ വായനമുറിയും ഇൻഡോർ ഗെയിംസ് സൗകര്യവും ഉണ്ടാകും. ആറു മാസത്തിനകം പദ്ധതി പൂർത്തിയാക്കണമെന്നും മന്ത്രി നിർദേശം നൽകി. 
തെന്മല ഇക്കോ ടൂറിസം പ്രൊജക്ട് ഡയറക്ടർ കെ മനോജ് കുമാർ, കലക്ടർ ടി വി സുഭാഷ്, പഞ്ചായത്ത് പ്രസിഡന്റ്‌ എ പങ്കജാക്ഷൻ, ടൂറിസം ജോയിന്റ് ഡെപ്യൂട്ടി ഡയരക്ടർ കെ ശ്രീനിവാസൻ എന്നിവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top