20 November Wednesday

പ്രളയച്ചുഴിയ്‌ക്ക്‌ മേലെ സ്‌നേഹത്തിര

ആദർശ്‌ ലക്ഷ്‌മണൻUpdated: Saturday Aug 17, 2019

അഴീക്കോട്

പ്രളയത്തിന്റെ ആഴങ്ങളിലേക്ക്‌ താഴ്‌ന്നുപോകുമായിരുന്ന ഒരു  ജനതയെ ജീവിതത്തിലേക്ക്‌ പിടിച്ചുയർത്തിയ കരങ്ങൾ... ഒരു നിമിഷംപോലും വൈകാതെ  ഓടിയെത്തിയ സന്നദ്ധത... അഴീക്കലിലെ മത്സ്യത്തൊഴിലാളികളും കോസ്റ്റൽ സ്റ്റേഷനിലെ പൊലീസുകാരും. അതിജീവനത്തിന്റെ ഏടുകളിൽ ഉവരുടെ സേവനം എന്നും മായാതെ നിൽക്കും. കഴിഞ്ഞ ആറിനാണ്‌  കാലവർഷം കണ്ണൂരിൽ ശക്തമായത്‌. എഴിന്  രാവിലെ മുതൽ മഴ നിർത്താതെ പെയ്തതോടെ  പ്രതീക്ഷിക്കാത്ത ഇടങ്ങളിൽപോലും വെള്ളമുയർന്നു. അഴീക്കൽ കോസ്റ്റൽ സ്റ്റേഷനിലേക്ക് ഡിവൈഎസ്‌‌പി പി പി സദാനന്ദന്റെ നിർദേശം വന്നു. ‘‘നമുക്ക് അടിയന്തരമായി മത്സ്യത്തൊഴിലാളികളെയും ബോട്ടുകളെയും ദുരന്തമുഖത്ത്‌ എത്തിക്കണം.’’  ഞങ്ങൾ തയ്യാറാണെന്ന്‌ കടലിന്റെ മക്കൾ  അറിയിച്ചതോടെ പിന്നെ വൈകിയില്ല. അഴീക്കോട് നീർക്കടവിൽനിന്നും അഴീക്കലിൽനിന്നും മത്സ്യത്തൊഴിലാളികളെത്തി. ഫൈബർ വള്ളങ്ങൾ കടത്താൻ വാഹനങ്ങൾ വേണമെന്നതായിരുന്നു ആദ്യ ആവശ്യം.
വളപട്ടണം സിഐ എം കൃഷ്ണൻ വാഹനങ്ങൾ നിമിഷങ്ങൾക്കുള്ളിൽ എത്തിച്ചു. വള്ളങ്ങൾ വാഹനങ്ങളിലേക്ക് കയറ്റുകയായിരുന്നു അടുത്ത ശ്രമകരമായ കാര്യം. ക്രെയിൻ ഉപയോഗിച്ച് രണ്ട് ബോട്ട് ലോറിയിൽ കയറ്റി. ബാക്കി ബോട്ടുകൾ  ചുമലിൽ ചുമന്ന് മത്സ്യത്തൊഴിലാളികളും നാട്ടുകാരും ലോറിയിൽ കയറ്റി. പകൽ  12ന് അഴീക്കലിൽനിന്നും 30 മത്സ്യത്തൊഴിലാളികളും പുതുതായി നിയമിതരായ എഴ് കോസ്റ്റൽ വാർഡന്മാരും കോസ്റ്റൽ പൊലീസുമടക്കം ഒരു വലിയ സംഘം രക്ഷാപ്രവർത്തകർ ദുരന്തമുഖത്തേക്ക് പുറപ്പെട്ടു. 
വെള്ളക്കെട്ട് രൂക്ഷമായ മയ്യിൽ, മുല്ലക്കൊടി, ഒറപ്പടി, പാവന്നൂർക്കാവ് പ്രദേശങ്ങളിലേക്കാണ് സംഘം ആദ്യമെത്തിയത്.  രക്ഷാപ്രവർത്തനം തുടങ്ങാൻ ഒരു നിമിഷംപോലും വൈകിക്കൂടാത്ത സാഹചര്യം. ലോറിയിൽനിന്നും വള്ളങ്ങൾ കയറ്റിയതിനെക്കാൾ പ്രയാസപ്പെട്ടാണ് ഇറക്കിയത്. 
വലിയ ബോട്ടുകളുമായി എല്ലാ സ്ഥലത്തും ചെന്നെത്താൻ സാധിക്കില്ല എന്ന് മനസിലാക്കിയതോടെ ചെറുവള്ളങ്ങളും എത്തിച്ചു. പിന്നീട് മത്സ്യത്തൊഴിലാളികളും കോസ്റ്റൽ വാർഡന്മാരും വള്ളങ്ങളിൽ കയറി ഓരോ മേഖലകളിലേക്ക് നീങ്ങി. വളപട്ടണം പുഴ കരകവിഞ്ഞൊഴുകുന്നതിനാൽ വെള്ളത്തിന്റെ ഒഴുക്ക് കൂടാൻ തുടങ്ങി.  വീടുകളിൽ കുടുങ്ങിക്കിടക്കുന്നവരെ അവർ  വള്ളത്തിൽ കയറ്റി സുരക്ഷിതരായി കരയിലെത്തിച്ചു.
അഞ്ച് ദിവസങ്ങളിലായി മയ്യിൽ, ശ്രീകണ്‌ഠപുരം, ചെങ്ങളായി, തുരുത്തി പ്രദേശങ്ങളിൽ നിന്നും ഇവർ രക്ഷപ്പെടുത്തിയത് ഇരുന്നൂറിലധികം പേരെയാണ്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top