31 July Saturday

മത്തി നാടുവിട്ടു; അയല മുങ്ങി

ജസ്‌ന ജയരാജ്‌Updated: Thursday Jun 17, 2021

കണ്ണൂർ

കേരളത്തിൽ സുലഭമായിരുന്ന മത്തി കേരള തീരം വിടുന്നു. ഇന്ത്യയുടെ വടക്ക്‌‌ കിഴക്കൻ സംസ്ഥാനങ്ങളുടെ തീരത്തേക്കാണ്‌ മത്തി കൂട്ടമായി യാത്രചെയ്യുന്നത്‌. കേരളത്തിലെ കാലാവസ്ഥാ വ്യതിയാനമാണ്‌ ‘മത്തിയുടെ നാടുവിടലി’ന്‌ കാരണമായി വിലയിരുത്തപ്പെടുന്നത്‌. തമിഴ്‌നാട്ടിൽനിന്നാണ്‌ ഇപ്പോൾ കേരളത്തിലേക്ക്‌ കൂടുതലായും ‌ മത്തി വിൽപ്പനക്കെത്തുന്നത്‌. 
  കന്യാകുമാരി മുതൽ വടക്കോട്ട്‌ കേരള തീരങ്ങളിലാണ്‌ നെയ്‌മത്തി സാധാരണ കണ്ടിരുന്നത്‌.  കടൽ ജലത്തിലെ ചൂട്‌ താങ്ങാനാവാത്തതിനാലാണ്‌  മത്സ്യങ്ങൾ  യാത്രാപഥം മാറ്റിയത്‌. കാലാവസ്ഥാ മാറ്റത്തെ തുടർന്ന്‌ ഭക്ഷണലഭ്യത കുറഞ്ഞതും മത്തി വരാത്തതിന്‌ കാരണമായി. 
   തമിഴ്‌നാട്‌ തീരം വഴി ഒഡിഷ, പശ്ചിമബംഗാൾ തീരങ്ങളിലൂടെ മത്തി ഇപ്പോൾ ബംഗ്ലാദേശ്‌ തീരത്തേക്കാണ്‌ യാത്ര ചെയ്യുന്നത്‌. മഹാരാഷ്‌ട്ര, ഗുജറാത്ത്‌ തീരങ്ങളിലേക്കും പോകുന്നുണ്ട്‌. അയല ഉൾപ്പെടെയുള്ള മറ്റ്‌ മത്സ്യങ്ങളെയും കാലാവസ്ഥാ വ്യതിയാനം ബാധിച്ചിട്ടുണ്ട്‌. കടൽ ജലത്തിന്റെ ഉപരിതല താപനില കൂടുതലായതിനാൽ അയല കടലിന്റെ അടിത്തട്ടിലാണ് കേന്ദ്രീകരിക്കുന്നത്. 
ഫിഷറീസ് ഡയറക്ടറേറ്റ് പുറത്തിറക്കിയ കണക്കിൽ 2012 മുതൽ കേരളത്തിന്റെ മത്സ്യസമ്പത്ത് കുറയുന്നതായി പറയുന്നു. 2012–--13 വർഷത്തിൽ 5.31 ലക്ഷം ടൺ ഉണ്ടായിരുന്നത്‌  2017–-18 വർഷമാവുമ്പോഴേക്കും 4.84 ലക്ഷം ടണ്ണായി കുറഞ്ഞു.
 സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനം പ്രകാരം 2018ൽനിന്നും 2019 ലേക്ക് മത്സ്യ ലഭ്യത 15 ശതമാനമാണ് കുറഞ്ഞത്. മത്തി , അയല എന്നിവയുടെ ലഭ്യത അമ്പത് ശതമാനത്തോളം കുറഞ്ഞു. ഇത്‌ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ സാരമായി ബാധിച്ചതായി ഫിഷറീസ്‌ അഡീഷണൽ ഡയറക്ടർ ഡോ. ദിനേശൻ ചെറുവാട്ട്‌ പറഞ്ഞു. മത്തി ഇന്ത്യയുടെ തെക്ക് പടിഞ്ഞാറൻ തീരങ്ങളിൽനിന്ന് വടക്ക് പടിഞ്ഞാറൻ തീരങ്ങളിലേക്കും കിഴക്കൻ തീരങ്ങളിലേക്കുമാണ് കൂട്ടമായി യാത്ര ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top