15 October Tuesday

കവിതകൊണ്ടു തൊട്ടു; കലക്‌ഷൻ ഹിറ്റ്‌

ജസ്‌ന ജയരാജ്‌Updated: Saturday Aug 17, 2019

കണ്ണൂർ

ഉള്ളിൽ കവിതയും വിരൽത്തുമ്പിൽ അക്ഷരങ്ങളുംമാത്രം സ്വന്തമായുള്ള ഒരു ചെറുപ്പക്കാരന്‌ ഈ അതിജീവനകാലത്ത്‌ എന്ത്‌ ചെയ്യാനാവും. മാട്ടൂലിലെ അക്ഷയ്‌ കുമാർ ഈ ചോദ്യത്തെ നേരിട്ടത്‌ കവിത കൊണ്ടുതന്നെ. ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ അക്ഷയ്‌ കണ്ടെത്തിയ വഴിയും കവിതപോലെ അത്രമേൽ ഹൃദ്യമായാണ്‌ എല്ലാവരെയും തൊട്ടത്‌.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ പണം സമാഹരിക്കാൻ ഫേസ്‌ബുക്കിൽ അക്ഷയ്‌ തുടങ്ങിയ  വിചിത്ര ചലഞ്ചാണ്‌ ഇപ്പോൾ ചർച്ചാവിഷയം. അഞ്ച്‌  ദിവസം മുമ്പാണ്‌ അക്ഷയ്‌ കവിതകൊണ്ട്‌ ഫേസ്‌ബുക്ക്‌ വിപ്ലവത്തിന്‌ തുടക്കമിട്ടത്‌.  ദുരിതാശ്വാസനിധിയിലേക്ക്‌ നൂറു രൂപയെങ്കിലും സംഭാവന ചെയ്യുക. അതിന്റെ സ്‌ക്രീൻ ഷോട്ട്‌ മെസഞ്ചർ വഴിയോ വാട്‌സാപ്‌ വഴിയോ അക്ഷയ്‌ക്ക്‌ അയച്ചു കൊടുക്കുക. പകരം കിട്ടുന്നതോ അയക്കുന്ന ആളെക്കുറിച്ച്‌ ഒരു സുന്ദരൻ കവിത ഫോട്ടോയ്‌ക്കൊപ്പം അക്ഷയ്‌കുമാറിന്റെ ഫേസ്‌ബുക്കിൽ തെളിയും.
അറിയാവുന്ന ആളാണെങ്കിൽ കവിതയിൽ അയാളുടെ വ്യക്തിത്വത്തിന്റെ അടയാളങ്ങൾ നിഴലിക്കും. ഇൻസ്‌റ്റന്റ്‌ കവിതയിൽ ആകൃഷ്‌ടരായെത്തുന്ന അപരിചിതരെപോലും അക്ഷയ്‌ നിരാശപ്പെടുത്താറില്ല. അവരുടെ ഫേസ്‌ ബുക്ക്‌ പോസ്‌റ്റുകളിൽനിന്നും അയച്ചു കിട്ടുന്ന ഫോട്ടോയിൽനിന്നും അക്ഷയ്‌ കണ്ടെടുക്കുന്ന പ്രത്യേകതകൾ കവിതയായി മാറും. ഫേസ്‌ബുക്കിൽ പോസ്‌റ്റ്‌ ചെയ്യാതെ ഇൻബോക്സിൽ അയച്ചുതരണമെന്ന്‌ ആവശ്യപ്പെടുന്നവരുമുണ്ട്‌. പണം നൽകാം, കവിത വേണ്ടെന്ന്‌ പറഞ്ഞ്‌ ചലഞ്ചിനോടുള്ള സ്‌നേഹം പങ്കുവയ്‌ക്കുന്നവരുമുണ്ട്‌. 
ന്യൂജനറേഷൻ ഏറ്റെടുത്ത ഈ ചലഞ്ചിലൂടെ  നാൽപതിനായിരം രൂപയാണ്‌ അക്ഷയ്‌ ദുരിതാശ്വാസ നിധിയിലേക്ക്‌ സമാഹരിച്ചു നൽകിയത്‌.  അമ്പതിൽപരം കവിതകളും പിറന്നു. 
ചലഞ്ചിൽ പങ്കാളിയായ ടി വി രാജേഷ്‌ എംഎൽഎ കഴിഞ്ഞ ദിവസം ഫേസ്‌ബുക്കിൽ പോസ്‌റ്റിട്ടിരുന്നു. അക്ഷയിനെകുറിച്ച്‌ നാലുവരി കവിതയും  പോസ്‌റ്റ്‌ ചെയ്‌തു. 
ഫേസ്‌ബുക്കിൽ നൂറ്‌ ദിവസം നൂറ്‌ കവിത ചലഞ്ചിന്‌ ലഭിച്ച വൻസ്വീകാര്യതയുടെ ചുവടുപിടിച്ചാണ്‌ അക്ഷയ്‌ അക്ഷരക്കൂട്ടങ്ങളുമായി വീണ്ടും ഇറങ്ങിയത്‌. മാടായി ബാങ്ക്‌ കളക്ഷൻ ഏജന്റായ  യുവാവിന്‌  ഫേസ്‌ബുക്കിലൂടെ നടത്തിയ ‘കളക്ഷന്‌’ ലൈക്കുകളുടെ പ്രവാഹമാണ്‌. മലയാളത്തിൽ അക്ഷയ്‌ കുമാർ എന്ന്‌ സെർച്ചു ചെയ്‌താൽ അക്ഷയിന്റെ  ഫേസ്‌ബുക്ക്‌ പേജിൽ കയറാം.
പ്രധാന വാർത്തകൾ
 Top