19 May Sunday

കൊള്ളയടിച്ച‌് അൺഎയ‌്ഡഡ‌് സ‌്കൂളുകൾ; പ്രവേശന ഫീസീടാക്കി എയ‌്ഡഡും

വെബ് ഡെസ്‌ക്‌Updated: Thursday May 16, 2019
കണ്ണൂർ
പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാകുമ്പോഴും പകിട്ടുതേടിപ്പോകുന്ന രക്ഷിതാക്കളെ കൊള്ളയടിച്ച‌് അൺഎയ‌്ഡഡ‌് സ‌്കൂളുകൾ. പെരുമയുടെ പേരിൽ രക്ഷിതാക്കളെ പിഴിയുന്ന എയ‌്ഡഡ‌് സ‌്കൂളുകളുടെ എണ്ണവും വർധിച്ചുവരുന്നു. അൺഎയ‌്ഡഡ‌് സ‌്കൂളുകൾ വാർഷിക ഫീസായി അരലക്ഷത്തോളം രൂപ ഈടാക്കുമ്പോൾ പല എയ‌്ഡഡ‌് സ‌്കൂളുകളും അരലക്ഷംവരെയാണ‌് അഡ‌്മിഷൻ ഫീസായി ഈടാക്കുന്നത‌്. ഇടയ‌്ക്കിടെയുള്ള മറ്റ‌് ഫീസുകൾക്കും കുറവില്ല.
ജില്ലയിലെ നഗര–- ഗ്രാമ വ്യത്യാസമില്ലാതെ പ്രവർത്തിക്കുന്ന അൺഎയ‌്ഡഡ‌് സ‌്കൂളുകളാണ‌് വൻതുക ഈടാക്കി രക്ഷിതാക്കളെ കൊള്ളയടിക്കുന്നത‌്. കോർപറേറ്റ‌് മാനേജ‌്മെന്റുകൾക്ക‌് കീഴിലുള്ളതും അല്ലാത്തതുമായ സ‌്കൂളുകളിലെല്ലാം കഴുത്തറപ്പൻ ഫീസാണ‌്. കണ്ണൂർ നഗരത്തിലെ ഒരു പ്രമുഖ സ‌്കൂളിൽ ഒന്നുമുതൽ പത്തുവരെ ക്ലാസുകളിൽ ഫീസ‌് അമ്പതിനായിരം മുതൽ അറുപതിനായിരംവരെയാണ‌്. പ്ലസ‌് വൺ, പ്ലസ‌് ടു ക്ലാസുകളിൽ ഇത‌് അറുപതിനായിരം മുതൽ എൺപതിനായിരം വരെ. ഏത‌് ക്ലാസിനായാലും അഡ‌്മിഷൻ ഫീസ‌് മുപ്പതിനായിരം മുതൽ അമ്പതിനായിരംവരെയും. എല്ലാ ക്ലാസുകൾക്കും സ‌്പെഷ്യൽ സെക‌്ഷനായി ഒരു ക്ലാസുമുണ്ട‌്  മിക്ക സ‌്കൂളുകളിലും. ഇവിടെ കാൽലക്ഷത്തോളം രൂപയാണ‌് ഫീസിനുപുറമെ അധികമായി ഈടാക്കുന്നത‌്. പരീക്ഷകളും മറ്റുമായി ഇടയ‌്ക്കുവരുന്ന ചെലവുകൾ വേറെയും. ബുക്ക‌്, യൂണിഫോം തുടങ്ങിയവ സ‌്കൂൾ നിർദേശിക്കുന്ന സ്ഥാപനങ്ങളിൽനിന്ന‌് വാങ്ങണമെന്ന നിർബന്ധവുമുണ്ട‌് പലയിടത്തും. എയ‌്ഡ‌ഡ‌് സ‌്കൂളുകളോടനുബന്ധിച്ചുള്ള അൺഎയ‌്ഡഡ‌് സ‌്കൂളുകളിലും ട്യൂഷൻ ഫീസിന്റെയും അഡ‌്മിഷൻ ഫീസിന്റെയും കാര്യത്തിൽ ഒരു നിയന്ത്രണവുമില്ല. 
ഇത്തരം അൺഎയ‌്ഡഡ‌് സ‌്കൂളുകളിലെ കൊള്ളയുടെ ചുവടുപിടിച്ചാണ‌് ചില എയ‌്ഡഡ‌് സ‌്കൂളുകളും പ്രവേശനത്തിന‌് വൻ തുക ഈടാക്കുന്നത‌്. ഇരുപതിനായിരം മുതൽ മുകളിലോട്ടാണ‌് പേരെടുത്ത എയ‌്ഡഡ‌് സ‌്കൂളുകളുടെ അഡ‌്മിഷൻ ഫീസ‌്. പ്രവേശനത്തിന‌് യോഗ്യരായവരെ കണ്ടെത്താൻ പരീക്ഷ നടത്തിയശേഷമാണ‌് ഫീസ‌് പറഞ്ഞുറപ്പിക്കുന്നത‌്. സ‌്കൂൾ വികസനഫണ്ടെന്ന പേരിലാണ‌് മിക്കയിടത്തും അനധികൃത പണപ്പിരിവ‌്. കണ്ണൂർ, തലശേരി, പയ്യന്നൂർ തുടങ്ങിയ നഗരങ്ങളിലെ സ‌്കൂളുകളിലാണ‌് ഇത‌് നേരത്തെ ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ മറ്റിടങ്ങളിലെയും വിജയശതമാനം കൂടിയ സ‌്കൂളുകൾ ഈ വഴിയിലേക്ക‌് തിരിഞ്ഞിട്ടുണ്ട‌്. 
മികച്ച പഠനസൗകര്യങ്ങളുടെയും പഠനമികവിന്റെയും പേരിലാണ‌് എയ‌്ഡഡ‌് സ‌്കൂളുകളുടെ അനധികൃത പണപ്പിരിവ‌്. ചില എയ‌്ഡഡ‌് സ‌്കൂളുകൾ ഒരു പടി കൂടി കടന്ന‌് ഫീസുകളും ഈടാക്കുന്നതായി പരാതിയുണ്ട‌്. വാട്ടർ ചാർജ‌്, ഇലക്ട്രിസിറ്റി ചാർജ‌്,  ചോദ്യപേപ്പർ ഫീ തുടങ്ങി ഇനം തിരിച്ച‌് റസീറ്റ‌് നൽകുന്ന സ‌്കൂളുമുണ്ട‌്. പ്ലസ‌്ടു വരെയുള്ള ചോദ്യപേപ്പർ അടക്കം സർക്കാർ സൗജന്യമായി നൽകുമ്പോഴാണ‌് സ‌്കൂൾ മാനേജ‌്മെന്റിന്റെ ഈ തട്ടിപ്പ‌്. സ‌്കൂളിനൊപ്പം നടത്തുന്ന പ്ലേ സ‌്കൂൾ, എൽകെജി, യുകെജി എന്നിവിടങ്ങളിലും പതിനായിരം മുതൽ ഇരുപതിനായിരംവരെയാണ‌് അഡ‌്മിഷൻ ഫീസ‌്. പ്രതിമാസ ട്യൂഷൻ ഫീസ‌് വേറെയും നൽകണം.  
പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങളെല്ലാം മികച്ച നിലവാരത്തിലേക്കുയരുകയാണ‌്. അന്താരാഷ്ട്ര നിലവാരത്തിലേക്കുയരുന്ന സർക്കാർ സ‌്കൂളുകളും നിരവധി. പിടിഎ ഫണ്ടൊഴികെ മറ്റൊന്നും പൊതുവിദ്യാലയങ്ങളിൽ ഈടാക്കരുതെന്നാണ‌് നിയമം. സർക്കാർ സ‌്കൂളുകളിലും ഭൂരിഭാഗം എയ‌്ഡഡ‌് സ‌്കൂളുകളിലും ഇത‌് പാലിക്കുന്നുണ്ട‌്. വിജയശതമാനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും ഇത്തരം പൊതുവിദ്യാലയങ്ങൾ മികവുകാട്ടുന്നുവെന്നതും യാഥാർഥ്യം. എന്നാൽ ഇതൊന്നും കാണാതെ പകിട്ടുതേടി പോകുന്നവരാണ‌് സ‌്കൂൾ മാനേജ‌്മെന്റിന്റെ പണക്കൊതിയിൽ വീഴുന്നത‌്. അധ്യാപകനിയമനത്തിന‌് ലക്ഷങ്ങൾ വാങ്ങുന്ന മാനേജ‌്മെന്റുകളാണ‌് ഒരുമടിയുമില്ലാതെ ഇത്തരത്തിൽ കുട്ടികളെയും പിഴിയുന്നത‌്. കെട്ടിടനിർമാണമടക്കമുള്ള കാര്യങ്ങളാണ‌് ഇവർ രക്ഷിതാക്കൾക്കുമുന്നിൽ അവതരിപ്പിക്കുന്നത‌്.

 

പ്രധാന വാർത്തകൾ
 Top