04 April Saturday

അണ്ടലൂരിൽ തെയ്യങ്ങൾ ഇന്നുമുതൽ ചക്കകൊത്തി, കുടയും വന്നു

സ്വന്തംലേഖകൻUpdated: Monday Feb 17, 2020
പിണറായി 
ആചാരങ്ങളുടെ വ്യത്യസ്തതകൊണ്ട് ചരിത്രത്തിൽ അടയാളപ്പെടുത്തിയ അണ്ടലൂർ ക്ഷേത്രത്തില്‍ ഉത്സവം ആരംഭിച്ചതോടെ വൈവിധ്യങ്ങളായ ആചാരങ്ങൾക്കും തുടക്കമായി. ധര്‍മടം, മേലൂര്‍, പാലയാട്, അണ്ടലൂര്‍, ധര്‍മടം ദേശവാസികള്‍ ഒരാഴ്ച പൂര്‍ണ വ്രത നിഷ്ഠരായാണ് ഉത്സവം ആഘോഷിക്കുക. ഉത്സവത്തിന്റെ ഭാഗമായി തേങ്ങതാക്കല്‍ ചടങ്ങും ചക്കകൊത്തലും നടത്തി. 
പഴയകാലത്തെ കാർഷികസമൃദ്ധിയുടെയും കാർഷിക സംസ്കാരത്തിന്റെയും ഓർമ പുതുക്കൽകൂടിയാണ് ഉത്സവം. വീടുകളിൽനിന്ന് നിലംതൊടാതെ അറുത്തെടുക്കുന്ന ചക്കകൾ രാത്രി ക്ഷേത്രത്തിൽ  മുറിച്ച്  വിതരണം ചെയ്യുന്നതാണ്‌ ചടങ്ങ്‌.  
ഞായറാഴ്ച രാത്രി മേലൂര്‍ മണലില്‍ തൃക്കൈക്കുട തറയില്‍നിന്ന് ഓലക്കുട കൊണ്ടുവന്നതോടെ കെട്ടിയാട്ടത്തിന്‌ തുടക്കമായി. ദൈവത്താര്‍ (ശ്രീരാമന്‍) ആണ് പ്രധാന ആരാധനാ മൂര്‍ത്തി.
 തിങ്കളാഴ്ച രാവിലെ സീതയും മക്കളും തെയ്യവും തുടർന്ന് മലക്കാരി, പൊന്മകന്‍, പുതുചേകോന്‍, നാഗകണ്ഠന്‍, നാഗഭഗവതി, വേട്ടക്കൊരുമകന്‍, തൂവക്കാലി തെയ്യങ്ങളും കെട്ടിയാടും. 
ഉച്ചയ്ക്ക് 12ന് ബാലി സുഗ്രീവ യുദ്ധം, ആറിന് ദൈവത്താറീശ്വരന്റെ തിരുമുടി വയ്പ്, തുടര്‍ന്ന് ദൈവത്താറും സഹചാരികളായ അങ്കക്കാരനും (ലക്ഷ്മണന്‍) ബപ്പൂരനും (ഹനുമാന്‍) അരങ്ങിലെത്തും.
പ്രധാന വാർത്തകൾ
 Top