08 December Wednesday
ഇന്ന്‌ ലോക ഭക്ഷ്യ ദിനം

സമ്മിശ്ര കൃഷിയിലെ "സുൽത്താൻ'

പി സുരേശൻUpdated: Saturday Oct 16, 2021

കാക്കത്തുരുത്തി അബ്‌ദുള്ളയും ഉമ്മ ആമിനയും കൃഷിയിടത്തിൽ

മയ്യിൽ

12 വർഷത്ത പ്രവാസ ജീവിതം കടവും ദുരിതവും വിതച്ചപ്പോഴാണ്‌ കയരളം കോറളായിയിലെ കാക്കത്തുരുത്തി അബ്‌ദുള്ള  കൃഷിയിലേക്ക്‌ തിരിഞ്ഞത്‌.  കിട്ടിയതെല്ലാം കൃഷി ചെയ്യുകയെന്നതാണ്‌  അബ്‌ദുള്ളയുടെ രീതി.  നെല്ലുമുതൽ ചോളംവരെ പാടത്ത്‌ വിളയുന്നു. തെങ്ങിൽ തുടങ്ങുന്ന തോട്ടം കരിമ്പിലാണ്‌ അവസാനിക്കുക.  കപ്പയും ഉഴുന്നും ചെറുപയറും  വൻപയറും ഇടക്കാല വിളകളെ സമൃദ്ധമാക്കുന്നു. പശുക്കളും കോഴികളും വരുമാനംമാത്രമല്ല,  ജൈവ വളത്തിന്റെ കലവറകൂടിയാണ്‌.   സമ്മിശ്ര കൃഷിയുടെ സുൽത്താനാണ്‌ ഈ അമ്പത്തിരണ്ടുകാരൻ. കൃഷിക്കുള്ള ആഴ്‌ചയും പക്കവും  തീരുമാനിക്കുന്നത്‌ ഉമ്മ കാക്കത്തുരുത്തി ആമിനയാണ്.  കുടുംബത്തിലെ എല്ലാവരും  കൃഷിയിൽ സജീവം. അതുകൊണ്ട്‌ പുറത്തുനിന്ന്‌ ആരെയും കൃഷിപ്പണിക്ക്‌ അധികം വിളിക്കാറില്ല. ഭാര്യ കെ പി  ആമിനയും വിഎച്ച്‌എസ്‌സി അഗ്രികൾച്ചർ കോഴ്‌സ്‌ കഴിഞ്ഞ മകൾ  സൽമത്തും മകൻ സിറാജും സഹായികളായുണ്ട്‌. 
  നന്നായി പണിയെടുക്കുകയും പരിചരിക്കുകയും ചെയ്‌താൽ കൃഷി ഒരിക്കലും ചതിക്കില്ലെന്ന അനുഭവമാണ്‌ ഈ  കർഷകന്‌. ഒന്നിന്‌ വിലിയിടിഞ്ഞാൽ മറ്റൊന്ന്‌ രക്ഷകനാകുമെന്ന തിരിച്ചറിവാണ്‌ സമ്മിശ്ര കൃഷിയിൽ ചുവടുറപ്പിക്കാൻ കാരണം.  സ്വന്തം സ്ഥലത്തും പാട്ട ഭൂമിയിലുമാണ്‌ അബ്ദുള്ളയുടെ കൃഷി. ഒന്നരയേക്കറിൽ വീതം നെല്ലും കപ്പയും വിളയുമ്പോൾ പാട്ടത്തിനെടുത്ത തെങ്ങ്‌ രണ്ടര ഏക്കർ വരും.  50 സെന്റിൽ  കവുങ്ങ്‌ കൃഷി.  ഒന്നരയേക്കറിൽ തീറ്റപ്പുൽ തഴച്ചുവളരുന്നു. ഇതിൽ അമ്പത്‌ സെന്റ്‌ സ്വന്തമാണ്‌. ഒരേക്കർ സർക്കാർ പുറമ്പോക്കും.  50 സെന്റിൽ  ചോളം കൃഷിക്ക്‌ ഒരുക്കം തുടങ്ങുന്നു.  ഒരേക്കർ ഉഴുന്ന്‌ കൃഷിയുമുണ്ടായിരുന്നു. 
  മിക്കവാറും വാഴ ഇനങ്ങളും അബ്‌ദുള്ളയുടെ  തോട്ടത്തിലുണ്ട്‌.  ഒരേക്കർ ഏത്ത വാഴത്തോട്ടമാണ്‌.  മൈസൂർ പൂവൻ,   കൂമ്പില്ലാപൂവൻ, ഞാലി, അടുക്കൻ എന്നിവയ്‌ക്കുപുറമെ റോബസ്‌റ്റയും തോട്ടത്തെ സമ്പന്നമാക്കുന്നു.  കുരുമുളക്‌ വള്ളിയുമുണ്ട്‌. എല്ലാ തോട്ടത്തിലും പ്ലാവും പേരയും നട്ടിട്ടുണ്ട്‌.   പശുക്കളും നാടൻ കോഴികളുമുണ്ട്‌. കോവിഡ്‌ കാരണം ചെലവ്‌ കുറഞ്ഞതിനാൽ കരിമ്പ്‌ കൃഷിയിൽനിന്ന്‌ അൽപം പിറകോട്ട്‌ പോയി.  പുതിയ ഇനം ഫലവൃക്ഷ തൈകളും വാഴയും കണ്ടാൽ അത്‌ വാങ്ങി കൃഷി ചെയ്യുകയെന്നതും അബ്‌ദുള്ളയുടെ ശീലമാണ്‌. അതിന്‌ മണ്ണിനെ പാകപ്പെടുത്തിയെടുക്കുന്നതിന്‌ അബ്‌ദുള്ളയുടെ മിടുക്ക്‌ വേറെയാണ്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top