21 February Thursday

വൃക്ഷായുർവേദം വേറിട്ട കാർഷിക രീതിയുമായി തലശേരി ബ്ലോക്ക് പഞ്ചായത്ത്

വെബ് ഡെസ്‌ക്‌Updated: Thursday Jan 17, 2019
കണ്ണൂർ
വിഷരഹിതവും പരിസ്ഥിതി സൗഹൃദവുമായ കൃഷി രീതിയിൽ കാർഷികമേഖലയിൽ മുന്നേറാൻ തയ്യാറെടുത്ത് തലശേരി ബ്ലോക്ക് പഞ്ചായത്ത്. 
മനുഷ്യർ ആയുർവേദം ചികിത്സക്കായി തെരഞ്ഞെടുക്കുന്നത് പോലെ മരങ്ങൾക്കും ചെടികൾക്കും വേദകാലത്തെ രീതിയുപയോഗിച്ച് ആയുർവേദ പരിചരണം  നൽകുന്നതാണ് പദ്ധതിയെന്നും  ഇതിലൂടെ വിഷരഹിതവും ആരോഗ്യപരവുമായ ഭക്ഷണം ലഭിക്കുമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ രാജീവൻ പറഞ്ഞു
 സംസ്ഥാനത്താദ്യമായി വൃക്ഷായുർവേദ  പദ്ധതി ജനകീയാസൂത്രണ പരിപാടിയിലൂടെ നടപ്പാക്കിയത് തലശേരി ബ്ലോക്ക് പഞ്ചായത്താണ്. ബ്ലോക്ക് പഞ്ചായത്തിലെ പിണറായി, വേങ്ങാട്, അഞ്ചരക്കണ്ടി, ധർമടം, മുഴപ്പിലങ്ങാട്, ന്യൂമാഹി, എരഞ്ഞോളി പഞ്ചായത്തുകളിലെ 107 വാർഡുകളിലാണ് വൃക്ഷായുർവേദ കൃഷി ആരംഭിച്ചത്. 
ഏഷ്യൻ രാജ്യങ്ങളിലെ പുരാതന കൃഷി അറിവുകൾ അടങ്ങിയ കൃഷി രീതിയാണ് വൃക്ഷായുർവേദം. ഹരിതകഷായം, മൃതസഞ്ജീവനി മുതലായ കൂട്ടുകളാണ് പ്രധാനമായും ചെടികൾക്കും പച്ചക്കറികൾക്കും വളമായി കൊടുക്കുന്നത്. കാർഷികവിളകളുടെ ഉൽപാദനക്ഷമതാ വർധന, മികച്ച രോഗപ്രതിരോധ ശേഷി, ഉൽപന്നങ്ങളുടെ മെച്ചപ്പെട്ട നിലവാരം, വരൾച്ചാ പ്രതിരോധം തുടങ്ങിയവയാണ് പദ്ധതിയുടെ ഗുണഫലങ്ങൾ.
കുടുംബശ്രീ പ്രവർത്തകരുടെ സഹായത്തോടെ പ്രാദേശികമായി ലഭിക്കുന്ന വസ്തുക്കൾ ഉപയോഗിച്ച‌് കുറഞ്ഞ ചെലവിൽ മെച്ചപ്പെട്ട കൃഷിയാണ് വൃക്ഷായുർവേദം വഴി ലക്ഷ്യമിടുന്നത്. 2018–-19 ബ്ലോക്ക് പഞ്ചായത്തിന്റെ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി പത്തുലക്ഷം രൂപയാണ് പദ്ധതിക്കായി നീക്കിവച്ചത്.
വിത്ത്, കഷായക്കൂട്ട്, കാർഷിക ഉപകരണങ്ങൾ തുടങ്ങിവ ഇതിനോടകം കർഷകർക്കായി നൽകിയിട്ടുണ്ട്. എല്ലാ വാർഡിലും ഓരോ കുടുംബശ്രീ യൂണിറ്റുകളെ തെരഞ്ഞെടുത്ത് കഷായക്കൂട്ടുകൾ നിർമിക്കാനുള്ള പരിശീലനവും നൽകിയിരുന്നു.
പ്രധാന വാർത്തകൾ
 Top