26 March Tuesday

ആർദ്രം തുടക്കമിട്ടു മുഖഛായ മാറി ചിറക്കൽ പ്രാഥമികാരോഗ്യ കേന്ദ്രം

സ്വന്തം ലേഖകൻUpdated: Thursday May 17, 2018
കണ്ണൂർ
‘‘പഴയപോലൊന്നുമല്ല ഇവിടെ. എല്ലാ സൗകര്യവുമുണ്ട്.  ഞങ്ങക്കിപ്പം ചികിത്സക്ക് മറ്റെവിടെയും  പോകേണ്ടിവരുന്നില്ല’’ ‐  ചിറക്കൽ പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സക്ക് എത്തിയ രോഗിയുടെ വാക്കുകൾ. ഇത് ഒരു ആശുപത്രിയുടെ മാത്രം കഥയല്ല.  സംസ്ഥാന സർക്കാരിന്റെ ആർദ്രം മിഷൻ നടപ്പായതോടെ ജില്ലയിലെ ഒാരോ പ്രാഥമികാരോഗ്യകേന്ദ്രത്തിലും വലിയ മാറ്റമാണ‌് ദൃശ്യമാവുന്നത‌്. ചിറക്കൽ പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രം ഇനിയും കുടുംബാരോഗ്യകേന്ദ്രമായിട്ടില്ല. എങ്കിലും മാറ്റം പ്രകടം. നിരവധി രോഗികൾ. കൂടെ വരുന്നവർക്ക് ഇരിക്കാൻ കസേര. ലാബിന് മുന്നിലും ഫാർമസിക്ക് മുന്നിലും സ്ത്രീകൾ ഊഴം കാത്തിരിക്കുന്നു. മുകൾ നിലയിലെ പ്രതിരോധ കുത്തിവയ്പ്പ് മുറിയിൽ അമ്മമാരുടെയും കുട്ടികളുടെയും തിരക്ക്. ഒാട്ടോയിലും മറ്റു വാഹനങ്ങളിലും വന്നിറങ്ങി ചികിത്സ തേടി മടങ്ങി പോകുന്നവരും നിരവധി. 
1995‐ൽ വാടക കെട്ടിടത്തിൽ തുടങ്ങിയ പ്രാഥമികാരോഗ്യ കേന്ദ്രം  വികസനക്കുതിപ്പിലാണ്.  രോഗികൾക്കൊപ്പം ജീവനക്കാരും ഇവിടെ സന്തുഷ്ടരാണ്. ജോലി ഭാരം വർധിക്കുന്നുണ്ടെങ്കിലും വരുന്നവർക്ക് മതിയായ ചികിത്സ നൽകാനാവുന്നുണ്ടല്ലോ എന്ന സംതൃപ്തിയിലാണ് എല്ലാവരുമെന്ന് മെഡിക്കൽ ഓഫീസർ ഡോ. ആനന്ദ് പറഞ്ഞു. പുതിയ ഒരു കെട്ടിടംകൂടി ഒരുക്കാനുള്ള ശ്രമത്തിലാണ്. രോഗികൾക്ക് ഇരിക്കാനുള്ള വിശാലമായ സൗകര്യം ഉണ്ടാക്കണം. ഒപിക്ക് മുന്നിലെ നീണ്ടനിര ഒഴിവാക്കി ടോക്കൺ സംവിധാനത്തിലേക്ക് മാറണം. നിരീക്ഷണമുറിയും വേണം. പാർക്കിങ് സൗകര്യമുണ്ടാക്കണം, ഔഷധ സസ്യതോട്ടം, കുടുംബശ്രീ കാന്റീൻ എന്നിവയും വേണം.  തങ്ങളുടെ സ്ഥാപനം ഇനിയും മെച്ചപ്പെടണമെന്ന ആഗ്രഹം ഒാരോ ജീവനക്കാരന്റെ വാക്കിലുമുണ്ട്.  
ദിവസവും 300ൽപരം പേർ ഇവിടെ എത്തുന്നു. രാവിലെ മുതൽ വൈകിട്ട് ആറ്വരെ ഒപി പ്രവർത്തിക്കുന്നുണ്ട‌്. ഉച്ചക്ക് ശേഷം രണ്ട് മുതൽ ആറ് വരെ ഒരു ഡോക്ടർ ആശുപത്രിയിലുണ്ടാവും. രണ്ട് ഡോക്ടർമാർ, മൂന്ന് സ്റ്റാഫ് നേഴ്സ‌്, രണ്ട് നേഴ്സിങ് അസിസ്റ്റന്റുമാർ, പബ്ലിക് ഹെൽത് ഇൻസ്പെക്ടർമാർ, ലാബ് ടെക്നീഷ്യൻ, ഫാർമസിസ്റ്റ് എന്നിങ്ങനെ ജീവനക്കാരുടെ നിര സേവനത്തിനായുണ്ട്. അതിന് പുറമേ പഞ്ചായത്ത് ഒരു ഡോക്ടറെയും ഫാർമസിസ്റ്റിനെയും നാഷണൽ ഹെൽത്ത് മിഷൻ വഴി ഒരു നേഴ്സിനെയും നിയമിച്ചു. ലാബിലും മികച്ച സംവിധാനം ഒരുക്കിയിട്ടുണ്ട‌്. പൂർണമായും ശീതീകരിച്ചതാണ് മരുന്ന് സൂക്ഷിക്കുന്ന കേന്ദ്രം.  ഈ വർഷം ഒമ്പത് ലക്ഷം രൂപയുടെ മരുന്നുകൾ നൽകാനുള്ള നടപടിയായതായി ഫാർമസിസിറ്റ് രമേശൻ പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ പ്രാഥമികാരോഗ്യ കേന്ദ്രം  ആകെ മാറി. മാറ്റങ്ങൾ നേരത്തെ ആരംഭിച്ചുവെങ്കിലും ഉദ്ഘാടനം കഴിഞ്ഞ 13നായിരുന്നു.    
പിഎച്ച്സികളുടെ അടിസ്ഥാനപരമായ മാറ്റത്തിനാണ് ആർദ്രം മിഷൻ തുടക്കം കുറിച്ചത്.   ദൈനംദിന ചികിത്സക്ക് പുറമേ  സാന്ത്വന ചികിത്സ, മെഡിക്കൽ ക്യാമ്പ‌് എന്നിവയും ഏറ്റെടുത്തു നടത്തുന്നു. ചിറക്കൽ പിഎച്ച്സി ഇതിനകം വയോജനങ്ങൾക്കായി ക്യാമ്പ് നടത്തി ശ്രവണ ഉപകരണം വിതരണം ചെയ്തു. മലബാർ ക്യാൻസർ സെന്ററുമായി ചേർന്ന് ക്യാൻസർ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. എ കെ ജി ആശുപത്രിയുമായി ചേർന്ന് ഹൃദ്രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. ഒാരോ മാസവും 600 ൽപരം പേർക്ക് സാന്ത്വന ചികിത്സ നൽകുന്നു. ആവശ്യമുള്ളവർക്ക് വീൽചെയർ നൽകി.  കിടപ്പിലായ 80 ഓളം രോഗികൾക്ക് വീട‌് സന്ദർശിച്ച്  സഹായം നൽകുന്നു.
പ്രധാന വാർത്തകൾ
 Top