05 December Thursday

മണലോ... ഇനി ഈസിയല്ലേ

സ്വന്തം ലേഖികUpdated: Sunday Nov 17, 2019

അഴീക്കൽ മണൽ വിതരണകേന്ദ്രം

കണ്ണൂർ
ജില്ലയിലെ മണൽക്ഷാമം പരിഹരിക്കുന്നതിന്‌ അഴീക്കൽ തുറമുഖത്തെ മണൽ വിൽപന സംവിധാനം കൂടുതൽ ഉപഭോക്തൃസൗഹൃദമാക്കി. മൊബൈൽ ഫോൺ വഴി ജില്ലയിലെ 10 കടവുകളിലൂടെയും ബുക്ക്‌ ചെയ്യുന്ന മണൽ ഉപഭോക്താവിന്‌ ഇനി ഉടൻ  ലഭിക്കും. തുറമുഖ മണൽ വില്പന വെബ് സൈറ്റായ "portinfo.kerala.gov.in'_ ലൂടെ മൂന്നുതരം ബുക്കിങ് സൗകര്യമൊരുക്കി. ഓൺലൈനായി പണമടയ്‌ക്കാനുള്ള സംവിധാനവും ഏർപ്പെടുത്തിയതിനാൽ വീട്ടിലിരുന്ന്‌ മണൽ ബുക്ക്‌ ചെയ്യാം. 
ബിൽഡിങ് ‌പെർമിറ്റും ആധാർ കാർഡും ഉപയോഗിച്ച് രജിസ്‌റ്റർ ചെയ്യുന്നതാണ്‌ ആദ്യരീതി. വീടിന്റെ വലിപ്പമനുസരിച്ച് പരമാവധി 150 ടൺ മണൽവരെ പാസാകും. ഉപഭോക്താവിന്റെ ആവശ്യാനുസരണം മൂന്നു ടൺ, അഞ്ചു ടൺ അളവുകളിൽ ഘട്ടംഘട്ടമായി മണൽ ബുക്ക്ചെയ്ത് കൊണ്ടുപോകാം. 
രണ്ടാമത്തെ രീതി അറ്റകുറ്റപ്പണികൾക്കായാണ്‌. വീടിന്റെ കരമടച്ച രസീതും ആധാറും ഉപയോഗിച്ചാണ്‌ രജിസ്‌റ്റർ ചെയ്യേണ്ടത്‌. 15 ടൺ മണലാണ്‌ അനുവദിക്കുക. സ്‌പോട്ട്‌ ബുക്കിങ്ങാണ്‌ മൂന്നാമത്തെ മാർഗം. മേൽപറഞ്ഞ രണ്ടു രീതിയിലും ബുക്ക്‌ ചെയ്യുന്നവർക്ക്‌ മണൽ അനുവദിച്ചശേഷം അതത്‌ ദിവസം മിച്ചംവരുന്ന മണൽ ഈ  സംവിധാനത്തിലൂടെ വിതരണംചെയ്യും. അത്യാവശ്യമുള്ളവർക്ക് ആധാർ നമ്പർ മാത്രം നൽകി എളുപ്പത്തിൽ ബുക്ക് ചെയ്യാം. തൊട്ടടുത്ത ദിവസം തന്നെ മണൽ ലഭ്യമാകും. 
ബുക്കിങ് സമയത്ത്‌ നൽകുന്ന മൊബൈലിൽ വൺടൈം പാസ്‌ വേഡ്‌ ലഭിക്കും. ഇതുപയോഗിച്ചാണ്‌ പാസ്‌ അനുവദിക്കുന്നത്‌. കടവിലേക്ക് വരുന്നവർ ഈ ഫോണുമായി എത്തണം. മൂന്നു ടൺ, അഞ്ചു ടൺ ലോറികൾ കടവുകളിൽ തന്നെയുണ്ടാകും. മൂന്നു ടൺ ലോറിക്ക്‌ - ആദ്യ അഞ്ചു കിലോമീറ്ററിന് 1100- രൂപയും പിന്നീടുള്ള ഓരോ കിലോമീറ്ററിനും 60 രൂപ വീതവും  അഞ്ചു ടൺ -ലോറിക്ക്‌ ആദ്യ അഞ്ചു കിലോമീറ്ററിന് 1450 രൂപയും പിന്നീടുള്ള ഓരോ കിലോമീറ്ററിനും 95- രൂപ വീതവുമാണ്‌ അംഗീകൃതനിരക്ക്‌.  ഉപഭോക്താക്കൾക്ക് നേരിട്ട്‌ ലോറിയുമായിവന്നും മണലെടുക്കാം. മാട്ടൂൽ–-മടക്കര കടവിൽനിന്ന്‌  ഏഴു ടൺ, 10 ടൺ  ലോറികളിലുൾപ്പെടെ ഇഷ്ടമുള്ള സ്ഥലത്തേക്ക് മണൽ ബുക്ക്‌ ചെയ്യുന്നതിന്‌ പ്രത്യേക സൗകര്യവുമുണ്ട്‌. തുറമുഖ ഓഫീസിൽ രാവിലെ 10 മുതൽ വൈകിട്ട്‌ അഞ്ചുവരെ ഉപഭോക്തൃസേവനകേന്ദ്രവും പ്രവർത്തിക്കുന്നു. ഫോൺ: 9074395985.
 
 
പ്രധാന വാർത്തകൾ
 Top