18 September Wednesday

നാടിനെ തിരിച്ചെടുക്കാൻ യുവത

സ്വന്തം ലേഖികUpdated: Saturday Aug 17, 2019

ഡിവൈഎഫ്‌ഐ യൂത്ത്‌ ബ്രിഗേഡ്‌ നേതൃത്വത്തിൽ പേരട്ട തൊട്ടിൽപ്പാലത്ത്‌ കിണർ ശുചീകരിക്കുന്നു.

കണ്ണൂർ
പ്രളയത്തിൽ മുങ്ങിപ്പോയ നാടിനെ തിരിച്ചെടുക്കുകയായിരുന്നു യുവത.  ചെളിവെള്ളം ഇരച്ചെത്തിയ മുറികളും ഓവുചാലിനൊപ്പം മുങ്ങിപ്പോയ കിണറുകളും മാലിന്യം അടിഞ്ഞു കൂടിയ പരിസരങ്ങളും ആരാധനാലയങ്ങളുമടക്കം യുവജനങ്ങൾ നടത്തിയ മെഗാ ശുചീകരണത്തിന്റെ ഭാഗമായി. ഡിവൈഎഫ്‌ഐ 25,000 യൂത്ത്‌ ബ്രിഗേഡുമാരാണ്‌ വ്യാഴാഴ്‌ച ജില്ലയിൽ ശുചീകരണത്തിനിറങ്ങിയത്‌.  
വർഗീയത വേണ്ട ജോലി മതി എന്ന മുദ്രാവാക്യമുയർത്തി സ്വാതന്ത്ര്യദിനത്തിൽ നടത്താനിരുന്ന  യൂത്ത്‌ സ്‌ട്രീറ്റ്‌ ക്യാമ്പയിൻ മാറ്റിവച്ചാണ്‌ മെഗാ ശുചീകരണം നടത്തിയത്‌.  
ഇരിട്ടിയിലെ ചാവശേരി, ഉളിക്കൽ, കുന്നോത്ത്‌,  പായം, കോളിക്കടവ്‌  മേഖലകളിലെ 90 കിണറുകളാണ്‌  ശുചീകരിച്ചത്‌. നാല്‌ ദിവസങ്ങളിലായി 450 വീട്‌ ശുചീകരിച്ചു. കുന്നോത്ത്‌ കുടിവെള്ളമെത്തിക്കാനും യൂത്ത്‌ ബ്രിഗേഡുമാരെത്തി. പയ്യന്നൂരിലെ  കാനായി, തോട്ടംകടവ്‌, മണിയറ പ്രദേശങ്ങളിലാണ്‌ ശുചീകരണം. കോറളായി, പാവന്നൂർ, കയരളം, നാറാത്ത്‌ പ്രദേശങ്ങളിൽ 20 കിണറുകളാണ്‌ ശുചീകരിച്ചത്‌. നാല്‌ ദിവസങ്ങളിലായി 428 വീടുകളും ഏഴ്‌ ആരാധനാലയങ്ങളും എട്ട്‌ സ്‌കൂളുകളും ശുചീകരിച്ചു. ചെറുകുന്ന്‌, പള്ളിക്കര, താവം തുടങ്ങിയ മേഖലകളിൽ 15 കിണറുകളും 30 വീടുകളുമാണ്‌ വൃത്തിയാക്കിയത്‌. 
ശ്രീകണ്ഠപുരം മേഖലയിൽ വളക്കൈ, പടിയൂർ, ചൂളിയാട്‌, ഇരിക്കൂർ ചെങ്ങളായി മേഖലകളിലാണ്‌ ശുചീകരണം നടന്നത്‌. വെള്ളമിറങ്ങിയപ്പോൾതന്നെ ശ്രീകണ്ഠപുരം ടൗൺ മുഴുവൻ ശുചീകരിക്കാനും യൂത്ത്‌ ബ്രിഗേഡുമാർ മുന്നിട്ടിറങ്ങി. മാടായി മേഖലയിൽ ഇതുവരെ 696 വീട്‌ ശുചീകരിച്ചു. പാണപ്പുഴ, കോട്ടക്കുന്ന്‌, പുറച്ചേരി മേഖലകളിൽ വീടുകളും ശുദ്ധ ജലസ്രോതസുകളും വൃത്തിയാക്കി.
പ്രധാന വാർത്തകൾ
 Top