കണ്ണൂർ
ആർഎസ്എസ്സിന്റെ കണ്ണുരുട്ടലിൽ ഭയപ്പെട്ടുനിൽക്കുകയാണ് ഇന്ത്യൻ ഭരണവ്യവസ്ഥയെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദൻ പറഞ്ഞു. ജുഡീഷ്യറിക്കുപോലും ഇതിൽനിന്നു മാറിനിൽക്കാനാകുന്നില്ലെന്നാണ് സമീപകാല സംഭവങ്ങൾ തെളിയിക്കുന്നത്. ചിന്ത പുസ്തകോത്സവത്തിന്റെ ഭാഗമായി ടൗൺസ്ക്വയറിൽ ‘വർഗീയതയും ഭരണകൂടവും’ വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഭരണഘടനയാണോ വിശ്വാസമാണോ പ്രധാനമെന്നതിൽ സുപ്രീകോടതി പോലും വ്യത്യസ്തനിലപാട് സ്വീകരിക്കുന്നത് ദൗർഭാഗ്യകരമാണ്. മുത്തലാഖിൽ ഭരണഘടനയും നിയമസംവിധാനവുമാണ് പ്രധാനമെന്നായിരുന്നു നിലപാട്. മുത്തലാഖ് നിരോധിക്കുകയും ക്രിമിനൽ കേസാക്കി മാറ്റുകയും ചെയ്തു. അതേ സുപ്രീംകോടതി അയോധ്യ, ശബരിമല വിഷയങ്ങളിൽ വിശ്വാസമാണ് പ്രധാനമെന്നു പറയുന്നു.
ഹിന്ദുവർഗീയവാദികളുടെ താൽപര്യത്തിന് ജുഡീഷ്യറിയും കീഴ്പ്പെടുകയാണോയെന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാവില്ല. ജുഡീഷ്യറി മാത്രമാണ് ആശ്രയമെന്ന് പൊതുവിൽ പറയാറുണ്ട്. എന്നാൽ, ആ ആശ്രയവും അറ്റുപോകുന്ന അപകടകരമായ സാഹചര്യമാണ് രാജ്യത്ത്. എം വി ഗോവിന്ദൻ പറഞ്ഞു. പി മനോഹരൻ അധ്യക്ഷനായി. എ നിശാന്ത് സ്വാഗതം പറഞ്ഞു.
ഞായറാഴ്ച രാവിലെ പത്തുമുതൽ കഥ, ചിത്രം ശിൽപ്പശാല നടക്കും. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും ലളിതകലാ അക്കാദമിയുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ശിൽപ്പശാല കെ പി സുധീര ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് ഗാനമേള.