18 November Monday

വെള്ളം, വിളവ്‌, വൃത്തി: ചെറുതാഴം നമ്പർ 1

ടി വി പത്മനാഭൻUpdated: Wednesday Oct 16, 2019
പിലാത്തറ 
"വെള്ളം, വിളവ്‌, വൃത്തി' പദ്ധതിയിൽ ചെറുതാഴം പഞ്ചായത്ത്‌ നമ്പർ വൺ. ജലസംരക്ഷണത്തിലും കാർഷികവികസനത്തിലും മാലിന്യനിർമാർജനത്തിലും മികവ്‌ തെളിയിച്ച ചെറുതാഴത്തെ കണ്ണൂരിലെ ബീക്കൺ പഞ്ചായത്തായി തെരഞ്ഞെടുത്തു. 28ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടക്കുന്ന പരിപാടിയിൽ വികസനനേട്ടങ്ങൾ അവതരിപ്പിക്കും. ജില്ലാ പഞ്ചായത്തിന്റെ ശുപാർശയിലാണ് പഞ്ചായത്തിന് അവസരം.
ഹരിത കേരളാ മിഷന്റെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങളാണ് പഞ്ചായത്തിനെ ശ്രദ്ധേയമാക്കിയത്‌. ജലസംരക്ഷണത്തിന്റ ഭാഗമായി ഏഴ്, 15 വാർഡുകളിൽ സമ്പൂർണ കിണർ റീചാർജിങ് നടപ്പാക്കി. പഞ്ചായത്തിന്റെ സഹകരണത്തോടെ ചെറുതാഴം സർവീസ് സഹകരണ ബാങ്ക് 250 ഏക്കറിലാണ്‌ ആധുനികരീതിയിൽ കൃഷിയിറക്കുന്നത്‌. കൃഷിമന്ത്രി പി സുനിൽകുമാർ പ്രവൃത്തി ഉദ്ഘാടനംചെയ്തു..തുലാവർഷത്തിൽ നശിച്ചുപോകാതിരിക്കാൻ വീട്ടുമുറ്റങ്ങളിലും പറമ്പുകളിലുമാണ് കർഷകർ ഞാറ്റടികൾ തയ്യാറാക്കുന്നത്. നടീൽ ഉത്സവം ഒക്ടോബർ അവസാനത്തോടെ നടത്തും. സമഗ്ര പച്ചക്കറികൃഷിയും ആടുമാടുകൾ വളർത്തലും പഞ്ചായത്തിന്റെതായിട്ടുണ്ട്‌. 
മാലിന്യനിർമാർജനത്തിന്റെ ഭാഗമായി റിങ്‌ കമ്പോസ്റ്റ്, പൈപ്പ് കമ്പോസ്റ്റ്, മണ്ണിര കമ്പോസ്റ്റ്, ബയോഗ്യാസ് പ്ലാന്റ്‌ മുതലായവ നടപ്പാക്കി. പൊതുഇടങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടിയുണ്ടാവും. സന്നദ്ധസംഘടനകളുടെയും പൊലീസിന്റയും സഹായം ഇക്കാര്യത്തിലുണ്ട്‌. വിവിധ കേന്ദ്രങ്ങളിൽ സിസി ടിവി ക്യാമറകൾ സ്ഥാപിക്കുന്നതിനും ആലോചനയുണ്ട്. മാലിന്യം ശേഖരിക്കാൻ 36 അംഗ ഹരിതകർമസേന രൂപീകരിച്ചു. ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ അറത്തിപ്പറമ്പ്, മണ്ടൂർ എന്നീ സ്ഥലങ്ങളിലെ ശേഖരണകേന്ദ്രത്തിലാണ് എത്തിക്കുന്നത്. പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ ഹരിതസഭ രൂപീകരിച്ചു. പ്രസിഡന്റ്‌ പി പ്രഭാവതി ഉദ്ഘാടനംചെയ്തു. കെ ജനാർദനൻ, എം വി രവി, പഞ്ചായത്ത് സെക്രട്ടറി സി എം ഹരിദാസ്, ടി ശോഭ, സുകുമാരൻ എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top