13 November Wednesday

പൊതിച്ചോറ്‌ വിതരണം ഇവരുടെ അന്തസ്‌

പി സുരേശൻUpdated: Wednesday Oct 16, 2019
പിണറായി
രോഗികളുടെയും  കൂട്ടിരിപ്പുകാരുടെയും  വിശപ്പകറ്റാൻ വിദ്യാർഥികൾ. പഠനത്തിനും  സന്നദ്ധ പ്രവർത്തനത്തിനൊപ്പം ജീവകാരുണ്യവഴിയിലൂടെ  സഞ്ചരിക്കുകയാണ്‌  പിണറായി എ കെ ജി മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി   സ്കൂൾ. വീട്ടിലെ  ഭക്ഷണത്തിന്റെ ഒരുപങ്ക്‌   കുട്ടികൾ ഇനി  പിണറായി സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ  നിർധന രോഗികൾക്കും ഒപ്പമുള്ളവർക്കുമായി നീക്കിവയ്‌ക്കും.  
ഈ കുഞ്ഞ്‌ മനസ്സിലെ വലിയ ആശയം പ്രാവർത്തികമാക്കാനുള്ള  തയ്യാറെടുപ്പിലാണ്‌ സ്‌കൂളിലെ അധ്യാപകരും പിടിഎയും. ‘പാഥേയ’മെന്ന  പദ്ധതി  ലോക  ഭക്ഷ്യദിനമായ   16ന്  പകൽ 12ന്‌  ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌  കെ വി സുമേഷ്‌ ഉദ്‌ഘാടനം ചെയ്യും. 
സ്‌കൂൾ  പിടിഎയുടെയും   സ്‌റ്റുഡന്റ്‌ പൊലീസ്‌, എൻഎസ്‌എസ്‌, എൻസിസി, ജെആർസി, സ്‌കൗട്ട്  ആൻഡ്‌ ഗൈഡ്‌സ്‌  എന്നീ സന്നദ്ധ സംഘടനകളുടെയും  നേതൃത്വത്തിലാണ്‌ ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുക. സന്നദ്ധ സംഘടനകളുടെ ഭാഗമായി 350 വിദ്യാർഥികൾ പ്രവർത്തിക്കുന്നുണ്ട്‌. ഇവരുടെ വീടുകളിൽനിന്നാണ്‌ പൊതിച്ചോറ്‌  കൊണ്ടുവരുന്നത്‌. പിണറായി ആശുപത്രിയിൽ ഇപ്പോൾ 32 കിടപ്പ്‌ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമടക്കം 
 64  പേർക്കാണ്‌   ചോറ്‌ നൽകേണ്ടത്‌.  ഒരു വർഷം കുട്ടികൾ വീടുകളിൽനിന്ന്‌ കൊണ്ടുവരുന്ന പൊതിച്ചോർ ആശുപത്രിയിൽ വിതരണം ചെയ്യും.  ഉച്ചഭക്ഷണ ഇടവേളയിൽ പൊതിച്ചോറ്‌ ആശുപത്രിയിൽ  വിതരണം ചെയ്യും.  
പിണറായി ആശുപത്രിക്ക്‌ ആറ്‌ പ്രത്യേക വിഭാഗമുള്ള സൂപ്പർ സ്‌പെഷ്യാലിറ്റി കെട്ടിടം  നിർമിക്കുന്നുണ്ട്‌. അപ്പോൾ  രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും   എണ്ണം കൂടും. ഇതനുനുസരിച്ച്‌  പദ്ധതി വ്യാപിപ്പിക്കും.
സാമൂഹ്യബോധവും പരസ്പര സ്നേഹവും വളർത്തുകയാണ്‌ പദ്ധതിയുടെ ലക്ഷ്യമെന്ന്‌ സ്‌കൂൾ പ്രിൻസിപ്പൽ  ഉഷാ നന്ദിനിയും പി ടിഎ പ്രസിഡന്റ്‌ അഡ്വ. വി പ്രദീപനും പറഞ്ഞു. 1300 വിദ്യാർഥികളാണ്‌ സ്‌കൂളിലുള്ളത്‌. ഭാവിയിൽ ഇവരുടെ വീടുകളിൽനിന്നുകൂടി പൊതിച്ചോറ്‌ കൊണ്ടുവരുന്ന നിലയിൽ പദ്ധതി വിപുലീകരിക്കും.
 
പ്രധാന വാർത്തകൾ
 Top