05 December Thursday

- നാമമാത്ര ഭൂവുടമകള്‍ക്ക് 1.05 കോടി നല്‍കി ഗെയിലിലൂടെ ലക്ഷ്യമിടുന്നത് വ്യാവസായിക കുതിപ്പ്: മന്ത്രി ഇ പി

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2019

ഗെയിൽ പ്രകൃതി വാതക പൈപ്പ്‌ ലൈൻ പദ്ധതിയിൽ ഭൂമി നഷ്ടപ്പെട്ടവർക്കുള്ള പ്രത്യേക ധനസഹായം മന്ത്രി ഇ പി ജയരാജൻ നൽകുന്നു

കണ്ണൂർ
സംസ്ഥാനത്തിന്റെ വ്യാവസായിക കുതിപ്പും ഓരോ കുടുംബത്തിന്റെയും അഭിവൃദ്ധിയുമാണ് ഗെയിൽ പൈപ്പ് ലെൻ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന്  മന്ത്രി ഇ പി ജയരാജൻ. ഭൂമിക്കടിയിലൂടെയുള്ള പൈപ്പ് ലൈൻ ഏറെ സുരക്ഷിതമാണെന്നും മന്ത്രി പറഞ്ഞു. പദ്ധതിക്കായി ഭൂമി നൽകിയവർക്കുള്ള ധനസഹായ വിതരണം   ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. 
എല്ലാ ശാസ്ത്രീയ സുരക്ഷാ പരീക്ഷണങ്ങളും നടത്തിയാണ്‌ പദ്ധതി നടപ്പാക്കാനൊരുങ്ങുന്നത്‌.  കേരളത്തിൽ മാത്രമാണ് ഭൂവുടമകൾക്ക് സ്‌പെഷ്യൽ പാക്കേജ് നൽകുന്നത്. ഗാർഹിക ഉപയോഗത്തിൽ എൽപിജിയെക്കാൾ 40 ശതമാനം വിലക്കുറവ് ലഭിക്കും. 4700 കോടി രൂപയാണ് കേരള-, കർണാടക സംസ്ഥാനങ്ങളിൽ പദ്ധതിയുടെ ചെലവ്. 
 ഈ സർക്കാർ അധികാരത്തിൽ വന്നശേഷമാണ് പൈപ്പ് ലൈൻ പദ്ധതിയുടെ പ്രശ്‌നങ്ങൾ മനസിലാക്കി  പരിഹാരം കാണാൻ ശ്രമം തുടങ്ങിയത്‌.  അതോറിറ്റിയുമായി ചർച്ച നടത്തി കൃഷിക്കാരുടെ താൽപര്യം  സംരക്ഷിച്ചാണ്‌  പ്രശ്‌നം പരിഹരിച്ചത്‌. തെറ്റായ പ്രചാരണം പദ്ധതി വൈകാൻ കാരണമായെന്നും മന്ത്രി പറഞ്ഞു.
കൊച്ചി-–- മംഗളൂരു പ്രകൃതി വാതക പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് ഭൂമി നൽകിയ നാമമാത്ര ഭൂവുടമകൾക്ക് സർക്കാർ പ്രഖ്യാപിച്ച പ്രത്യേക പാക്കേജിന്റെ  ധനസഹായ വിതരണമാണ്‌ നടന്നത്‌. 21 ഭൂവുടമകൾക്ക് അഞ്ച് ലക്ഷം രൂപ വീതം 1.05 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വിതരണം ചെയ്തത്. നാദാപുരംമുതൽ നിലേശ്വരംവരെയുള്ള, കണ്ണൂർ സ്പ്രെഡിന് കീഴിൽ വരുന്ന 110 കിലോമീറ്റർ ദൂരത്തിലുള്ള പദ്ധതി പ്രദേശങ്ങളിൽ സ്ഥലം വിട്ടുനൽകിയ ഭൂവുടമകളിൽനിന്ന് ലഭിച്ച 40 അപേക്ഷകളിൽ തെരഞ്ഞെടുക്കപ്പെട്ട 20 പേർക്കായിരുന്നു സഹായ വിതരണം. 
   കാർഷിക വിളകൾക്ക് നഷ്ടം വന്ന കർഷകർക്കുള്ള നഷ്ടപരിഹാരത്തിനു പുറമെയാണ് സ്‌പെഷ്യൽ പാക്കേജ് നൽകിയത്. വിള നഷ്ടമായ വയലിന് സെന്റിന് 3760 രൂപയാണ് നൽകിയിരുന്നത്. ജില്ലയിൽ കൃഷിനാശത്തിനായി ഇതുവരെ 40.86 കോടി രൂപയും നൽകിയിട്ടുണ്ട്. 2020 മാർച്ചിൽ പദ്ധതി പൂർത്തിയാക്കാനാണ് അധികൃതരുടെ തീരുമാനം.
 കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ കെ കെ രാഗേഷ് എം പി അധ്യക്ഷനായി. കലക്ടർ ടി വി സുഭാഷ്, എഡിഎം ഇ പി മേഴ്‌സി, ഗെയിൽ സീനിയർ മാനേജർ സയിദ് സിറാജുദ്ദീൻ, ഗെയിൽ കൺസ്ട്രക്‌ഷൻ മാനേജർ പി ഡി അനിൽ കുമാർ, തുടങ്ങിയവർ  പങ്കെടുത്തു.
 
 
പ്രധാന വാർത്തകൾ
 Top