25 August Sunday

കണ്ണൂരിൽ19ന് റെഡ് അലര്‍ട്ട്

വെബ് ഡെസ്‌ക്‌Updated: Wednesday Jul 17, 2019
കണ്ണൂർ
കണ്ണൂർ ജില്ലയിൽ 19ന‌് അതീവ ജാഗ്രതയ‌്ക്കുള്ള റെഡ‌് അലർട്ട‌് പ്രഖ്യാപിച്ചു.  ബുധനാഴ‌്ചയും  വ്യാഴാഴ‌്ചയും  യെല്ലോയും 20ന് ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. റെഡ് അലർട്ട്  ദിവസം ജില്ലയിൽ അതിതീവ്ര (24 മണിക്കൂറിൽ 204  മില്ലീമീറ്ററിൽ കൂടുതൽ) മഴയ്ക്കും ഓറഞ്ച് അലർട്ട്  ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമോ അതിശക്തമോ (115 മി.മീ മുതൽ 204.5 മി.മീ വരെ)  ആയ മഴയ്ക്കും സാധ്യതയുണ്ടെന്ന്  കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണം.
റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രളയസാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ, 2018ലെ പ്രളയത്തിൽ വെള്ളംകയറിയ പ്രദേശങ്ങളിലുള്ളവർ, അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവർ, ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ, 2018ൽ ഉരുൾപൊട്ടലുണ്ടാവുകയോ ജിയോളജിക്കൽ സർവേയിൽ  വാസയോഗ്യമല്ലാത്തതെന്ന് കണ്ടെത്തിയ പ്രദേശങ്ങളിൽ താമസിക്കുന്നവർ, പ്രളയത്തിലും ഉരുൾപൊട്ടലിലുമായി പൂർണമായി വീട് നഷ്ടപ്പെടുകയും ഇതുവരെ പണി പൂർത്തീകരിക്കാത്തതുമായ വീടുകളിൽ താമസിക്കുന്നവർ, പ്രളയത്തിൽ ഭാഗികമായി കേടുപാടുകൾ സംഭവിക്കുകയും അറ്റകുറ്റപ്പണി പൂർത്തിയാക്കാത്തതുമായ വീടുകളിൽ താമസിക്കുന്നവർ എന്നിങ്ങനെ  പ്രധാനപ്പെട്ട രേഖകളും വിലപ്പെട്ട വസ്തുക്കളും ഉൾപ്പെടുന്ന  എമർജൻസി കിറ്റ് തയാറാക്കിവയ‌്ക്കണം.  മാറിത്താമസിക്കേണ്ട സാഹചര്യം വരികയാണെങ്കിൽ അധികൃതർ നിർദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ തയാറാകണം.
പ്രധാന വാർത്തകൾ
 Top