01 April Wednesday

ഫസൽ കേസ്‌ പുനരന്വേഷണ ആവശ്യം നവമാധ്യമങ്ങളും ഏറ്റെടുക്കുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Feb 18, 2020
തലശേരി
ഫസൽ കേസിൽ പുനരന്വേഷണ ആവശ്യവുമായി നവമാധ്യമങ്ങളും. നിരപരാധികളായ കാരായി സഖാക്കളെ ക്രൂശിക്കുന്നതിനെതിരായ രോഷവും പ്രതിഷേധവും വാട്‌സ്‌ആപ്പിലും ഫേസ്‌ബുക്കിലും നിറയുന്നു. ‘കൊന്നവർ കുറ്റം സമ്മതിച്ചു, തെളിവുകൾ വ്യക്തം, നിരപരാധികളെ സ്വതന്ത്രരാക്കുക...’ എന്ന ആവശ്യമാണ്‌ നവമാധ്യമങ്ങളിൽ വൈറലാവുന്നത്‌. ജസ്‌റ്റിസ്‌ ഫോർ കാരായി കോമ്രേഡ്‌സ്‌ ഹാഷ്ടാഗുകളിലും നീതിക്കായുള്ള ശബ്ദം ഉയരുന്നു.
എൻഡിഎഫ്‌ പ്രവർത്തകനായ ഫസലിനെ ആർഎസ്‌എസ്സുകാർ കൊന്നതിന്റെപേരിൽ കാരായി രാജനെയും കാരായി ചന്ദ്രശേഖരനെയും എന്തിന്‌ ക്രൂശിക്കണമെന്ന ചോദ്യം അന്വേഷക സംവിധാനത്തിനുമേലാണ്‌ പതിക്കുന്നത്‌. ആർഎസ്‌എസ്സുകാരായ കുപ്പി സുബീഷും കൂട്ടാളികളും ചേർന്നാണ്‌ ഫസലിനെ കൊന്നതെന്ന്‌ വ്യക്തമായതാണ്‌. കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിൽ പുനരന്വേഷണംമാത്രമാണ്‌ ഇനി വേണ്ടത്‌. അതിന്‌ നീതിപീഠവും അന്വേഷണ സംവിധാനവും കണ്ണു തുറക്കണം. 
കേസിൽ കുടുക്കപ്പെട്ട കാരായി രാജനും കാരായി ചന്ദ്രശേഖരനും എട്ടുവർഷമായി എറണാകുളത്താണുള്ളത്‌. നിരപരാധികളെന്ന്‌ തെളിഞ്ഞ ഇവരുടെ  മോചനത്തിനായുള്ള ജനവികാരമാണ്‌ നവമാധ്യമങ്ങളിൽ പ്രകടമാവുന്നത്‌. പ്രൊഫ. എം കെ സാനു ഉൾപ്പെടെയുള്ള എഴുത്തുകാരും കവികളും കലാകാരന്മാരും നീതിനിഷേധത്തിനെതിരെ പ്രകടിപ്പിച്ച അഭിപ്രായവും നവമാധ്യമങ്ങൾ ഏറ്റെടുക്കുകയാണ്‌.
പ്രധാന വാർത്തകൾ
 Top