29 February Saturday

മലയോരത്ത്‌ വൈദ്യുതിഭവൻ സ്ഥാപിക്കുന്നത് പരിഗണിക്കും: മന്ത്രി എം എം മണി

വെബ് ഡെസ്‌ക്‌Updated: Friday Jan 17, 2020

ശ്രീകണ്ഠപുരത്ത് നിർമാണം പൂർത്തിയാക്കിയ 110 കെവി സബ്സ്റ്റേഷൻ ഉദ്ഘാടനം മന്ത്രി എം എം മണി നിർവഹിക്കുന്നു

ശ്രീകണ്ഠപുരം
ജില്ലയിൽ മലയോരം കേന്ദ്രീകരിച്ച് വൈദ്യുതിഭവൻ സ്ഥാപിക്കുന്നത് പരിഗണിക്കുമെന്ന് വൈദ്യുതിമന്ത്രി എം എം മണി. ശ്രീകണ്ഠപുരത്ത് നിർമാണം പൂർത്തിയാക്കിയ 110 കെവി സബ്സ്റ്റേഷൻ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സ്ഥലവും സൗകര്യവും ലഭ്യമായാൽ അനുയോജ്യമായ സ്ഥലത്ത് വൈദ്യുതിഭവൻ സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു. 
12.33 കി.മീ ദൈർഘ്യമുള്ള ശ്രീകണ്ഠപുരം വെള്ളാപ്പറമ്പ് 110 കെവി ഡബിൾ സർക്യൂട്ട് ലൈനിന്റെയും ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. ശ്രീകണ്ഠപുരം ഉൾപ്പെടെയുള്ള സബ്സ്റ്റേഷനുകൾകൂടി യാഥാർഥ്യമായതോടെ ജില്ലയുടെ ഊർജക്ഷാമം പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ. തുടർച്ചയായ മൂന്ന് വർഷവും ഊർജരംഗത്ത് കേന്ദ്ര സർക്കാരിന്റെ അംഗീകാരം നേടാൻ സാധിച്ചത് വലിയ നേട്ടമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.   
66 കെവിയിൽനിന്ന്‌ 110 കെവിയായാണ് ശ്രീകണ്ഠപുരം സബ്സ്റ്റേഷന്റെ പ്രസരണ വോൾട്ടേജ് ഉയർത്തുന്നത്. ഇതുവഴി ശ്രീകണ്ഠപുരം, ഇരിക്കൂർ, മലപ്പട്ടം, പടിയൂർ, കല്ല്യാട്, ഉളിക്കൽ, പയ്യാവൂർ, ഏരുവേശി, ചെങ്ങളായി, വളക്കൈ പ്രദേശങ്ങളിലെ വൈദ്യുതിവിതരണം കാര്യക്ഷമമാകും. 
കെ സി ജോസഫ് എംഎൽഎ അധ്യക്ഷനായി. കോഴിക്കോട് ട്രാൻസ്‌മിഷൻ ചീഫ് എൻജിനിയർ രാജൻ ജോസഫ് റിപ്പോർട്ട് അവതരിപ്പിച്ചു. കെഎസ്ഇബി ഡയറക്ടർ ഡോ. വി ശിവദാസൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ശ്രീകണ്ഠപുരം നഗരസഭാ ചെയർമാൻ പി പി രാഘവൻ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി വസന്തകുമാരി, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ കെ രത്നകുമാരി, പി പുഷ്പജൻ, ജോസഫ് ഐസക്, ഡെയ്സി ചിറ്റൂപറമ്പിൽ, വിവിധ രാഷ്ട്രീയ പാർടി പ്രതിനിധികളായ എം വേലായുധൻ, എ ഒ മാധവൻ, ടി കെ വൽസൻ, കെ സലാഹുദ്ദീൻ, കെ വിജയകുമാർ, വി വി സേവി, എം രമേശൻ, സി കെ ദാമോദരൻ, എ പി ലൂക്ക, വ്യാപാരി പ്രതിനിധികളായ സി സി മാമുഹാജി, കെ കെ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. ട്രാൻസ്‌മിഷൻ ഡയറക്ടർ എൻ വേണുഗോപാൽ സ്വാഗതവും കണ്ണൂർ ട്രാൻസ്‌മിഷൻ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനിയർ  ജി മോഹനൻ നന്ദിയും പറഞ്ഞു.  
 
 

 

പ്രധാന വാർത്തകൾ
 Top