20 October Sunday

ദേശീയപാത വികസനം നഷ്ടപരിഹാരത്തിന്‌ വേണം 300 കോടികൂടി

സ്വന്തം ലേഖകൻUpdated: Monday Sep 16, 2019
കണ്ണൂർ
ദേശീയപാത വികസനത്തിന്‌ വിലനിർണയം പൂർത്തിയാക്കിയ സ്ഥലത്തിന്റെ നഷ്‌ടപരിഹാരം വിതരണം ചെയ്യാൻ ജില്ലക്ക്‌ 300 കോടി രൂപകൂടി അനുവദിക്കാൻ ദേശീയപാത അതോറിറ്റിയോട്‌ ആവശ്യപ്പെട്ടു. 2012–-13 ൽ  അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ച തളിപ്പറമ്പ്‌ സെക്ഷന്‌ നൂറ്‌ കോടിയും കണ്ണൂർ സെക്ഷന്‌ 200 കോടി രൂപയുമാണ്‌ ദേശീയപാത വിഭാഗം ആവശ്യപ്പെട്ടത്‌. 
കണ്ണൂർ ലാൻഡ്‌ അക്വിസിഷൻ സ്‌പെഷ്യൽ ഡപ്യുട്ടി തഹസിൽദാറുടെ പരിധിയിൽവരുന്ന എളയാവൂർ വില്ലേജിൽ മാത്രം നഷ്ടപരിഹാരം നൽകാൻ 85 കോടി രൂപ ആവശ്യമാണ്‌. അടുത്തിടെ അനുവദിച്ച 41 കോടി രൂപ ഉൾപ്പെടെ ജില്ലക്ക്‌ 647 കോടി രൂപ സ്ഥലമെടുപ്പിന്‌ ഇതുവരെ അനുവദിച്ചിട്ടുണ്ട്‌. 
തളിപ്പറമ്പ്‌ താലൂക്കിൽപ്പെട്ട കരിവെള്ളൂർ, വെള്ളൂർ, കോറോം, പരിയാരം,  മൊറാഴ, തളിപ്പറമ്പ്‌, കണ്ണൂർ താലൂക്കിലെ കുഞ്ഞിമംഗലം, ചെറുതാഴം, കടന്നപ്പള്ളി, ഏഴോം, കല്യാശേരി, പാപ്പിനിശേരി  വില്ലേജുകളിൽ ഭൂമിവിലയായി 412.14 കോടി രൂപയും കണ്ണൂർ സെക്ഷൻ പരിധിയിൽ വരുന്ന എളയാവൂർ, ചേലോറ, എടക്കാട്‌, ചെമ്പിലോട്‌, കടമ്പൂർ, മുഴപ്പിലങ്ങാട്‌ വില്ലേജുകൾക്കായി 194 കോടി രൂപയും നേരത്തെ അനുവദിച്ചിരുന്നു. 
ചിറക്കൽ, പുഴാതി, വലിയന്നൂർ വില്ലേജുകളിൽ വിലനിർണയ നടപടികൾ പൂർത്തിയാകുന്നതേയുള്ളൂ. 300 കോടി രൂപ കൂടി ലഭിച്ചാൽ തളിപ്പറമ്പ്‌ സെക്ഷൻ പരിധിയിൽവരുന്ന കരിവെള്ളൂർ മുതൽ പാപ്പിനിശേരി വരെയുള്ള 12 വില്ലേജിലും എളയാവൂരിലും നഷ്ടപരിഹാരം വിതരണം ചെയ്യാം. 
കരിവെള്ളൂർ മുതൽ മുഴപ്പിലങ്ങാട്‌ വരെ 69 കിലോമീറ്ററാണ്‌ ജില്ലയിൽ ദേശീയപാത വികസനം. വെള്ളൂർ കോത്തായിമുക്ക്‌ മുതൽ എടാട്ട്‌ വരെ 5.7 കിലോമീറ്ററും കുപ്പം മുതൽ കുറ്റിക്കോൽ വരെ 5.9 കിലോമീറ്ററും കല്യാശേരി മുതൽ എളയാവൂർ വരെ 18 കിലോമീറ്ററും ബൈപാസുകളുണ്ട്‌. മുഴപ്പിലങ്ങാട്‌ വരെ റോഡ്‌ വികസിപ്പിക്കും. കരിവെള്ളൂർ മുതൽ മുഴപ്പിലങ്ങാട്‌ വരെ ഏറ്റെടുക്കുന്ന ഭൂമിക്കും കെട്ടിടത്തിനും നഷ്ടപരിഹാരം നൽകാൻ  രണ്ടായിരത്തിൽപരം കോടിരൂപ ആവശ്യമാണ്‌. മുഴപ്പിലങ്ങാട്‌ മുതൽ അഴിയൂർ വരെയുള്ള തലശേരി–-മാഹി ബൈപാസിന്റെ സ്ഥലമെടുപ്പ്‌ പൂർത്തിയായി പ്രവൃത്തി ആരംഭിച്ചതാണ്‌.
പ്രധാന വാർത്തകൾ
 Top