29 July Thursday
കനത്ത കാറ്റും മഴയും

മലയോരത്ത്‌ 
5 വീടുകൾ തകർന്നു

വെബ് ഡെസ്‌ക്‌Updated: Thursday Jun 17, 2021

കാറ്റിൽ മരംവീണ്‌ തകർന്ന ചെടിക്കുളത്തെ മംഗലോടൻ അസ്മയുടെ വീട്‌.

ഇരിട്ടി
കാലവർഷക്കെടുതിയിൽ അയ്യങ്കുന്ന്‌, ആറളം പഞ്ചായത്തുകളിൽ അഞ്ച്‌ വീടുകൾ തകർന്നു.  കാറ്റിൽ വീടിന്റെ മേൽക്കൂര തകർന്ന്‌ വാണിയപ്പാറയിലെ കുറ്റിക്കാട്ടുകുന്നേൽ ജോസഫിന് പരിക്കേറ്റു. ആസ്‌ബസ്‌റ്റോസ്‌ ഷീറ്റുകളും ജനൽപാളികളും തെറിച്ചുവീണ്‌ ജോസഫിന്റെ മുഖത്തും കാലിനുമാണ്‌ പരിക്ക്‌. ജോസഫ്‌ ഇരിട്ടിയിലെ  സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. ടിവിയും  വീട്ടുപകരണങ്ങളും നശിച്ചു. 
ആറളത്ത് കാറ്റിൽ മരംവീണ് നാലു വീടുകൾ തകർന്നു. മേഖലയിൽ കനത്ത മഴ തുടരുകയാണ്‌. പുഴകളിലും തോടുകളിലും ജലനിരപ്പ്‌ ഉയർന്നു. മൂന്ന്  ദിവസമായി തുടരുന്ന പേമാരിയും കാറ്റും ആറളത്തും‌ നാശം വിതച്ചു. റബർ മരങ്ങൾ കടപുഴകി ചെടിക്കുളത്ത് മംഗലോടൻ അസ്മയുടെ വീട്  തകർന്നു. പെരുമ്പഴശ്ശിയിൽ പുതിയ വീട്ടിൽ ശോഭയുടെ വീടിന് മുകളിൽ മരംവീണു. വിയറ്റ്‌നാം പെരുവംകുഴിയിൽ കദീജയുടെ വീടിന് മുകളിൽ റബർ മരങ്ങൾ കടപുഴകി വീണു. എടൂർ കാരാപറമ്പിൽ ജോയി ചെറുവേലിയുടെ വീട് മരംവീണ് തകർന്നു. ആറളം  പ്രസിഡന്റ്  കെ പി രാജേഷ്, വൈസ് പ്രസിഡന്റ് ജെസി വാഴപ്പള്ളി,  ഇ സി രാജു, പി ഷൈൻബാബു, ജെസി ഉമ്മിക്കുഴി എന്നിവർ സ്ഥലം സന്ദർശിച്ചു. ഇരിട്ടി പഴയപാലത്തെ പുഴയോരത്ത്  കൊയിലോട്ര കുഞ്ഞാമിനയുടെ വീട് മണ്ണിടിഞ്ഞ് അപകടത്തിലായി. കഴിഞ്ഞ പ്രളയകാലത്ത് വെള്ളം കയറിയ സ്ഥലമാണിത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top